'എന്ത് ചോദിച്ചാലും മറുപടി പറയുമോയെന്ന് ആദ്യം തന്നെ അവതാരക ചോദിച്ചിരുന്നു, പക്ഷെ ഈ ചോദ്യം പ്രതീക്ഷിച്ചില്ല'
അടുത്തിടെയായി ഓൺലൈൻ മീഡിയക്കാർ നടത്തുന്ന അഭിമുഖങ്ങളിലെ നിലവാരമില്ലാത്ത ചോദ്യങ്ങൾക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്. സിനിമാ പ്രമോഷനായി താരങ്ങൾ എത്തുമ്പോൾ പലരും അവരുടെ സ്വകാര്യതയെ മാനിക്കാതെയും നിലാവരമില്ലാത്തതും പ്രിപ്പേഡ് അല്ലാത്തതുമായ ചോദ്യങ്ങളാണ് കൂടുതൽ ചോദിക്കാറുള്ളത്. ഇത് ചൂണ്ടികാണിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി ഓൺലൈൻ മീഡിയകൾ വിമർശിക്കപ്പെടാറുമുണ്ട്.
യുട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രം തുടങ്ങിയവ സജീവമായശേഷം സിനിമാക്കാർ പ്രമോഷനായി ഏറ്റവും കൂടുതൽ അഭിമുഖങ്ങൾ നൽകുന്നത് ഓൺലൈൻ മാധ്യമങ്ങൾക്കാണ്. അതിനാൽ തന്നെ മുമ്പുണ്ടായിരുന്നതുപോലുള്ള നിലവാരമുള്ള ചോദ്യങ്ങളും അഭിമുഖങ്ങളും കാണാൻ സാധിക്കുന്നില്ലെന്ന പരാതിയും ജനങ്ങൾക്കുണ്ട്. കഴിഞ്ഞ ദിവസം മുതൽ വലിയ രീതിയിൽ വൈറലാകുന്ന ഒരു വീഡിയോ ക്ലിപ്പുണ്ട്.

ഒരു ഓൺലൈൻ മീഡിയയുടെ അവതാരക നടി ഹന്ന റെജി കോശിയെ അഭിമുഖം ചെയ്യുന്നതാണത്. ഡിഎൻഎ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ഹന്നയ്ക്കൊപ്പം യുവനടൻ അഷ്കർ സൗദാനും ഉണ്ടായിരുന്നു. വളരെ മോശവും ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചോദിക്കാൻ പാടില്ലാത്ത തരത്തിലുള്ള ചോദ്യങ്ങളുമാണ് ഹന്നയോട് ശാലുവെന്ന അവതാരക ചോദിച്ചത്. സിനിമയില്‍ അവസരം കിട്ടുന്നത് കിടന്ന് കൊടുത്തിട്ടാണോ എന്നായിരുന്നു അവതാരക ചോദിച്ചത്.
ആദ്യമൊന്നും ഹന്ന പ്രതികരിച്ചില്ല. എന്നാൽ അവതാരക വീണ്ടും വീണ്ടും ചോദ്യം ആവർത്തിച്ചതോടെ പൊട്ടിത്തെറിച്ച ഹന്ന പിന്നീട് അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോവുകയാണ് ചെയ്തത്. അഷ്കറും അവതാരകയോട് പൊട്ടിത്തെറിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹന്നയും അഷ്കറും.
എന്ത് ചോദിച്ചാലും മറുപടി പറയാമോയെന്ന് അഭിമുഖത്തിന് മുമ്പെ അവതാരക ചോദിച്ചിരുന്നു. പക്ഷെ ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചില്ല. ആ ചോദ്യം ഉചിതമായിരുന്നില്ല. റീച്ച് കിട്ടാൻ വേണ്ടിയായിരിക്കും അവർ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. ചോദ്യം ചോദിച്ച രീതി വേദനിപ്പിച്ചു. ആദ്യം പ്രതികരിക്കുന്നില്ലെന്ന് കരുതി. പക്ഷെ എന്റെ നിലപാട് എനിക്ക് വ്യക്തമാക്കണമായിരുന്നു.
ആരെങ്കിലും അപര്യാദയായി പെരുമാറുകയാണെങ്കിൽ അതിനോടുള്ള എന്റെ പ്രതികരണം എനിക്ക് പറയണമല്ലോ. എന്തിനാണ് അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്..? അതൊരു തെറ്റായ ചോദ്യമല്ലേ..?. അങ്ങനെയൊരു വ്യക്തിയല്ല ഞാൻ എന്നൊരു കാര്യം എനിക്ക് അവിടെ പറയണമായിരുന്നു. കൂടുതൽ പറഞ്ഞ് കുളമാക്കുന്നതിനെക്കാൾ ഇറങ്ങിപ്പോകുന്നതായിരിക്കും ഉചിതമെന്ന് കരുതി എന്നാണ് ഹന്ന പ്രതികരിച്ച് പറഞ്ഞത്.

ശേഷം അഷ്കറാണ് അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ഒരാളോടും ചോദിക്കാൻ പാടില്ലാത്ത ചോദ്യമാണ് ആ അവതാരക ഹന്നയോട് ചോദിച്ചത്. ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അങ്ങനെ ഒരു ചോദ്യം കേട്ടപ്പോൾ പ്രതികരിക്കാതെ തരമില്ലായിരുന്നു. ഞങ്ങൾ പ്രതികരിച്ച് ഇറങ്ങി പോന്നു. ഒരു പെണ്ണിനോട് മറ്റൊരു പെണ്ണ് ചോദിക്കാൻ പാടില്ലാത്ത ചോദ്യം. എല്ലാ മേഖലയിലും നല്ലതും ചീത്തയുമുണ്ട്.
ടാലന്റും വ്യക്തിത്വവും കൊണ്ടാണ് ഹന്ന ഈ മേഖലയിൽ നിൽക്കുന്നത് മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലും നിറഞ്ഞ് നിൽക്കുന്ന ഒരുപാട് പേരുണ്ട്. ആരും ഇവർ പറഞ്ഞതുപോലെയല്ലല്ലോ വരുന്നത്. ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് ഞങ്ങളെ വളരെയധികം വേദനിപ്പിച്ചു. അവർക്ക് റീച്ച് കിട്ടാൻ വേണ്ടി ചോദിച്ചതാകാം. അതിനെപ്പറ്റി കൂടുതൽ പറയാൻ എനിക്ക് താല്പര്യമില്ലെന്നായിരുന്നു അഷ്കറിന്റെ പ്രതികരണം.
പൃഥ്വിരാജ് ചിത്രം ഡാർവിന്റെ പരിണാമത്തിലൂടെയാണ് ഹന്ന സിനിമയിലെത്തുന്നത്. അതിനുശേഷം രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമാവുകയായിരുന്നു. രക്ഷാധികാരി ബൈജു ഒപ്പ്, കൂമൻ എന്നീ ചിത്രങ്ങളിലെ ഹന്നയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications