'ഓണം ബംമ്പർ അടിച്ചാൽ പോലും ഇത്രയും സന്തോഷം അവനുണ്ടാകില്ല'; ആരാധകന്റെ രസകരമായ വീഡിയോയുമായി ഹണി റോസ്!
18 വർഷത്തെ സിനിമാ പരിചയം ഹണി റോസിനുണ്ട്. അടുത്തിടെയായി തെലുങ്കിൽ നിന്ന് വരെ ഹണിയെ തേടി അവസരങ്ങൾ വരുന്നുണ്ട്. കൈ നിറയെ സിനിമകളും ഉദ്ഘാടനങ്ങളും എല്ലാമായി ഹണി റോസ് എപ്പോഴും തിരക്കിലാണ്. പൊതുവെ ട്രോളുകൾ ദഹിക്കാത്തവരാണ് സെലിബ്രിറ്റികൾ. ചുരുക്കം ചില ആളുകൾ മാത്രമെ ട്രോൾ, മീം എന്നിവ എഞ്ചോയ് ചെയ്യാറുള്ളൂ. അത്തരത്തിൽ ട്രോളുകളും മീമുകളും ആസ്വദിക്കുന്ന ഒരു നടിയാണ് ഹണി റോസ്.
മലയാളത്തിൽ മുൻനിര നടിയായി ഉയർന്ന് നിൽക്കുമ്പോൾ നർമ്മം നിറഞ്ഞ ട്രോളുകൾ കണ്ട് ഇഷ്ടപ്പെട്ടാൽ ഹണി അത് സ്വന്തം സോഷ്യൽമീഡിയ പേജുവഴി മനോഹരമായ ക്യാപ്ഷനോടെ പങ്കുവെക്കും. ഉദ്ഘാടനം സ്റ്റാർ എന്ന് പരിഹസിച്ചുള്ള ട്രോളുകൾ വന്നപ്പോഴും ഹണി അത് സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. ക്രൗഡ് പുള്ളറായ മലയാളത്തിലെ യുവനടിമാരിൽ ഒരാൾ കൂടിയാണ് ഹണി.

പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ തന്നെ കാണാൻ എത്തുന്നവരെ ഹണി നിരാശപ്പെടുത്തി വിടാറില്ല. ഒപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ആരാധകരുടെ സമ്മാനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുകയുമെല്ലാം ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള ഒരു ആരാധകന്റെ രസകരമായ വീഡിയോ ഹണി തന്നെ ഇപ്പോൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.
ഹണി റോസിനെഒരുനോക്ക് കാണാൻ അവസരം തേടിയെത്തിയത് വലിയൊരു ആരാധകവൃന്ദമായിരുന്നു. അവർക്കിടയിലേക്ക് മുഖത്ത് നിറയുന്ന പുഞ്ചിരിയുമായി ഹണി നടന്നെത്തി. മുന്നിലെ വേദിയിൽ അവർക്കായി പാട്ടിനൊപ്പം നൃത്തവും ചെയ്തു. ഹണി റോസിന്റെ ഏറ്റവും പുതിയ ഉദ്‌ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാണ്.
ചുറ്റും കൂടി തന്നോട് ഷേക്ക് ഹാന്റ് ചോദിച്ചവർക്കെല്ലാം ഹണി മടി കൂടാതെ അത് നൽകി. ഹണി കൈ തന്ന് തിരിഞ്ഞപ്പോൾ പ്രിയ താരത്തെ കണ്ടതിന്റെ സന്തോഷത്തിൽ ഒരു യുവ ആരാധകൻ പൊട്ടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഓഹ്... ആ ചിരി... എന്ന തലക്കെട്ട് നൽകിയാണ് ഹണി ആരാധകന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
രസകരമായ ഒട്ടനവധി കമന്റുകളാണ് വീഡിയോയ്ക്ക് ഹണി റോസ് ആരാധകർ കുറിച്ചിരിക്കുന്നത്. ഓണം ബമ്പർ അടിച്ചാൽ പോലും ഇവന് ഇത്രയും സന്തോഷം കാണില്ല, ചെക്കൻ നിന്ന നിൽപ്പിൽ വടിയായി എന്ന കേട്ടെ, അവൻ പിന്നെ ആ കൈ കഴുകിയിട്ടില്ല എന്നാ കേട്ടത് എന്നൊക്കെയാണ് ആരാധകർ വീഡിയോയ്ക്ക് നൽകിയ കമന്റുകൾ.

പതിവുപോലെ ഇത്തവണയും അതീവ സുന്ദരിയായാണ് ഉദ്ഘാടന ചടങ്ങിൽ ഹണി റോസ് പങ്കെടുത്തത്. മാളൂട്ടി ഹെയർസ്റ്റൈലും ജമ്പ്സ്യൂട്ടുമായിരുന്നു ഹണി റോസിന്റെ വേഷം. ഇതുവരെ ഇങ്ങനെയൊരു ഹെയർസ്റ്റൈലിൽ ഹണി റോസ് ഉദ്‌ഘാടന വേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഓരോ പരിപാടിക്കും വ്യത്യസ്ത ലുക്ക് പരീക്ഷിക്കുകയാണ് ഹണിയുടെ രീതി. കുറ്റ്യാടിയിലൊരിടത്ത് നടന്ന പരിപാടിയാണ് എന്നാണ് ഹണി ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ പങ്കിട്ട ചിത്രങ്ങളിൽ നിന്നും വീഡിയോസിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.


Click it and Unblock the Notifications