മഞ്ജു വാര്യരെ പോലെയുണ്ടെന്ന് പറഞ്ഞാണ് എനിക്ക് ഓഫര്‍ വന്നത്! 30 വര്‍ഷത്തോളമായിട്ടുള്ള അഭിനയത്തെ പറ്റി ഇന്ദുലേഖ
ബാലതാരമായി സിനിമയിലും പിന്നീട് നായികയായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള നടിയാണ് ഇന്ദുലേഖ. സിനിമകള്‍ക്ക് പുറമേ നിരവധി സീരിയലുകൡും നടി അഭിനയിച്ചിട്ടുണ്ട്. തന്റെ കരിയര്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷമായെന്ന് പറയുകയാണ് നടിയിപ്പോള്‍. മാത്രമല്ല സിനിമയിലേക്ക് വന്നതിനെ കുറിച്ചും സീരിയലുകളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഇന്ദുലേഖ.
ഷെഫ് പിള്ളയുടെ കൂടെ അദ്ദേഹത്തിന്റെ കുക്കറി ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി ഇന്ദുലേഖ. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ സിനിമ-സീരിയല്‍ ജീവിതത്തെ കുറിച്ചും മുപ്പത് വര്‍ഷത്തിനിപ്പുറം ഇപ്പോഴും സജീവമായി നിലനിലക്കുന്നതിനെ പറ്റിയും സംസാരിക്കുകയാണ് നടി.

'എന്റെ ശരിക്കുള്ള സ്ഥലം എറണാകുളം ആണ്. പക്ഷെ ഞാന്‍ ഇപ്പോള്‍ സെറ്റിലായിരിക്കുന്നത് ഭര്‍ത്താവിന്റെ നാടായ തിരുവനന്തപുരത്താണ്. വലുതായതിന് ശേഷം ഞാന്‍ അഭിനയിച്ച ആദ്യ സിനിമ വിനയന്‍ സാറിന്റെ ആകാശഗംഗ ആയിരുന്നു. എന്റെ ഒരു ഫോട്ടോ ഒരു മാഗസിനില്‍ കവര്‍ പേജായി വന്നിരുന്നു. അത് കണ്ടിട്ട് മഞ്ജു വാര്യരുടെ മുഖ സാദൃശ്യം ഉണ്ടെന്ന് പറഞ്ഞിട്ടാണ് എന്നെ അന്വേഷിച്ച് ആ ഓഫര്‍ വന്നത്.
പലരും ഞാനും മഞ്ജു ചേച്ചിയുമായിട്ടുള്ള സാദൃശ്യത്തെ പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്. മഞ്ജു ചേച്ചിയും ഞാനും പണ്ട് എറണാകുളത്ത് ഒരേ സാറിന്റെ കീഴില്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്.
ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് അഭിനയിക്കാന്‍ വന്ന താനിപ്പോള്‍ 30 വര്‍ഷത്തോളം ആയി അഭിനയത്തില്‍ നില്‍ക്കുന്നു. ഇതിനൊപ്പം തന്നെ ആണ് പഠിത്തവും ജോലിയും ഒക്കെ കൊണ്ടുപോയത്. അഭിനയത്തില്‍ മാത്രം ശ്രദ്ധ കൊടുത്തിട്ടില്ലെങ്കിലും എല്ലാം അങ്ങനെ നടന്ന് പോവുകയായിരുന്നു.
മാത്രമല്ല ഈ കാലയളവില്‍ സിനിമയും സീരിയലും ഒരുപോലെ കൊണ്ടുപോയിരുന്നു. രണ്ട് തരത്തിലുള്ള സംതൃപ്തിയാണ് ഇത് തരാറുള്ളത്. സീരിയലില്‍ അഭിനയിക്കുമ്പോള്‍ ദിവസവും ആളുകളത്കാണും.
ഡെയിലി പോയി വരാനും വീടുമായി കൂടുതല്‍ അറ്റാച്ഡ് ആയിട്ടിരിക്കാനും സാധിക്കും. സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ട് ആളുകള്‍ നമ്മളെ കാണുമ്പോള്‍ ഓടി വരികയും സംസാരിക്കുകയും സ്‌നേഹപ്രകടനങ്ങളൊക്കെ കാണിക്കുകയും ചെയ്യും.

എന്നാല്‍ ബിഗ് സ്‌ക്രീനില്‍ നമ്മളെ കാണുമ്പോള്‍ കിട്ടുന്നൊരു സംതൃപ്തി അത് വേറെയാണ്. സിനിമ ആവുമ്പോള്‍ കുറച്ച് ദൂരേയ്ക്ക് ഒക്കെ പോകേണ്ടി വരും. ഒത്തിരി ദിവസങ്ങളൊക്കെ വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടിയൊക്കെ വരും. പഴയ സിനിമയൊക്കെ കണ്ടതിന് ശേഷം ആളുകള്‍ അഭിപ്രായം പറയാറുണ്ട്. രണ്ടും രണ്ട് തരത്തിലുള്ള സന്തോഷം തരുന്നതാണെന്നാണ് ഇന്ദുലേഖ പറയുന്നത്.
ചെറിയ പ്രായത്തില്‍ പ്രണയിച്ച് വിവാഹിതയായ ആളാണ് ഇന്ദുലേഖ. ഇരുപതാമത്തെ വയസ്സില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് നടി പ്രണയിച്ച ആളുടെ കൂടെ പോകുന്നത്. അന്തരിച്ച സംവിധായകനായിരുന്ന ശങ്കര്‍ കൃഷ്ണ ആയിരുന്നു ഇന്ദുലേഖയുടെ ഭര്‍ത്താവ്. സന്തുഷ്ടമായ ജീവിതമായിരുന്നെങ്കിലും വളരെ പെട്ടെന്ന് നടിയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു.
ഭര്‍ത്താവിന്റെ മദ്യപാനവും അതിലൂടെ വന്ന അസുഖത്തെ കുറിച്ചുമൊക്കെ നടി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ഭര്‍ത്താവിന്റെ വേര്‍പാടുണ്ടായി പതിനഞ്ച് ദിവസം കഴിഞ്ഞതും അഭിനയത്തിലേക്ക് തിരികെ വന്നതിന്റെ പേരില്‍ ഇന്ദുലേഖ വിമര്‍ശിക്കപ്പെട്ടിരുന്നു. മകളെ വളര്‍ത്താന്‍ വേണ്ടിയാണ് താന്‍ തിരികെ വന്നതെന്നാണ് ഇതിനുള്ള മറുപടിയായി നടി പറഞ്ഞത്.


Click it and Unblock the Notifications