'കാത് കുത്താനും ടാറ്റു ചെയ്യാനും അപ്പന് മോഹം....'; ഓരോ ആഗ്രഹമായി സാധിച്ച് കൊടുത്ത് നടി ജുവൽ മേരി!
തന്റെ അപ്പന് രണ്ട് ആഗ്രഹങ്ങളാണ് ഉള്ളതെന്നും അതിൽ ഒന്ന് താൻ ഇപ്പോൾ സാധിച്ച് കൊടുത്തുവെന്നുമാണ് ജുവൽ മേരി കുറിപ്പിൽ പറയുന്നത്
നടിയായും അവതാരികയായുമെല്ലാം പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ് ജുവൽ മേരി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ ഗോവിന്ദ് പദ്മസൂര്യയ്ക്ക് ഒപ്പം അവതാരകയായി തന്റെ കരിയർ ആരംഭിച്ച താരമാണ് ജുവൽ മേരി.
ഡിഫോർ ഡാൻസിലെ അവതരണത്തിലൂടെ ജുവൽ വളരെ പെട്ടന്ന് ആരാധകരെ സമ്പാദിച്ചു. ജുവലിനെ പിന്നീട് മലയാളികൾ കാണുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ്.
ഉട്ടോപ്യയിലെ രാജാവ് എന്ന കമൽ സംവിധാനം ചെയ്ത ചിത്രത്തിലാണ് ജുവൽ മേരി ആദ്യമായി നായികയായി അഭിനയിച്ചത്. സിനിമ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പക്ഷെ പലരും ആഗ്രഹിച്ചിട്ടും നടക്കാതെ പോയ മോഹമാണ് നടൻ മമ്മൂട്ടിക്കൊപ്പം ചുരുങ്ങിയ സമയമെങ്കിലും സ്ക്രീനിൽ പ്രത്യക്ഷപ്പെടുക എന്നത്.
കരിയർ തുടങ്ങി വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ജുവലിന് അത് സാധിച്ചു. അതിന് ശേഷം മമ്മൂട്ടിയുടെ തന്നെ പത്തേമാരിലും ജുവൽ നായികയായി അഭിനയിച്ചു.

ഒരേ മുഖം, തൃശ്ശിവപേരൂർ ക്ലിപ്തം, ഞാൻ മേരിക്കുട്ടി, പാപ്പൻ തുടങ്ങിയ മലയാള സിനിമകളിലും അണ്ണാദുരൈ, മാമാനിതൻ തുടങ്ങിയ തമിഴ് സിനിമകളിലും ജുവൽ അഭിനയിച്ചിട്ടുണ്ട്. 2015ൽ ടെലിവിഷൻ നിർമ്മാതാവായ ജെൻസൺ സക്കറിയയുമായി വിവാഹിതയായ ജുവൽ വിവാഹശേഷവും അഭിനയ ജീവിതം തുടരുകയാണ്.
സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. സ്വന്തം പിതാവിന്റെ കാത് കുത്തണമെന്ന വളരെ നാളുകളായുള്ള മോഹം സാധിച്ചുകൊടുത്തതിന്റെ സന്തോഷമാണ് ജുവൽ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.

തന്റെ അപ്പന് രണ്ട് ആഗ്രഹങ്ങളാണ് ഉള്ളതെന്നും അതിൽ ഒന്ന് താൻ ഇപ്പോൾ സാധിച്ച് കൊടുത്തുവെന്നുമാണ് ജുവൽ മേരി കുറിപ്പിൽ പറയുന്നത്. 'കുറെ നാള് മുമ്പ് അപ്പൻ എന്നോട് പറഞ്ഞു.... എനിക്ക് 2 ആഗ്രഹങ്ങളുണ്ട്.'
'ഒന്ന് ഒരു ടാറ്റൂ അടിക്കണം, രണ്ടാമതായി ഒരു കാത് കുത്തണം... മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടിക്ക് മേലെ.... ഒരിക്കൽ പറഞ്ഞിട്ട് പിന്നെ മിണ്ടിയിട്ട് ഇല്ല. പക്ഷെ ഞാൻ മറന്നില്ല... കിട്ടിയ ചാൻസിന് ഓരോന്ന് വീതം സാധിച്ച് കൊടുത്തു.'

'നമ്മുടെ മാതാപിതാക്കൾ നമ്മുടെ മക്കളാകുമ്പോൾ... കുട്ടികളായിരുന്നപ്പോൾ അവർ നമ്മളോട് പെരുമാറിയതുപോലെ അവരോട് പെരുമാറൂ' എന്നും ജുവൽ മേരി പോസ്റ്റിലൂടെ പറഞ്ഞു. മിനിറ്റുകൾക്കുള്ളിൽ ജുവലിന്റെ വീഡിയോ വൈറലായി.
കാത് കുത്താനുള്ള ആഗ്രഹം സാധിച്ച് കൊടുത്തത് പോലെ ഇനി ഒരു ടാറ്റു കൂടി അടിച്ച് കൊടുക്കുവെന്നാണ് ദീപ്തി വിധു പ്രതാപ് അടക്കമുള്ള സെലിബ്രിറ്റികൾ ജുവലിന്റെ വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. അപ്പന്റെ ആഗ്രഹങ്ങൾ ഓർത്തിരുന്ന് സാധിച്ച് കൊടുത്ത ജുവലിനേയും ആരാധകരടക്കം അഭിനന്ദിച്ചു.

അടുത്തിടെയായിരുന്നു ജുവലിന്റെ സഹോദരന്റെ വിവാഹം നടന്നത്. വിവാഹത്തിന് ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്ന നടിയുടെ വീഡിയോ സമീപകാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ധാരാളം അവാർഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലും ഹോസ്റ്റായി ജുവൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇത് കൂടാതെ ടെലിവിഷൻ ഷോകളിലും ജുവൽ അവതാരകയായി സജീവമായി നിൽക്കാറുണ്ട്. ടോപ് സിംഗർ സീസൺ 2, സ്റ്റാർ സിംഗർ സീസൺ 8, കോമഡി കൊണ്ടാട്ടം തുടങ്ങിയ പ്രോഗ്രാമുകളിൽ അവതാരകയായ ജുവൽ.

ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ ജൂനിയറിലെ അവതാരകയായും തിളങ്ങിയിരുന്നു. ആസിഫ് അലി, സൈജു കുറിപ്പ് തുടങ്ങിയവർ അഭിനയിക്കുന്ന രഞ്ജിത്ത് സിനിമയാണ് ഏറ്റവും ഒടുവിലായി ജുവൽ അഭിനയിച്ച സിനിമ.
'പടം ഉടനെ തീയേറ്ററുകളിലേക്ക് എത്തും. അവസാന ഷെഡ്യൂൾ ഞങ്ങൾ പൂർത്തിയാക്കി. നിങ്ങളുടെ പ്രാർത്ഥനയും... പിന്തുണയും എന്റെ ഒപ്പം ഉണ്ടാകണം' എന്നും ജുവല്‍ അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


Click it and Unblock the Notifications