'അവള് പോക്കാ... അവൾക്ക് ഇത് തന്നെയാണ് പണിയെന്നാണ് അവർ കരുതുന്നത്, പ്രായമുള്ള മനുഷ്യനാണ് ആ ചോദ്യം ചോദിച്ചത്'
വിവാഹമോചനത്തിലൂടെ കടന്നുപോകേണ്ടി വന്ന ദിവസങ്ങളെ കുറിച്ചും കാൻസറും വില്ലനായെത്തിയതിന്റെ അനുഭവങ്ങളും അടുത്തിടെ ജുവൽ മേരി പങ്കുവെച്ചിരുന്നു. ആറ് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷമായിരുന്നു ജുവലിന്റെ വിവാഹമോചനം. ഫൈറ്റ് ചെയ്ത് നേടിയതാണ് ഡിവോഴ്സ് എന്നാണ് നടി പറയാറുള്ളത്. കഴിഞ്ഞ വർഷമാണ് നടിക്ക് വിവാഹമോചനം ലഭിച്ചത്. പ്രണയിച്ച് വിവാഹിതയായതായിരുന്നു.
സിനിമാ-െടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തി തന്നെയാണ് ജുവലിനെ താലികെട്ടിയത്. പക്ഷെ പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യം സാധ്യമാകാതെ വന്നപ്പോൾ വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ വിവാഹമോചനത്തിന് വേണ്ടി കോടതി കയറിയിറങ്ങിയ കാലങ്ങളിൽ നേരിടേണ്ട വന്ന മോശം അനുഭവം മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തി.

ചില കൗൺസിലർമാരും വക്കീലന്മാരും പോലും പ്രായം പോലും നോക്കാതെ അവസരം മുതലെടുത്ത് അശ്ലീലം കലർന്ന ചോദ്യങ്ങൾ ചോദിക്കുമന്ന് നടി പറയുന്നു. താൻ ഒരു അറിയപ്പെടുന്ന വ്യക്തിയായിട്ട് പോലും അത്തരം സമീപനം ഒരാളിൽ നിന്നും തനിക്ക് ഉണ്ടായിയെന്നും ജുവൽ പറയുന്നു. കൗൺസിലറോ വക്കീലോ ആരുമായാലും സ്ത്രീകൾ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ ചെല്ലുമ്പോൾ പലതരത്തിലുള്ള ചോദ്യങ്ങൾ കേൾക്കേണ്ടി വരും.
എന്തും അവർ ചോദിക്കാം. കല്യാണം എന്നതിനുള്ളിൽ വരുന്ന ഒന്നാണ് ലൈംഗീകത. അത് ഒരാളുടെ വളരെ പേഴ്സണലായ കാര്യമാണ്. ഒരാൾക്ക് ലൈംഗീക രോഗമുണ്ടെന്നതോ, ലൈംഗീക വൈകൃതമുണ്ടെന്നതോ, ഉദ്ധാരണക്കുറവ് ഉണ്ടെന്നതോ തോന്നിയാൽ അത് നമുക്ക് അവർ ചോദിക്കുമ്പോൾ പറയാം.
പക്ഷെ അതിനെ എല്ലാം മറികടന്ന് എത്ര സമയത്ത് ചെയ്തു, എവിടെ തൊട്ടപ്പോൾ വേദന എടുത്തു എന്നൊക്കെ തുടങ്ങിയുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ആളുകളുണ്ട്. ഇതിന്റെ വേറൊരു വേർഷനിലുള്ള ചോദ്യങ്ങൾ ഞാൻ ഡിവോഴ്സിന് അപേക്ഷിച്ച സമയത്ത് എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷെ അതൊന്നും ഞാൻ ഇവിടെ പറയുന്നില്ല. കല്യാണം എന്നതിന്റെ ആഖ്യാനം തന്നെ ഫോർഎവർ കോൺട്രാക്ട് എന്ന രീതിയിലാണ്.
എന്നാൽ കല്യാണത്തിന് മുമ്പ് ഒരു പ്രോപ്പർ എജ്യുക്കേഷൻ എവിടേയും കിട്ടുന്നില്ല. ആകെ പാടെ ചില മതസ്ഥാപനങ്ങൾ കൊടുക്കുന്ന ഗ്രൂമിങ്ങാണ് മിക്കവർക്കും കിട്ടുക. അതിലും പിശകുകളുണ്ട്. അതുപോലെ ഡിവോഴ്സ് എന്നത് അതിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ട് പലർക്കും ഡിവോഴ്സിനെ എങ്ങനെ സമീപിക്കണമെന്ന് അറിയില്ല.

ഇതൊക്കെ കല്യാണം കഴിക്കാൻ പോകുന്ന എല്ലാവരും അറിഞ്ഞിരിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ബന്ധത്തിൽ നിന്നും രക്ഷപ്പെടേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യണമെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേണ്ടിയാണ് ഞാൻ ഇത് പറയുന്നത്. ഡിവോഴ്സിന് ചെല്ലുമ്പോൾ ഒറ്റയ്ക്കിരുന്ന് കൗൺസിലേഴ്സിനോട് അടക്കം ഓരോ കാര്യങ്ങൾ വിവരിക്കേണ്ട സാഹചര്യം വരും. അത് പലരും മിസ് യൂസ് ചെയ്യും.
എനിക്ക് അനുഭവമുണ്ട്. അത്തരമൊരു ചോദ്യം വന്നപ്പോൾ ഉടൻ തന്നെ എനിക്ക് മനസിലായി. അയാൾ ബൗണ്ടറി ക്രോസ് ചെയ്തുവെന്ന്. ഉടനെ ഞാൻ മേശയിൽ അടിച്ച് ആ ചോദ്യം എന്തിന് ചോദിക്കുന്നുവെന്ന് ചോദിച്ചതോടെ അയാൾ പതറി. പ്രായമുള്ള മനുഷ്യനായിരുന്നു. എന്നോട് ഇങ്ങനെ ചോദിച്ചയാൾ സാധാരണക്കാരായ സ്ത്രീകളോട് എന്തൊക്കെ ചോദിച്ചിട്ടുണ്ടാകും.
അതുപോലെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളെ കുറിച്ച് ഒരു പറ്റം ആളുകൾക്ക് ഒരു ധാരണയുണ്ട്.... നമ്മൾ എപ്പോഴും ഒന്നിലധികം ലൈംഗിക ബന്ധങ്ങളിലാണെന്നതാണത്. അത് അക്കൂട്ടരുടെ ഒരു ഫാന്റസിയാണ്. അതല്ല റിയാലിറ്റി. അവള് പോക്കാ... അവൾക്ക് ഇത് തന്നെയാണ് പണിയെന്നാണ് അവരുടെ ധാരണയെന്നും ജുവൽ മേരി പറയുന്നു. അവതാരകയായി തുടങ്ങിയാണ് സിനിമയിലേക്ക് ജുവൽ എത്തിയത്.


Click it and Unblock the Notifications











