താലി കെട്ടിയാൽ തലയിലാവുമെന്ന് വിനീത് പേടിച്ചു; വടക്കൻ വീരഗാഥയിലെ കുട്ടിക്കല്യാണത്തെക്കുറിച്ച് ജോമോൾ
മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ജോമോൾ. അഭിനയത്തിൽ നിന്ന് താരം മാറിനിന്നിട്ട് വർഷങ്ങൾ ആയെങ്കിലും ജോമോൾക്ക് ഇപ്പോഴും മലയാള സിനിമയിൽ ഒരു സ്ഥാനമുണ്ട്. എന്ന് സ്വന്തം ജാനകിക്കുട്ടി ഉൾപ്പെടെ ഒരുപിടി മികച്ച സിനിമകളിലെ കഥാപാത്രങ്ങളാണ് ഇതിന് കാരണമായത്.
ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചാണ് ജോമോൾ അഭിനയ രംഗത്ത് കടക്കുന്നത്. നടൻ വിനീത് ആയിരുന്നു ജോമോൾക്കൊപ്പം ഈ സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി.

കുട്ടികളായ ജോമോളും വിനീതും കല്യാണം കഴിക്കുന്ന ഒരു സീൻ സിനിമയിലുണ്ട്. അന്ന് തന്നെ ശരിക്കും കല്യാണമാണെന്നാണ് കുട്ടിയായ വിനീത് കരുതിയതെന്ന് ജോമോൾ പറയുന്നു. വിനീതിന് വളരെ പേടിയായിരുന്നു. കാരണം എങ്ങാനും താലി കെട്ടിയാൽ പിന്നെ എന്റെ തലയിലാവും എന്ന പേടിയായിരുന്നു. അടുത്തിടെയാണ് ഒരു ഷോയിൽ വെച്ച് കുറേക്കാലത്തിന് ശേഷം ഞങ്ങൾ സംസാരിച്ചത്. എനിക്ക് നിന്നെ ഭയങ്കര പേടി ആയിരുന്നു. നീ ടെറർ ആയിരുന്നു എന്ന് വിനീത് പറഞ്ഞത്.

എന്ന് സ്വന്തം ജാനകിക്കുട്ടി ചെയ്യുന്ന സമയത്തുണ്ടായ രസകരമായ സംഭവവും ജോമോൾ ഓർത്തെടുത്തു. ബാലതാരമായി അഭിനയിച്ചത് പോലെ ആയിരുന്നില്ല ആ സിനിമയുടെ സെറ്റിൽ ഞാൻ. ഹരിഹരൻ സാറെ കണ്ടാൽ സർ എന്ന് പറഞ്ഞ് മാറി നിൽക്കുമായിരുന്നു. സെറ്റുമായി എനിക്ക് പരിചയമാവാൻ വേണ്ടി ഹരിഹരൻ സാർ ഒരു വഴി കണ്ടു.
ആദ്യ ടേക്കിൽ ഞാൻ ഓക്കെയാൽ എനിക്ക് ചോക്ലേറ്റ് കിട്ടും. ഓക്കെ ആയില്ലെങ്കിൽ ഞാൻ തിരിച്ചു കൊടുക്കണം. പിന്നെ സീനിന്റെ ഡെപ്ത് അനുസരിച്ച് ചോക്ലേറ്റിന്റെ നമ്പർ കൂടും. വേറെ ആർക്കും അറിയില്ല, ഞങ്ങൾ തമ്മിലുള്ള സംസാരത്തിലായിരുന്നു അത് ധാരണയായത്.

നീ ഫ്രീ ആവണം എന്ന് സാർ പറഞ്ഞു. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും ഇഷ്ടമില്ലായ്മ വന്നാൽ എന്നോട് തുറന്ന് സംസാരിക്കാം എന്നും പറഞ്ഞു. അങ്ങനെ രണ്ട് മൂന്ന് ദിവസം പറഞ്ഞു. അപ്പോഴേക്കും ഞാൻ സാറുമായി വളരെ ഫ്രീ ആയി. ഒരു ഷോട്ടിന് ചോക്ലേറ്റ് കിട്ടാഞ്ഞപ്പോൾ ഞാൻ ചോദിച്ചു. ഷോട്ട് കഴിഞ്ഞിട്ട് എന്ന് പറഞ്ഞപ്പോൾ പറ്റില്ലെന്ന് ഞാൻ പറഞ്ഞു.
നമ്മൾ തമ്മിലുള്ള ധാരണ അങ്ങനെയല്ലേ ചോക്ലേറ്റ് വരട്ടെ. ചോക്ലേറ്റ് വന്നിട്ട് അഭിനയിക്കാം എന്ന് പറഞ്ഞു. അങ്ങനെ ചോക്ലേറ്റ് വന്നു. പക്ഷെ അത് പുറത്തേക്ക് വന്നത് ഞാൻ ചോക്ലേറ്റ് കിട്ടാതെ ലൊക്കേഷനിൽ പ്രശ്നമുണ്ടാക്കി എന്നാണെന്നും ജോമോൾ പറയുന്നു.

ജാനകിക്കുട്ടി എന്ന സിനിമയൊക്കെ എന്റെ ഭാഗ്യം എന്ന് പറയുന്നത് പോലെ സംഭവിച്ചതാണ്. അന്നത് അത്രയും തിരിച്ചറിയാൻ പറ്റിയില്ലെങ്കിലും. ഷൂട്ട് കഴിഞ്ഞപ്പോഴാണ് എന്തൊരു ഭാഗ്യമാണ് ലഭിച്ചിട്ടുള്ളത് എന്ന് ആലോചിച്ചത്. പഞ്ചാബി ഹൗസിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് നാഷണൽ സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചെന്ന കോൾ വരുന്നത്. അന്ന് അധികം മൊബൈൽ ഫോണില്ല.
അത്യാവശ്യത്തിന് വിളിക്കാൻ ഒരു ലാൻഡ് ഫോൺ ഉണ്ടാവും. ഷൂട്ടിംഗിനിടെ എനിക്ക് കോൾ വന്നു. കോളേജിൽ പോവാത്തത് കാരണം അവിടെ നിന്ന് പുറത്താക്കിയതായിരിക്കുമെന്ന് പറഞ്ഞ് ദിലീപേട്ടൻ കളിയാക്കി. എന്നാൽ ദേശീയ അവാർഡ് ലഭിച്ചെന്നായിരുന്നു ഫോൺ വിളിച്ച് പറഞ്ഞത്. പിന്നെ സെറ്റിലാകെ ആഘോഷമായെന്നും ജോമോൾ പറഞ്ഞു.


Click it and Unblock the Notifications











