ദേവിയായി മാത്രം വേഷങ്ങള്‍ കിട്ടിയതിന് കാരണമെന്താണ്? ഒടുവില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കെ ആര്‍ വിജയ
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒരുപോലെ തിളങ്ങി നിന്ന നടിയാണ് കെ ആര്‍ വിജയ. നായികയായി തുടങ്ങി പിന്നീട് അമ്മയായിട്ടും ഇപ്പോള്‍ മുത്തശ്ശിയായിട്ടുമൊക്കെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. തുടക്കകാലം മുതല്‍ സിനിമയില്‍ ദേവി വേഷങ്ങളാണ് വിജയ കൂടുതലായും ചെയ്തിട്ടുള്ളത്.
എന്തുകൊണ്ടാണ് ഇത്രയധികം ദേവീവേഷങ്ങള്‍ വിജയയെ തേടി എത്തിയതെന്ന് ചോദിച്ചാല്‍ തനിക്കും അതില്‍ വലിയ ധാരണയില്ലെന്നാണ് നടി പറയുന്നത്. അതെല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് തോന്നും. പിന്നെ സിനിമയും സീരിയലും തമ്മില്‍ കാര്യമായ വ്യത്യാസമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വിജയ വ്യക്തമാക്കുന്നു.

ദേവീ വേഷങ്ങള്‍ തനിക്ക് ആശിച്ച് കിട്ടിയതല്ല. എന്നിലേക്ക് തേടി വന്നതാണ്. അങ്ങനെ ഒരു ഭാഗ്യം കിട്ടി. അത്തരം സിനിമകളുടെ ചിത്രീകരണം കൂടുതലും അമ്പലങ്ങളിലായിരിക്കും. അമ്പലത്തില്‍ ചെലവഴിക്കാന്‍ കുറേ സമയം കിട്ടും. അതെനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നാണ് വിജയ പറയുന്നത്. തമിഴിലും തെലുങ്കിലുമൊക്കെ ഇങ്ങനെ തന്നെയായിരുന്നു.
ദേവി ഇമേജ് എനിക്കെങ്ങനെ കിട്ടിയെന്ന് അറിയില്ല. കിട്ടിയത് ഭാഗ്യമാണ്. ദൈവമായിട്ട് തനിക്ക് തന്നതാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. നമ്മള്‍ പ്ലാന്‍ ചെയ്തിട്ട് ഒന്നും കിട്ടാന്‍ പോകുന്നില്ല. ആള്‍ക്കാര്‍ അങ്ങനെ കാണുന്നു. കരിയറിന്റെ തുടക്കത്തില്‍ ഫാമിലി ക്യാരക്ടറുകളും ഗ്ലാമര്‍ റോളുകളും ധാരാളമായി ചെയ്തിട്ടുണ്ട്. പന്നെ അത് മാറി. ദൈവ കഥാപാത്രങ്ങള്‍ ചെയ്ത് തുടങ്ങി മുത്തശ്ശി വരെയായി.
താന്‍ താമസിക്കുന്നത് ചെന്നൈയിലാണ്. അതുകൊണ്ട് തമിഴ് സിനിമകളാണ് ഏറ്റെടുക്കുന്നതില്‍ കൂടുതലും. തമിഴില്‍ ഇപ്പോള്‍ മൂന്നാല് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ നിന്ന് വിളി വരുന്നുണ്ട്. പക്ഷേ പത്തിരുപത് ദിവസം ഒരുമിച്ച് ഡേറ്റ് വേണമെന്ന് പറയുമ്പോള്‍ ചെയ്യാന്‍ പറ്റാതെ വരും. പരമാവധി ഒരാഴ്ച മാത്രമേ തുടര്‍ച്ചയായി എനിക്ക് വരാന്‍ പറ്റുകയുള്ളു. അല്ലാതെ ചെന്നൈയില്‍ നിന്നും വന്ന് പോകുന്നത് പ്രയാസമാണ്. ആരോഗ്യ പ്രശ്‌നങ്ങളും തന്നെ അലട്ടുന്നുണ്ടെന്ന് വിജയ വ്യക്തമാക്കുന്നു.

ഇതിന് മുന്‍പ് കാണാക്കണ്മണി എന്ന സീരിയല്‍ ചെയ്യാനായി കേരളത്തില്‍ വന്നിരുന്നു. കേരളത്തിലാണ് താന്‍ ജനിച്ചതെങ്കിലും വളര്‍ന്നത് തമിഴ്‌നാട്ടിലാണ്. അച്ഛന്‍ ആന്ധ്രാക്കാരന്‍ ആയത് കൊണ്ട് ഈ ഭാഷകളെല്ലാം താന്‍ സംസാരിക്കുമെന്നാണ് വിജയ പറയുന്നത്.
കെ ആര്‍ വിജയ സിനിമയിലെത്തിയിട്ട് ഏകദേശം അറുപത് വര്‍ഷത്തോളമായി. താന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്ത് തുടങ്ങി ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയണെന്നാണ് വിജയ പറയുന്നത്. ഇന്ന് സിനിമയും ടെക്‌നോളജിയും ആളുകളുമൊക്കെ ഒത്തിരി മാറി. ഇതെല്ലാം വലിയ അനുഭവങ്ങളാണ്. കഴിയുന്നത്രയും ഇനിയും സിനിമകള്‍ ചെയ്യണം.
അതേ സമയം സിനിമയും സീരിയലും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും തനിക്ക് തോന്നിയിട്ടില്ലെന്നാണ് വിജയ പറയുന്നത്. രണ്ടും അഭിനയം തന്നെയാണ്. എന്റെയൊക്കെ ചെറുപ്പക്കാലത്ത് സീരിയലിനൊന്നും പ്രചാരമില്ല. അന്ന് സിനിമ മാത്രമായിരുന്നു തമിഴിലും മലയാളത്തിലുമൊക്കെ ഓടി നടന്ന് ചെയ്തിരുന്നത്. പ്രായമായപ്പോഴാണ് സീരിയലില്‍ നിന്നും വിളി വരുന്നത്.
സീരിയലില്‍ അധിക ദിവസം ജോലി ചെയ്യണം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട് പോകും. സിനിമയില്‍ അതുണ്ടാകില്ല. അത് തന്നെയാണ് സിനിമയും സീരിയലും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നാണ് നടി പറയുന്നത്.


Click it and Unblock the Notifications











