ഏപ്രില്‍ ഒന്ന് ആണോ എന്ന് അറിയാന്‍ കലണ്ടര്‍ നോക്കിയേനെ; നാഷണ്‍ അവാര്‍ഡ് കിട്ടിയെന്ന് വിശ്വസിച്ചില്ല!
മലയാളികളെ സിനിമയിലൂടെ ഏറെ പൊട്ടിച്ചിരിപ്പിക്കുകയും അവസാന നാളുകളിലെ കഥാപാത്രങ്ങളിലൂടെ കണ്ണ് നനയിപ്പിക്കുകയും ചെയ്തിട്ടുള്ള നടിയാണ് കല്‍പന. ഒരുകാലത്തെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കല്‍പന. കല്‍പ്പന-ജഗതി ശ്രീകുമാര്‍ ജോഡികള്‍ ചെയ്ത കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ക്ക് മറക്കാന്‍ ആവാത്തവയാണ്. 35 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ 2013ലാണ് ആദ്യമായി ദേശീയ അംഗീകാരം കല്‍പനയെ തേടിയെത്തിയത്.
ബാബു തിരുവല്ല സംവിധാനം ചെയ്ത തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരമാണ് കല്‍പനയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് 2015ല്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിലൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചാര്‍ളി സിനിമയില്‍ ക്വീന്‍ മേരിയെന്ന കഥാപാത്രത്തെ കല്‍പന അവിസ്മരണീയമാക്കി. ഇപ്പോള്‍ തനിക്ക് നാഷണല്‍ അവാര്‍ഡ് ലഭിച്ച സംഭവത്തെക്കുറിച്ച് കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ കല്‍പന പറയുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

താന്‍ ഒരിക്കലും അങ്ങനെ ഒരു അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് കല്‍പന. 'നാഷണല്‍ അവാര്‍ഡ് ലഭിക്കുമെന്ന് ഞാന്‍ പോലും വിചാരിച്ചിട്ടില്ല. എനിക്ക് തന്നെ ആണോ അവാര്‍ഡ് കിട്ടിയതെന്ന് ഞാന്‍ ചോദിച്ചു. ഒരു ചാനലില്‍ നിന്നാണ് വിളിച്ച് അവാര്‍ഡ് കിട്ടിയെന്ന് പറയുന്നത്. ഉച്ചയ്ക്ക് മറ്റൊരു സിനിമയുടെ ഷൂട്ടിലിരിക്കുമ്പോള്‍ കണ്‍ഗ്രാജുലേഷന്‍സ് ഒക്കെ പറഞ്ഞ് അവര് വിളിക്കുകയാണ്. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വിളിച്ചയാള്‍ പറഞ്ഞു, സ്‌ക്രോള്‍ പോകുന്നത് കാണുന്നില്ലേ, ചേച്ചിക്കാണ് നാഷണല്‍ അവാര്‍ഡ് എന്ന്.
അയ്യോ എനിക്കായിരിക്കില്ല. നോക്കിയിട്ട് പറയാന്‍ പറഞ്ഞു. അപ്പോള്‍ വിളിച്ചയാള്‍ പറഞ്ഞു. ഇല്ല, ചേച്ചിക്ക് തന്നെ ആണ് അവാര്‍ഡ് എന്ന്. ആ സമയം ഞാന്‍ എന്റെ വീടായിരുന്നെങ്കില്‍ കലണ്ടര്‍ നോക്കിയേനെ ഏപ്രില്‍ ഒന്ന് ആണോ എന്ന് അറിയാന്‍. ഞാന്‍ വിശ്വസിച്ചേ ഇല്ല. പിന്നെ എന്റെ ഒരു കസിന്‍ മനോജ് മേനോന്‍ വിളിച്ചാണ് പറയുന്നത് സഹനടിക്കുള്ള നാഷണല്‍ അവാര്‍ഡ് ചേച്ചിക്കാണെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ വിശ്വസിച്ചത്,' കല്‍പന പറയുന്നു.
നാഷണല്‍ അവാര്‍ഡ് കിട്ടി എന്നതുകൊണ്ട് താന്‍ ഇന്നും നിലവിട്ട് നിന്നിട്ടില്ല. എന്നും എങ്ങനെയാണോ അത് പോലെ തന്നെയാണ്. പ്രസിഡന്റിന്റെ കയ്യില്‍ നിന്ന് വാങ്ങിച്ച നാഷണല്‍ അവാര്‍ഡ് ഇപ്പോഴും അവിടെ ഇരിക്കുകയാണ്. വീട്ടില്‍ ഫ്രെയിം ചെയ്ത് വെച്ചിട്ടു പോലുമില്ല. ഡല്‍ഹിയില്‍ നിന്ന് അതിന്റെ ഫോട്ടോകള്‍ അവര്‍ അയച്ച് തന്നിരുന്നു എന്നും കല്‍പന പറയുന്നു.
എപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്ന ആളാണ് ഞാന്‍. അമിതമായ മോഹങ്ങള്‍ ഒന്നും ഉള്ള ആളല്ല ഞാന്‍. ഒന്നും കണ്ട് ഭ്രമിക്കുന്ന ആളല്ല ഞാന്‍. ഈ സിനിമയിലേക്ക് ബാബു തിരുവല്ല വിളിക്കുമ്പോള്‍ എന്നോട് പറഞ്ഞ കഥാപാത്രത്തെ ഉര്‍വശിക്ക് കൊടുക്കാനാണ് ഞാന്‍ പറഞ്ഞത്. പക്ഷെ റസിയ ബീവി എന്ന കഥാപാത്രത്തെ ചെയ്യാന്‍ കല്‍പന മതിയെന്ന് അദ്ദേഹം പറയുകയായിരുന്നു.

സംസ്ഥാന അവാര്‍ഡ് കമ്മിറ്റി ഈ സിനിമ കണ്ടിട്ടുണ്ടോ എന്ന് തന്നെ സംശയമുണ്ട്. ഒരു അന്തര്‍ജനത്തിനെ പോലെ ഒരു അമ്മയെ ഒരു മുസ്ലീം സ്ത്രീ ഇത്രയും കാലം നോക്കി എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചാല്‍ പോലും മതിയായിരുന്നു. പക്ഷെ അതൊന്നും ശ്രദ്ധിച്ച് കാണില്ലെന്നും കല്‍പന പറയുന്നു. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ബാബു തിരുവല്ല തനിച്ചല്ല ഞാന്‍ എന്ന സിനിമ സംവിധാനം ചെയ്തത്.
ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോയ അന്തര്‍ജനത്തെ മുസ്ലീം സ്ത്രീയായ റസിയ തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്ത കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ബാബു തിരുവല്ല ഈ സിനിമ ചെയ്യാന്‍ തയ്യാറാകുന്നത്. അവര്‍ക്ക് സാമ്പത്തികമായി സഹായങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നതിനാലാണ് കല്‍പനയെ തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതെന്നും ബാബു തിരുവല്ല പറഞ്ഞിരുന്നു.


Click it and Unblock the Notifications