'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം... വിനീതിനെ നേരിട്ട് അറിയുന്നവർ ഇത് ഫോട്ടോഷോപ്പാണെന്ന് പറയും'; കല്യാണി
യുവ അഭിനേത്രികളില്‍ പ്രധാനികളിലൊരാളാണ് കല്യാണി പ്രിയദര്‍ശന്‍. സിനിമാ കുടുംബത്തിലാണ് ജനിച്ചതെങ്കിലും യാദൃശ്ചികമായാണ് താന്‍ അഭിനയമേഖലയിലേക്ക് എത്തിയതെന്ന് കല്യാണി പറഞ്ഞിരുന്നു. ക്യാമറയ്ക്ക് പിന്നിലൂടെ തുടക്കം കുറിച്ച് പിന്നീട് നായികയായി മാറുകയായിരുന്നു കല്യാണി. പ്രിയദര്‍ശന്റെ അസിസ്റ്റന്റായിരുന്ന വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായാണ് കല്യാണി തുടക്കം കുറിച്ചത്. അഖില്‍ അക്കിനേനിയായിരുന്നു ചിത്രത്തിലെ നായകന്‍.
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ കല്യാണിക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായാണ് കല്യാണി മലയാളത്തില്‍ അരങ്ങേറിയത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങി ആന്റണിയിൽ എത്തി നില്‍ക്കുകയാണ് കല്യാണിയുടെ സിനിമാജീവിതം.

തികച്ചും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമായാണ് താരപുത്രി അവതരിപ്പിക്കുന്നത്. മകളുടെ അഭിനയം ശരിയാവുമോ എന്നോര്‍ത്ത് തുടക്കത്തില്‍ ആശങ്കപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ മകളെക്കുറിച്ച് അഭിമാനമാണെന്ന് പ്രിയദര്‍ശന്നും പറഞ്ഞിരുന്നു. നടിയെന്ന നിലയില്‍ കല്യാണിയുടെ വളര്‍ച്ച തനിക്കേറെ സന്തോഷമുള്ളതാണെന്നായിരുന്നു ലിസിയും പ്രതികരിച്ചത്.
തുടക്കത്തിൽ കല്യാണിയുടെ അഭിനയത്തോട് അത്ര താൽപര്യമില്ലാതിരുന്നവർ പോലും നടി ഇപ്പോൾ അഭിനയത്തിന്റെ കാര്യത്തിൽ ഏറെ മുന്നോട്ട് പോയി എന്നത് സമ്മതിക്കുന്നുണ്ട്. വിദേശ പഠനത്തിനുശേഷം സിനിമയിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെ ചെന്നൈയിൽ സെറ്റിൽഡാണ് കല്യാണി.
മലയാളത്തിലെ കല്യാണിയുടെ മികച്ച പ്രകടനങ്ങൾ കണ്ട സിനിമകളിൽ ഒന്നായിരുന്നു ഹൃദയം. ഈ ചിത്രത്തിനുശേഷം കല്യാണിയും വിനീതുമെല്ലാം തമ്മിൽ നല്ലൊരു സൗഹൃദമുണ്ട്. ഇപ്പോഴിതാ വിനീതുമായി ബന്ധപ്പെട്ടുള്ള മനോഹരമായ ഒരു വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് കല്യാണി.
വിനീതിനൊപ്പം ഭക്ഷണം കഴിക്കാനായി പോയപ്പോൾ തന്റെ ഭക്ഷണത്തിൽ നിന്നും കുറച്ച് എടുത്ത് കല്യാണിക്ക് നൽകുന്ന വിനീതാണ് വീഡിയോയിലുള്ളത്. വിനീതിനെ അടുത്ത് അറിയാവുന്നവർക്കും അദ്ദേഹത്തിന്റെ സോഷ്യൽമീഡിയയും അഭിമുഖങ്ങളും നിരന്തരമായി ഫോളോ ചെയ്യുന്നവർക്കും അറിയാവുന്ന കാര്യമാണ് വിനീത് ശ്രീനിവാസൻ ഒരു ഭക്ഷണപ്രിയനാണെന്നത്.

തന്റെ ഭക്ഷണം മറ്റൊൾക്ക് വീതിച്ച് കൊടുക്കാൻ ഒട്ടും താൽപര്യം വിനീതിനില്ല. അത്തരമൊരു വ്യക്തിയിൽ നിന്നും തനിക്ക് അൽപ്പം ഭക്ഷണം രുചിച്ച് നോക്കാൻ ലഭിച്ചുവെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നാണ് വിനീതിന്റെ രസകരമായ വീഡിയോ പങ്കിട്ട് കല്യാണി കുറിച്ചത്.
വിനീതിനെ നേരിട്ട് അറിയുന്നവർ ഇത് ഫോട്ടോഷോപ്പാണെന്ന് പറയുമെന്നും എന്നാൽ സംശയമുള്ളവർക്ക് മുന്നിൽ ഹാജരാക്കാൻ രണ്ട് സാക്ഷികളുണ്ടെന്നും കല്യാണി കുറിച്ചു. നല്ല ഭക്ഷണം താൻ ആർക്കും കൊടുക്കില്ലെന്നത് വിനീത് തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. പ്രായമായി കഴിയുമ്പോൾ ഭാര്യ ദിവ്യയ്ക്കൊപ്പം ഏതെങ്കിലും സ്ഥലത്തുപോയി കഫേ തുടങ്ങണമെന്ന് വരെ പ്ലാനിട്ടിട്ടുള്ള ഭക്ഷണപ്രേമിയാണ് വിനീത് ശ്രീനിവാസൻ.
വർഷങ്ങൾക്കുശേഷമാണ് ഇനി റിലീസിന് തയ്യാറെടുക്കുന്ന വിനീത് ശ്രീനിവാസൻ സിനിമ. കല്യാണി പ്രിയദർശനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രണവ് മോഹൻലാൽ നായകനാകുന്ന സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് ധ്യാൻ ശ്രീനിവാസനാണ്. പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











