50 വയസിന് അടുത്തായി, തിരിച്ചുവരണം, പുതുതായി പഠിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ആഗ്രഹമെന്ന് കനക
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നടി കനക. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദറിലൂടെയാണ് കനക മലയാളത്തില്‍ എത്തിയത്. സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മാളു എന്ന കഥാപാത്രം നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആക്ഷന്‍ കോമഡി ചിത്രമായി പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ്. 400 ദിവസമാണ് തുടര്‍ച്ചയായി സിനിമ കേരളത്തിലെ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.
അല്ലു അര്‍ജുന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
ഗോഡ് ഫാദറിന് ശേഷവും ശ്രദ്ധേയ സിനിമകളിലൂടെ കനക വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. തമിഴ്, മലയാളം ഭാഷകളിലാണ് നടി തന്‌റെ കരിയറില്‍ കൂടുതല്‍ അഭിനയിച്ചത്. ഒരു തെലുങ്ക് ചിത്രത്തില്‍ മാത്രമാണ് കനക എത്തിയത്. മോഹന്‍ലാലിന്‌റെ നരസിംഹത്തില്‍ കനക ചെയ്ത റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നരസിംഹം, ഈ മഴ തേന്‍ മഴ തുടങ്ങിയ സിനിമകളാണ് നടിയുടെ കരിയറില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.

2000ത്തിന് ശേഷം നടി സിനിമാരംഗത്ത് ഉണ്ടായിരുന്നില്ല. കനകയുടെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. അതേസമയം സിനിമാ ലോകത്തേക്ക് മടങ്ങിവരണം എന്ന ആഗ്രഹം പങ്കുവെച്ച് ഒരിടവേളയ്ക്ക് ശേഷം എത്തിയിരിക്കുകയാണ് കനക. ഒരു സെല്‍ഫി വീഡിയോയിലാണ് കനക തന്‌റെ ആഗ്രഹം അറിയിച്ച് എത്തിയത്. ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തിലേറെയായി എന്ന് കനക വീഡിയോയില്‍ പറയുന്നു.

എന്നെ സംബന്ധിച്ചുളളതെല്ലാം പഴയതായി കഴിഞ്ഞു. എനിക്ക് ഇപ്പോള്‍ അമ്പത് വയസാവുന്നു. ഞാന്‍ അഭിനയിക്കാന്‍ വന്നിട്ട് 30-32 വര്‍ഷമായി. ഇപ്പോള്‍ ഞാന്‍ പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയര്‍സ്റ്റൈല്‍, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങള്‍, സംസാരിക്കുന്നത്, ചിരിക്കുന്നത് അങ്ങനെ എല്ലാം ഒരുപാട് മാറിയിരിക്കുന്നു എന്നും വ്യത്യാസം വന്നിട്ടുണ്ടെന്നും പറയാം, നടി പറയുന്നു.

ഞാന്‍ പണ്ട് ചെയ്തതുപോലെ ഇപ്പോള്‍ ചെയ്താല്‍ പഴഞ്ചനായി പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം. ഒരു പത്ത് വര്‍ഷത്തിനുളളില്‍ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാന്‍ കഴിയൂ. ഇതിനിടെയില്‍ ഞാന്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. ചില വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടായിരുന്നു വിട്ടുനിന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പ്രായത്തിലും എല്ലാം പുതിയതായി പഠിക്കാനും എന്നെ അപ്‌ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്, കനക പറഞ്ഞു.

ചെറിയ പ്രായത്തില്‍ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പെട്ടെന്ന് പഠിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ഒരുപാട് നാള്‍ എടുത്തേക്കും. എന്നാല്‍ മനസില്‍ ആഗ്രഹം ഉണ്ടെങ്കില്‍ പെട്ടെന്ന് പഠിക്കാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത്. ഇല്ലെങ്കില്‍ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനിയിപ്പോള്‍ ഒന്നും പഠിച്ചില്ലെങ്കിലും എന്തുക്കൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. വയസായ കാലത്താണോ ബോധമുധിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.

എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാന്‍ എനിക്ക് സന്തോഷമേ ഉളളൂ. ഞാന്‍ എന്ത് ചെയ്താലും അതിനെ പറ്റിയുളള വിമര്‍ശനവും എന്നെ അറിയിക്കാന്‍ മടിക്കേണ്ട. നിങ്ങളുടെ വിമര്‍ശനങ്ങളെ ഒരു പ്രചോദനമായി എടുത്ത് വീണ്ടും മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കും, കനക വീഡിയോയില്‍ അറിയിച്ചു.


Click it and Unblock the Notifications











