മുഖക്കുരു ഉണ്ടാക്കുന്ന പൊല്ലാപ്പ്! ബാഹ്യസൗന്ദര്യത്തെ കുറിച്ച് മനസ് തുറന്ന് നടി കനിഹ
സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റ് ഇടുന്ന നടിമാരില്‍ ഒരാളാണ് കനിഹ. ഇപ്പോഴിതാ കുറച്ച് നാളുകളായി തനിക്ക് വീഡിയോ ചെയ്യാന്‍ കഴിയാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് നടി.ബാഹ്യ സൗന്ദര്യത്തിലൊന്നും ഒരു കാര്യമില്ലെന്നും ആന്തരിക സൗഖ്യത്തിലാണ് വിശ്വസിക്കേണ്ടതെന്നുമടക്കം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെ കനിഹ മനസ് തുറക്കുകയാണ്.
'പെട്ടെന്നൊരു ദിവസം ഞാന്‍ ഉണരുന്നത് മുഖക്കുരുവിന്റെ ലോകത്തേക്കാണ്. ഇതിന് മുന്‍പ് ഇങ്ങനെ ഒന്ന് വന്നിട്ടില്ലായിരുന്നു. ഒരു സിനിമാ താരം കൂടിയായതിനാല്‍ അതെന്റെ ആത്മവിശ്വസം മുഴുവന്‍ തകര്‍ത്ത് കളഞ്ഞു. ഇതിനെ എങ്ങനെ നേരിടണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് തന്നെ ഡോക്ടറെ കാണിച്ചു. അദ്ദേഹം മരുന്നും തന്നു. ആ സമയം ഞാന്‍ വളരെ നിരാശയിലായിരുന്നു.

പക്ഷേ അതില്‍ നിന്നും വലിയൊരു പാഠം ഞാന്‍ പഠിച്ചു. നമ്മളെല്ലാവരും ബാഹ്യസൗന്ദര്യത്തിനാണ് ഒരുപാട് പ്രധാന്യം കൊടുക്കാറുള്ളത്. നമ്മുടെ വസ്ത്രത്തിന്, ചര്‍മ്മത്തിന്, അങ്ങനെ എല്ലാത്തിനും പ്രധാന്യം കൊടുക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്‌കൂള്‍ കുട്ടികള്‍ പോലും ഇത്തരം ചിന്തകള്‍ക്ക് അമിത പ്രധാന്യം നല്‍കുന്നുണ്ട്. എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോഴാണ് ഞാനിതിനെ കുറിച്ച് ചിന്തിക്കുന്നത്.
ബാഹ്യസൗന്ദര്യം താല്‍കാലികമാണ്. നമുക്കുള്ളിലെ ആന്തരിക സൗന്ദര്യത്തെ എല്ലാവരും തിരിച്ചറിയണമെന്നാണ് എനിക്ക് പറയാനുള്ളത്. ആരോഗ്യമുള്ള സൗന്ദര്യമുള്ള മനസിനെ നിലനിര്‍ത്തുകയാണ് നമ്മുടെ ലക്ഷ്യമെന്നും' കനിഹ പറയുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച മാമാങ്കം ആണ് കനിഹയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമ. നവംബര്‍ 21 നായിരിക്കും മാമാങ്കം തിയറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications