2 വര്‍ഷം മാത്രമേ സിനിമയില്‍ ഉണ്ടായിരുന്നുള്ളു! കാര്‍ത്തിക സിനിമ ഉപേക്ഷിക്കാന്‍ കാരണമെന്ത്? മനസ് തുറന്ന് നടി
നടി കാര്‍ത്തികയുടെ മുഖം മലയാളികള്‍ ഒരിക്കലും മറക്കില്ല. അത്രത്തോളം നിഷ്‌കളങ്കയായി മലയാള സിനിമയില്‍ അഭിനയിച്ചിരുന്ന നടിയായിരുന്നു കാര്‍ത്തിക. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി അഭിനയം പൂര്‍ണമായിട്ടും ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി സിനിമയിലേക്കോ മറ്റ് പൊതുപരിപാടികള്‍ക്കോ കാര്‍ത്തിക വന്നിട്ടില്ല.
ഇന്നും നടിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ റീയൂണിയനില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ് നടി. സിനിമയില്‍ അഭിനേതാക്കളായി ഉണ്ടായിരുന്ന കുട്ടികള്‍ക്കും നായകന്‍ മോഹന്‍ലാലിനൊപ്പവുമാണ് കാര്‍ത്തിക എത്തിയത്.

മാത്രമല്ല താന്‍ അഭിനയിച്ചിരുന്നത് വെറും രണ്ട് വര്‍ഷം മാത്രമായിരുന്നുവെന്ന് പറയുകയാണ് നടി. പെട്ടെന്ന് അഭിനയം നിര്‍ത്തി പോയത് കൊണ്ട് ആരോടും നന്ദി പറയാന്‍ സാധിച്ചില്ലെന്നും ഈ അവസരത്തില്‍ തന്റെ ഭര്‍ത്താവിനോടും നന്ദി പറയുകയാണെന്ന് കാര്‍ത്തിക കൂട്ടിച്ചേര്‍ത്തു.
'എന്റെ ഭര്‍ത്താവ് ഡോ. സുനില്‍ അപ്പുറത്തും ഞാന്‍ ഇപ്പുറത്തുമായി നില്‍ക്കുന്നത് ആദ്യമായിട്ടാണ്. ഒറ്റയ്ക്ക് സ്‌റ്റേജില്‍ നില്‍ക്കുന്നതിന്റെ ടെന്‍ഷന്‍ തനിക്കുണ്ടെന്ന് പറഞ്ഞാണ് കാര്‍ത്തിക സംസാരിച്ച് തുടങ്ങുന്നത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ടൊരു വേദിയില്‍ ഞാന്‍ നില്‍ക്കുന്നത്. 37 വര്‍ഷമെന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല. ഇത്രയും ലൈറ്റും ക്യാമറയും ഒക്കെ കാണുമ്പോള്‍ അറിയാതെ ടെന്‍ഷന്‍ ആയി പോവുകയാണ്.
37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ എന്താണെന്ന് അറിയാതെ അതിലേക്ക് വന്ന ആളാണ് ഞാന്‍. 40 ദിവസത്തില്‍ കൂടുതലുള്ള ഒരു സിനിമയും ഞാന്‍ ചെയ്തിട്ടില്ല. ചെയ്ത സിനിമകളെല്ലാം അത്രയും സന്തോഷത്തോടെയും സ്‌നേഹത്തോടെയുമാണ്. വെറും രണ്ടുവര്‍ഷം മാത്രമാണ് ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്നത്.
വിജി തമ്പി സംവിധാനം ചെയ്ത ഡേവിഡ് ഡേവിഡ് മി. ഡേവിഡ് എന്ന സിനിമയിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. അതിനുശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ലെന്ന തീരുമാനമെടുത്തത്. അന്ന് ഇതുപോലെ മാധ്യമങ്ങളില്ല. അതുകൊണ്ട് ചിലരോട് ഒന്നും നന്ദി പറയാനും കഴിഞ്ഞില്ല. അതുകൊണ്ട് ഈ ഒരു വേദി ഞാന്‍ അതിനു ഉപയോഗിക്കുകയാണ്.
മലയാളം ഇന്‍ഡസ്ട്രിയോടും തമിഴ് ഇന്‍ഡസ്ട്രിയോടും വലിയൊരു നന്ദി. എവിടെ ചെന്നാലും കുറച്ചു പേരൊക്കെ എന്നെ തിരിച്ചറിയുന്നതും ഫോട്ടോ എടുക്കുന്നതും കുശലം ചോദിക്കുന്നതും അന്നത്തെ സിനിമകള്‍ കൊണ്ടാണ്. ആകെ 15 സംവിധായകര്‍ക്ക് ഒപ്പം ഞാന്‍ സിനിമകള്‍ ചെയ്തിട്ടുള്ളൂ.

കാമ്പുള്ള കഥാപാത്രങ്ങള്‍ നല്‍കിയതിനും നല്ല കുടുംബചിത്രങ്ങള്‍ നല്‍കിയതിനും നന്ദി. ഗംഭീര അഭിനേതാക്കള്‍ക്കൊപ്പം ആണ് ആ ചുരുങ്ങിയ കാലത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തത്. അവരുമായും അവരുടെ കുടുംബമായും ഞാനിന്നും കണക്ടഡ് ആണ്. എന്റെ മരണം വരെയും അത് തുടരുമെന്നും കാര്‍ത്തിക പറയുന്നു.
മോഹന്‍ലാലിനും കാര്‍ത്തിക പ്രത്യേക നന്ദി പറഞ്ഞിരുന്നു. താങ്കള്‍ക്കൊപ്പം നിന്നതുകൊണ്ട് കൂടിയാണ് പ്രേക്ഷകരുടെ ഇഷ്ടം അത്രയും നേടാനായത്. പിന്നെ നന്ദി പറയേണ്ടത് എന്റെ ഭര്‍ത്താവ് ഡോക്ടര്‍ സുനില്‍ കുമാറിനോടാണ്. എല്ലാവരുമായും എന്നെക്കാള്‍ ബന്ധം സൂക്ഷിക്കുന്നത് അദ്ദേഹമാണ്. ഞാന്‍ പറഞ്ഞത് ബോറായി പോയെങ്കില്‍ ക്ഷമിക്കണം. ഇത്രയും കാലം എന്റെ ഉള്ളില്‍ ഒതുക്കിവെച്ച കാര്യങ്ങളാണ് ഇതെല്ലാം. ഇപ്പോള്‍ നന്ദി പറഞ്ഞില്ലെങ്കില്‍ മഹാപാപമായി പോകുമെന്നും' കാര്‍ത്തിക കൂട്ടിച്ചേര്‍ക്കുന്നു
നടന്‍ കമല്‍ ഹാസനൊപ്പം അഭിനയിക്കുമ്പോള്‍ മോശം അനുഭവം ഉണ്ടായെന്നും ഇതാണ് കാര്‍ത്തിക സിനിമ ഉപേക്ഷിച്ച് പോകാനുണ്ടായ കാരണമെന്നും ഒരു കഥയുണ്ടായിരുന്നു. ഇക്കാര്യങ്ങളൊന്നും നടി തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും അത്തരത്തില്‍ പ്രചരണം നടക്കുകയാണ്.


Click it and Unblock the Notifications











