വാടകയ്ക്ക് പണമില്ലെന്ന് അമ്മ; ആ സംഭവത്തോടെ എനിക്ക് മാനസിക പ്രശ്നങ്ങൾ വന്നു; തുറന്ന് പറഞ്ഞ് കവിത
വർഷങ്ങളായി സിനിമാ സീരിയൽ രംഗത്ത് സജീവമാണ് നടി കവിത. വിവിധ ഭാഷകളിലായി 350 സിനിമകളിൽ കവിത ഇതിനകം അഭിനയിച്ചിട്ടുണ്ട്. 11 വയസിലാണ് കവിത സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. ഓ മഞ്ജു എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. 1976 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. ഇതേ വർഷം തന്നെ തെലുങ്കിലേക്കും നടി കടന്ന് വന്നു. നായിക നടിയായി 11 വയസിൽ തുടക്കം കുറിച്ച കവിതയെ തേടി നിരവധി സിനിമകളെത്തി.
അക്കാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളായിരുന്നു കവിത. ഇപ്പോഴിതാ സിനിമാ രംഗത്തേക്കുള്ള കടന്ന് വരവിനെക്കുറിച്ചും ജീവിതത്തിലെ വിഷമഘട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് കവിത. സിനിമയിൽ നിന്നും അവസരം വന്നെങ്കിലും തനിക്ക് അഭിനയിക്കാൻ താൽപര്യമില്ലായിരുന്നെന്ന് കവിത പറയുന്നു. ഞാൻ അഭിനയിക്കില്ല, എനിക്ക് പഠിക്കണം, സഹോദരിമാരെ അഭിനയിപ്പിക്കെന്ന് അമ്മയോട് പറഞ്ഞു.

അമ്മ ഉടനെ എന്റെ രണ്ട് കൈയും പിടിച്ചു. ഇത് കൈയല്ല, കാലാണ് എന്ന് കരുതിക്കോയെന്ന് പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. നമുക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ട്, വാടക കൊടുക്കാൻ പറ്റുന്നില്ല. ഈ സിനിമയിൽ അഭിനയിച്ചാൽ 5000 രൂപ ലഭിക്കും. ഒരു വർഷത്തേക്ക് വാടകയ്ക്കും ഭക്ഷണത്തിനും പണമുണ്ടാകും.
സഹോദരങ്ങളെ പഠിപ്പിക്കാം. നീയാണ് ഫോട്ടോജെനിക് എന്നവർ പറയുന്നെന്നും അമ്മ വ്യക്തമാക്കി. എന്നെക്കൊണ്ട് അഞ്ച് പേർക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിൽ ചെയ്യാമെന്ന് ഞാൻ കരുതി. ഈ സിനിമ ചെയ്യ്, പിന്നീട് സിനിമകൾ വന്നില്ലെങ്കിൽ പഠിച്ചോയെന്ന് അമ്മ പറഞ്ഞെന്നും കവിത ഓർത്തു. പിന്നീട് നിരവധി സിനിമകളിൽ കവിത നായികയായി.

സിനിമയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് അമ്മ ചേച്ചിമാരെ വിവാഹം ചെയ്യിച്ചു. അനിയത്തിയെ പഠിക്കാൻ അയച്ചു. അതിനിടെ അവിചാരിതമായി സഹോദരൻ ആക്സിഡന്റിൽ മരിച്ചു. ഇതോടെ ഇനി ഷൂട്ടിംഗിന് ഞാൻ വരില്ല, നിന്നെയും അയക്കില്ലെന്ന് അമ്മ പറഞ്ഞു. പരിപ്പ് വെങ്കായം വിൽക്കുന്നവൻ ആയാൽ പോലും കുഴപ്പമില്ല, നീ വിവാഹം ചെയ്ത് സെറ്റിൽഡ് ആകണമെന്നും അമ്മ ആവശ്യപ്പെട്ടു. ശരി, നിങ്ങളുടെ ഇഷ്ടമെന്ന് ഞാനും. കരിയറിലെ പീക്കിലിരിക്കവെയാണ് വിവാഹം ചെയ്യാൻ പറയുന്നത്.
തെലുങ്കിൽ ഞാൻ രണ്ടാം സ്ഥാനത്തായിരുന്നു. ശ്രീദേവി, ജയപ്രദ, ജയസുധയും ഞാനുമായിരുന്നു മുൻനിര നായികമാർ. ശ്രീദേവിയും ജയപ്രദയും ബോംബെയിലേക്ക് പോയി. നാലാം സ്ഥാനത്തായിരുന്ന ഞാൻ രണ്ടാം സ്ഥാനത്തെത്തി. രണ്ട് മൂന്ന് ഷിഫ്റ്റുകൾ അന്ന് ചെയ്യുമായിരുന്നു. അത്രയും തിരക്കിലിരിക്കെയാണ് അനിയനിങ്ങനെ സംഭവിക്കുന്നതും അമ്മ വിവാഹം ചെയ്യാൻ ആവശ്യപ്പെടുന്നതും.
ഇതുവരെ ആരോടും വ്യക്തമായി ഞാൻ പറഞ്ഞിട്ടില്ല. അനിയൻ മരിച്ച ശേഷം ഞാൻ സെമി മെന്റൽ ആയി. റെയിൽവേ ട്രാക്കിലാണ് അനിയൻ മരിച്ചത്. ഞാൻ അർദ്ധ രാത്രി എണീറ്റ് റെയിൽവേ ട്രാക്കിലേക്ക് പോകും. അമ്മ സൈക്യാട്രിസ്റ്റുകളെ കാണിച്ചു. അവളെ ഈ അന്തരീക്ഷത്തിൽ നിന്നും മാറ്റി നിർത്തണമെന്നാണ് സൈക്യാട്രിസ്റ്റുകൾ നിർദ്ദേശിച്ചതെന്നും കവിത ഓർത്തു. ഇന്ത്യാഗ്ലിറ്റ്സ് തമിഴിനോടാണ് പ്രതികരണം.
ജീവിതത്തിൽ പിന്നീടും വിഷമ ഘട്ടങ്ങൾ കവിതയ്ക്ക് വന്നു. 2021 ൽ കൊവിഡ് ബാധിച്ച് കവിതയുടെ ഭർത്താവും മകനും മരിച്ചു. അടുത്തിടെ ഇതേക്കുറിച്ച് കവിത സംസാരിക്കുകയുണ്ടായി. ഭർത്താവിന്റെയും മകന്റെയും മരണമുണ്ടാക്കിയ ആഘാതത്തിൽ ഒന്നിലേറെ തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്ന് കവിത തുറന്ന് പറഞ്ഞു. പെൺമക്കൾക്ക് വേണ്ടിയാണ് തുടർന്ന് ജീവിക്കാൻ തീരുമാനിച്ചതെന്നും നടി വ്യക്തമാക്കി.


Click it and Unblock the Notifications











