'രജിനികാന്തുമായി വിവാഹം'; ആ നടന് ദേഷ്യം വന്നു; മേക്കപ്പ്മാൻ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്; കവിത
തെന്നിന്ത്യൻ സിനിമാ രംഗത്ത് സുപരിചിതയായ നടിയാണ് കവിത. തമിഴ്, തെലുങ്ക് സിനിമാരംഗത്ത് നായിക നടിയായി ഒരു കാലത്ത് കവിത സജീവമായിരുന്നു. ആന്ധ്രാക്കരിയാണ് കവിത. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 350 ലേറെ സിനിമകളിൽ കവിത അഭിനയിച്ചു. അമ്മ വേഷങ്ങളിലാണ് പിൽക്കാലത്ത് കവിതയെ സിനിമാ പ്രേക്ഷകർ കണ്ടത്. കരിയറിലെ തുടക്ക കാലത്ത് തന്നെക്കുറിച്ച് വന്ന ഗോസിപ്പിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കവിത. രജിനികാന്തും കവിതയും വിവാഹിതരായി എന്ന വാർത്തയാണ് അക്കാലത്ത് പ്രചരിച്ചത്. അന്ന് ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടുണ്ട്.
ഗോസിപ്പ് കണ്ടപ്പോൾ ഞാൻ ചിരിക്കുകയാണുണ്ടായതെന്ന് കവിത പറയുന്നു. ഞാനും മോഹൻബാബുവും സ്റ്റുഡിയോയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ മേക്കപ്പ്മാനാണ് വാർത്തയുമായി വന്നത്. നിങ്ങളെന്താണ് ഇവിടെ അഭിനയിച്ച് കൊണ്ടിരിക്കുന്നത്, രജിനികാന്തുമായി വിവാഹം കഴിഞ്ഞില്ലേ, അവിടെയല്ലേ വേണ്ടതെന്ന് ചോദിച്ചു. ഞാൻ കാര്യമാക്കിയില്ല. ഇത് കേട്ട മോഹൻബാബു മേക്കപ്പ്മാനെ വിളിച്ചു.

എന്താണ് എഴുതിയതെന്ന് ചോദിച്ചു. വാർത്ത കണ്ട് അദ്ദേഹത്തിന് ദേഷ്യം വന്നു. കാരണം ഞാൻ തുടക്കകാരിയാണ്. പ്രൊഡ്യൂസറെ വിളിച്ച് അദ്ദേഹം ആ മാധ്യമത്തിന്റെ ഓഫീസിൽ പോയി. ഇങ്ങനെയൊന്നും എഴുതരുത്, അവൾ നല്ല പെൺകുട്ടിയാണെന്ന് പറഞ്ഞു. ഇനി എഴുതില്ല, വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാം എന്നവർ മറുപടി നൽകി. അപ്പോഴേക്കും വാർത്ത എല്ലായിടത്തും എത്തിയിരുന്നെന്നും കവിത ഓർത്തു.
ഞാൻ ചില ഹീറോകൾക്കൊപ്പം പത്ത് സിനിമകളോളം ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് രജിനി സാറിനൊപ്പം മാത്രം ഗോസിപ്പ് വന്നെന്ന് തനിക്കറിയില്ലെന്നും കവിത വ്യക്തമാക്കി. ഒന്നര പേജിലാണ് തെറ്റായ ഈ വാർത്ത വന്നതെന്നും കവിത ഓർത്തു. നമ്മൾ ഒന്ന് വിചാരിച്ചാൽ ദൈവം മറ്റൊന്ന് വിചാരിക്കും. ചെറിയ പ്രായത്തിൽ അമ്മ എന്നെ ഓഡിഷന് കൊണ്ട് പോകുമ്പോൾ നിലത്ത് കിടന്ന് കരഞ്ഞു.

എനിക്ക് പഠിക്കണമെന്നായിരുന്നു. എന്നാൽ ആറാം ക്ലാസിൽ താൻ പഠനം നിർത്തി സിനിമാ രംഗത്ത് സജീവമാകുകയാണുണ്ടായതെന്നും കവിത വ്യക്തമാക്കി. അമരാവതി എന്ന അജിത്ത് ചിത്രത്തിൽ അജിത്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും കവിത സംസാരിച്ചു. മുതിർന്ന താരമായതിനാൽ അജിത്തിനും നായിക സംഘവിക്കും തന്നോട് ഇടപഴകാൻ ഭയം തോന്നിയിരുന്നെന്ന് കവിത പറയുന്നു. ഞാൻ ഫ്രെയ്മിലുള്ളപ്പോൾ അജിത്തും സംഘവിയും നാലഞ്ച് ടേക്ക് പോകാൻ തുടങ്ങി. ക്യാമറയ്ക്ക് മുന്നിൽ ഞാനില്ലെങ്കിൽ ഒന്നോ രണ്ടോ ടേക്കിന് ഓക്കെയാകുന്നു.
അവർക്ക് ടെൻഷനുണ്ടെന്ന് എനിക്ക് മനസിലായി. അവരെ കംഫർബട്ടബിളാക്കാൻ തീരുമാനിച്ചു. റൂമിൽ ഇരുന്ന് ഭക്ഷണം കഴിക്കാതെ എല്ലാവരും ഒരുമിച്ചിരുന്നാണ് പിന്നീട് ഭക്ഷണം കഴിച്ചതെന്നും കവിത വ്യക്തമാക്കി. നടൻ വിജയുടെ തുടക്കകാലത്തെക്കുറിച്ചും കവിത സംസാരിച്ചു. തന്നോടൊപ്പം അഭിനയിക്കുമ്പോൾ വിജയ് ചെറിയ പയ്യനാണ്. വളരെ പേടിച്ചാണ് ഓരോ ഷോട്ടുകളിലും അഭിനയിച്ചതെന്നും കവിത ഓർത്തു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കവിത മനസ് തുറന്നത്.
അഭിമുഖത്തിൽ തന്റെ ഭർത്താവും മകനും കൊവിഡ് ബാധിതരായി മരിച്ചതിനെക്കുറിച്ചും കവിത സംസാരിക്കുന്നുണ്ട്. 2020 ലാണ് രണ്ട് പേരെയും കവിതയ്ക്ക് നഷ്ടപ്പെട്ടത്. മരണം തനിക്ക് വലിയ ആഘാതമായിരുന്നെന്നും മൂന്ന് തവണ താൻ ആത്മഹത്യക്ക് ശ്രമിച്ചെന്നും കവിത തുറന്ന് പറഞ്ഞു. തന്റെ പെൺമക്കളെ ഓർത്താണ് തുടർന്ന് ജീവിക്കാൻ തീരുമാനിച്ചത്. ഭർത്താവിന്റെയും മകന്റെയും മരണം തീർത്തും അപ്രതീക്ഷിതമായിരുന്നെന്നും കവിത തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











