'ആ പഴയ കാവ്യയെ ഓർത്തുപോയി....'; അമ്മയ്ക്കൊപ്പം മഹാലക്ഷ്മിയുടെ ദീപാവലി, മകളുടെ കുസൃതികൾ ആസ്വദിച്ച് കാവ്യ!
അന്നും ഇന്നും കാവ്യ മാധവൻ എന്ന അഭിനേത്രിയോട് മലയാളിക്കുള്ള സ്നേഹത്തിന് കുറവൊന്നുമില്ല. ബാലതാരമായി അരങ്ങേറിയപ്പോഴും നായികയായപ്പോഴും ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുമ്പോഴും സ്വന്തം കുടുംബത്തിലെ അംഗത്തോടെന്ന പോലെയുള്ള സ്നേഹമാണ് കാവ്യയോട് മലയാളികൾക്ക്.
ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യ അഭിനയം ഉപേക്ഷിച്ചത്. മക്കളുടെ പഠനവും മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ദിലീപും കാവ്യയും ചെന്നൈയിലാണ് താമസം. സിനിമാ സംബന്ധമായ ആവശ്യങ്ങൾക്കും പൊതു പരിപാടികളിൽ പങ്കെടുക്കാനും മാത്രമാണ് ദിലീപും കാവ്യയും കേരളത്തിലേക്ക് മക്കൾക്കൊപ്പം എത്താറുള്ളത്.
അതുകൊണ്ട് തന്നെ പൊതുവേദികളിൽ കാവ്യ വളരെ വിരളമായി മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. മുമ്പൊക്കെ കാവ്യയുടെയും ദിലീപിന്റെ ഫാൻ പേജുകൾ വഴിയാണ് താര കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. ഒഫീഷ്യലായി സോഷ്യൽമീഡിയ പേജ് തുടങ്ങിയ ശേഷം കാവ്യ തന്നെ വിശേഷങ്ങൾ പങ്കിട്ട് എത്താറുണ്ട്.

ഇപ്പോഴിതാ ദീപാവലി ആശംസകൾ നേർന്ന് കാവ്യ പങ്കുവെച്ച കുറിപ്പും ഫോട്ടോയുമാണ് ശ്രദ്ധനേടുന്നത്. മകൾ മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് ദീപാലങ്കാരങ്ങൾ ആസ്വദിക്കുന്ന കാവ്യയാണ് ചിത്രത്തിലുള്ളത്. നിറയെ സംശയങ്ങളും കൗതുകവുമായി അമ്മയോട് കുസൃതി കാട്ടുന്ന മഹാലക്ഷ്മിയേയും കാണാം. ആദ്യമായാണ് അമ്മയും മകളും മാത്രമുള്ള ചിത്രങ്ങൾ കാവ്യ പങ്കുവെക്കുന്നത്.
അമ്മയുടെ ഒക്കത്തിരുന്ന് ചുവന്ന പട്ടുപാവാടയും ബ്ലൗസും ധരിച്ച കുട്ടിയായി ദീപാവലി വിളക്കുകൾ ആസ്വദിക്കുന്ന മഹാലക്ഷ്മിയെ കാണുമ്പോൾ അഴകിയ രാവണൻ സിനിമയിലെ കാവ്യയുടെ കുട്ടിക്കാലം ഓർമ വരുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്. മൺചിരാതുകളെ നോക്കി തന്റെ കൗതുകം മറച്ചുവെക്കുന്നില്ല മഹാലക്ഷ്മി.
മകൾക്കൊപ്പം ദീപാവലി ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ കാവ്യാ മാധവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. വിളക്ക് കൊളുത്താനുള്ള ആഗ്രഹം മഹാലക്ഷ്മിക്കുള്ളതായും അത് അമ്മയോട് പങ്കിടുന്നതായും ഫോട്ടോയിലെ മാമാട്ടിയുടെ മുഖഭാവം കണ്ടാൽ തോന്നും. കാവ്യാ മാധവന്റെ ബ്രാൻഡായ ലക്ഷ്യയിൽ നിന്നുമാണ് അമ്മയുടെയും മകളുടെയും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറും സംവിധായകനുമായ അനൂപ് ഉപാസനയാണ് കാവ്യാ മാധവന്റെയും മഹാലക്ഷ്മി ദിലീപിന്റെയും ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. മാമാട്ടിയുടെ കുഞ്ഞുനാൾ മുതലുള്ള ചിത്രങ്ങളും പിറന്നാൾ ആഘോഷവും ദിലീപ് കുടുംബത്തിന്റഖെ ചിത്രവും തുടക്കം മുതൽ കവർ ചെയ്യുന്നത് അനൂപാണ്.

ദിലീപിന്റെ പ്രൊഫൈൽ ഫോട്ടോസും അനൂപ് പകർത്താറുണ്ട്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ശേഷം കാവ്യാ മാധവൻ അവിടുത്തുകാരിയായി മാറി. നവരാത്രി അടക്കം എല്ലാം താരകുടുംബം ആഘോഷിക്കുകയും അതിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുമുണ്ട്. ഇക്കഴിഞ്ഞ നവരാത്രി ആഘോഷസമയത്ത് ബൊമ്മക്കൊലു ഒരുക്കിയതിന്റെ വിശേഷങ്ങൾ പങ്കിട്ട് കാവ്യ എത്തിയിരുന്നു.
ശേഷം കുടുംബസമേതം കല്യാൺ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷത്തിലും പങ്കെടുത്തിരുന്നു. ദിലീപിനും കാവ്യയ്ക്കും ലഭിച്ചിരുന്ന സ്നേഹം ഇപ്പോൾ ഏറ്റവും കൂടുതൽ ലഭിക്കുന്നത് മീനാക്ഷിക്കും മഹാലക്ഷ്മിക്കുമാണ്. മീനാക്ഷിയും കാവ്യയെപോലെ സോഷ്യൽമീഡിയയിൽ സജീവമാണ്. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനാണ് കാവ്യ സോഷ്യൽമീഡിയയിൽ സജീവമയി തുടങ്ങിയത്.
ഒരുലക്ഷത്തിലധികം ഫോളോവേഴ്സാണ് കാവ്യയ്ക്ക് സോഷ്യൽമീഡിയയിലുള്ളത്. ബാന്ദ്രയാണ് ദിലീപിന്റെ ഏറ്റവും പുതിയ റിലീസ്. അരുൺ ഗോപി സംവിധാനം ചെയ്ത സിനിമ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. തമന്നയായിരുന്നു ചിത്രത്തിൽ നായിക. ബോളിവുഡ് നടിയായ താരാ ജാനകിയായാണ് ചിത്രത്തില്‍ തമന്ന വേഷമിട്ടത്.
തമന്നയുടെ നായിക വേഷത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നതും. ആല എന്ന നായക കഥാപാത്രമായിരുന്നു ദിലീപിന്റേത്. ദിലീപിന്റെ വേറിട്ട മുഖമാണ് ചിത്രത്തിലേത്. ആക്ഷന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ബാന്ദ്രയെന്ന സിനിമയില്‍ കുടുംബബന്ധങ്ങളുടെ വൈകാരികതയും പരാമര്‍ശിക്കുന്നു. പ്രണയം നിറഞ്ഞ് നില്‍ക്കുന്നുമുണ്ട്.


Click it and Unblock the Notifications