മനുഷ്യത്വമുള്ള മനുഷ്യൻ, കുടുംബത്തെ അത്രയേറെ സ്നേഹിക്കുന്ന വ്യക്തി, ആഘോഷങ്ങൾക്കായി കാത്തുനിന്നില്ല; കാവ്യ!
അത്രമേൽ സന്തോഷിക്കണമെന്ന് ആഗ്രഹിച്ച ദിവസത്തിലൂടെ ദുഖഭാരം നിറഞ്ഞ മനസുമായാണ് കാവ്യ കടന്നുപോകുന്നത്. അച്ഛന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ഗംഭീരമാക്കാൻ കാവ്യയ്ക്ക് പ്ലാനുണ്ടായിരുന്നു. പക്ഷെ അതിന് കാത്തുനിൽക്കാതെ അച്ഛൻ മാധവൻ കുറച്ച് മാസങ്ങൾക്ക് മുമ്പ് അന്തരിച്ചു. കാവ്യയുടെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ഓർമയാണ് അച്ഛന്റെ മരണം. സുഹൃത്തുക്കളോ സഹപ്രവർത്തകരോ അല്ല കാവ്യയ്ക്ക് എല്ലാമെല്ലാം അച്ഛനും അമ്മയും ചേട്ടനുമായിരുന്നു.
അമ്മയേയും അച്ഛനേയും കണ്ണിലെ കൃഷ്ണമണിപോലെയാണ് നടി കരുതിയിരുന്നത്. ഇക്കഴിഞ്ഞ ജൂണിൽ ചെന്നൈയിൽ വെച്ചാണ് മാധവൻ അന്തരിച്ചത്. പിന്നീട് മൃതദേഹം കൊച്ചിയില്‍ എത്തിച്ച് സംസ്കരിച്ചു. ഇപ്പോഴിതാ അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് കാവ്യ മാധവൻ.

ഇന്ന് നവംബർ 10... അച്ഛന്റെ 75-ാം പിറന്നാൾ... അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷെ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു.
എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓർമ്മകളാക്കിയ അച്ഛന്റെ ഈ 75ആം പിറന്നാൾ ഏറ്റവും ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകൾ. പക്ഷെ... അച്ഛന് തിരക്കായി... എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ഏഴ് തിരിയിട്ട വിളക്ക് പോൽ തെളിയുന്ന അച്ഛന്റെ ഓർമ്മകൾക്ക് മുമ്പിൽ ഹൃദയാഞ്‌ജലി എന്നാണ് അച്ഛനൊപ്പമുള്ള ഓർമ ചിത്രങ്ങൾ പങ്കിട്ട് കാവ്യ കുറിച്ചത്.
മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയായി മാറാൻ കാവ്യയെ ഏറ്റവും കൂടുതൽ സഹായിച്ചത് അച്ഛൻ മാധവനും അമ്മ ശ്യാമളയുമാണ്. മകളെ ഒരു ഘട്ടത്തിലും തള്ളി പറയുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത മാതാപിതാക്കളായിരുന്നു ഇരുവരും. പലതവണ പ്രതിസന്ധികളും പ്രശ്നങ്ങളും നേരിട്ടപ്പോഴും അച്ഛനും അമ്മയും തന്നെയായിരുന്നു കാവ്യയുടെ കരുത്ത്. ദിലീപുമായുള്ള വിവാഹശേഷം കാവ്യ ചെന്നൈയിൽ സെറ്റിലായപ്പോൾ മാതാപിതാക്കളേയും ഒപ്പം കൂട്ടിയിരുന്നു നടി.
മഹാലക്ഷ്മിയുടെ ബെസ്റ്റ്ഫ്രണ്ട്സും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം കാവ്യയുടെ മാതാപിതാക്കളാണ്. സഹോദരനും കുടുംബവും വിദേശത്ത് സെറ്റിലായതിനാലാണ് അച്ഛനേയും അമ്മയേയും കാവ്യ ഒപ്പം കൂട്ടിയത്. ആരാധകരും സിനിമാ മേഖലയിലെ സുഹൃത്തുക്കളുമെല്ലാം കാവ്യയെ ആശ്വസിപ്പിച്ച് എത്തി.

ഈ ലോകത്ത് ഞാൻ പരിചയപ്പെട്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യത്വത്തിന് ഉടമയാണ് അങ്കിൾ. നല്ല മനുഷ്യൻ. മക്കളെയും കുടുംബത്തെയും അത്രയേറെ സ്നേഹിക്കുന്ന അച്ഛൻ. മിനുചേച്ചിയേ മോളേ എന്നല്ലാതെ കാവ്യ, മിനു ഇങ്ങനെ ഒന്നും വിളിക്കുന്നത് ഞാൻ ഇന്നേവരെ കേട്ടിട്ടില്ല. നല്ലൊരു മനസിനുടമ.വളരെ യാദൃശ്ചികമായി പരിചയപ്പെട്ടവരാണ് ഞങ്ങൾ. പക്ഷെ എത്ര തിരക്കാണെലും അങ്കിളെന്ന് വിളിക്കുമ്പോൾ പറയൂ മോനേ എന്ന് പറയാനുള്ള മനസും സ്നേഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
അത് അടുത്തറിഞ്ഞ ആളാണ് ഞാൻ. എപ്പോഴും കണ്ടാൽ ആ സ്നേഹം അങ്ങനെതന്നെ ഉണ്ടാവാറുണ്ട്. ഇതുപോലൊരു അച്ഛനെ കിട്ടണമെന്ന് ഏതൊരു മക്കളും ആഗ്രഹിച്ചുപോകും. പോയി എന്ന വാർത്ത മനസിനെ വല്ലാതെ തളർത്തിയിരുന്നു. കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. ഇതുപോലൊരു നിമിഷം ഒരിക്കലും ജീവിതത്തിൽ ഉണ്ടാവരുതെന്ന് പ്രാർത്ഥിച്ചുപോയിരുന്നു.
ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴും പതറാതെ, തളർന്നുപോകാതെ ആ കുടുംബത്തെ ഇന്ന് കാണുന്നതുപോലെ ആക്കി മാറ്റിയത് അദ്ദേഹം ഒറ്റയോരാളുടെ മനസിന്റെ നന്മയാണ്. അങ്കിളിന്റെ ആത്മാവിന് നിത്യശാന്തിക്കായി എന്നും പ്രാർത്ഥിക്കും. ഹൃദയാഞ്‌ജലി എന്നാണ് കാവ്യയുടെ കുടുംബസുഹൃത്തുക്കളിൽ ഒരാൾ കുറിച്ചത്. മരണ വാർത്ത പുറത്ത് വന്നപ്പോൾ എല്ലാരും മാധവേട്ടന്റെ നല്ല മനസിനേയും നന്മയേയും കുറിച്ചാണ് ഏറെയും പങ്കുവെച്ചത്.


Click it and Unblock the Notifications











