'കീർത്തി അന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ മനസിലായി'; വിവാഹശേഷം ആദ്യത്തെ പിറന്നാൾ, അശോക് സെൽവനെ കുറിച്ച് ഭാര്യ!
ഹണിമൂൺ ജർമ്മനിയിൽ ആഘോഷിക്കുകയാണ് കോളിവുഡിലെ നവദമ്പതികളായ അശോക് സെൽവനും കീർത്തി പാണ്ഡ്യനും. അശോക് സെൽവൻ കീർത്തി പാണ്ഡ്യനുമായി പ്രണയത്തിലാണെന്ന നിരവധി ഗോസിപ്പുകൾ വന്നിരുന്നുവെങ്കിലും ആരാധകർ അതൊന്നും വിശ്വസിക്കാൻ കൂട്ടാക്കിയിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിലാണ് അശോക് സെൽവനും കീർത്തി പാണ്ഡ്യനും വിവാഹിതരായതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇരുവരുടെയും നിറവും സൗന്ദര്യവും ആസ്തിയുമായിരുന്നു പിന്നീട് ഏറെനാൾ സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം.
കീർത്തിയായിരുന്നു ഇര. അശോക് സെൽവൻ എന്തിന് കീർത്തിയെ വിവാഹം ചെയ്തു. ഇതിലും നല്ല സ്ത്രീകളെ അശോകിന് ലഭിക്കുമായിരുന്നു തുടങ്ങി ബോഡിഷെയ്മിങ് കമന്റുകൾ കൊണ്ട് കീർത്തിയുടെ സോഷ്യൽമീഡിയ നിറഞ്ഞിരുന്നു. ആദ്യത്തെ അനുഭവമല്ലെന്നതുകൊണ്ട് തന്നെ കീർത്തിയെ ഇതൊന്നും ബാധിച്ചതേയില്ല.

മാത്രമല്ല അത്തരം കമന്റുകൾക്ക് അശോക് സെൽവൻ കുറിക്കുകൊള്ളുന്ന മറുപടി പറയുകയും ചെയ്തു. ഒരുമിച്ച് ഒരു സിനിമ ചെയ്തപ്പോൾ കീർത്തിയുടെ സ്വത്തിൽ ആകൃഷ്ടനായി അശോക് പ്രണയാഭ്യർത്ഥന നടത്തിയതായിരിക്കാം എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ എന്നാൽ പത്ത് വർഷത്തോളം നീണ്ട പ്രണയവും പരിചയവും ഇരുവർക്കുമിടയിലുണ്ടെന്ന് എല്ലാവരും തിരിച്ചറിഞ്ഞത് താരങ്ങളുടെ അഭിമുഖം പുറത്ത് വന്നപ്പോഴാണ്.
സൗന്ദര്യത്തെ കുറിച്ചെല്ലാം വ്യത്യസ്തമായ കാഴ്ചപ്പാട് സൂക്ഷിക്കുന്നയാളാണ് അശോക് സെൽവൻ. അതുകൊണ്ട് തന്നെ കീർത്തിയെ താരം പങ്കാളിയാക്കിയതിൽ അത്ഭുതപ്പെടാനില്ലെന്നാണ് ഇരുവരെയും അനുകൂലിക്കുന്നവർ കുറിച്ചത്.
വിവാഹശേഷം അശോക് സെൽവന്റെ ആദ്യത്തെ പിറന്നാൾ വന്നെത്തിയിരിക്കുകയാണ്. ആഘോഷം കീർത്തിക്ക് ഒപ്പം ജർമ്മനിയിലും. ഒരുമിച്ചുള്ള ആദ്യത്തെ പിറന്നാൾ ആഘോഷങ്ങൾക്ക് മനോഹരമായ കുറിപ്പോടെയാണ് കീർത്തി തുടക്കം കുറിച്ചിരിക്കുന്നത്. ജർമ്മനിയിലെ ചാറ്റൽ മഴ ഭർത്താവിന്റെ നെഞ്ചോട് ചേർന്ന് നിന്ന് നനയുന്ന മനോഹര ചിത്രം പങ്കുവെച്ചായിരുന്നു കീർത്തി അശോകിന് പിറന്നാൾ ആശംസിച്ചത്.
'എനിക്ക് സംഭവിച്ചതിൽ വെച്ച് ഏറ്റവും നല്ല കാര്യം നിങ്ങളാണ്. നിങ്ങളുടെ സ്നേഹവും സന്തോഷവും നമുക്ക് ചുറ്റുമുള്ള പ്രകൃതിയിൽ പോലും മികച്ചത് കൊണ്ടുവരുന്നു. നിങ്ങളുടെ വലിയ ഹൃദയത്തിന്... നിങ്ങൾക്ക് എല്ലാം സമൃദ്ധമായി ലഭിക്കും. ഞാൻ നിന്നെ സ്നേഹിക്കുന്നു', എന്നായിരുന്നു കീർത്തിയുടെ കുറിപ്പ്.

കുറിപ്പ് വൈറലായതോടെ ഇരുവരുടെയും കപ്പിൾ ഫോട്ടോയാണ് ആരാധകരുടെ മനം നിറച്ചത്. ഇരുവരും മഴ നനഞ്ഞ് നിൽക്കുമ്പോൾ പിറകിലായി മഴവില്ല് വിരിഞ്ഞ് നിൽക്കുന്നതും കാണാം. തങ്ങളുടെ എല്ലാ കാര്യങ്ങളിലും പ്രകൃതി എപ്പോഴും പിന്തുണയേകി ഉണ്ടാകാറുണ്ട് കീർത്തി മുമ്പ് പറഞ്ഞതിന്റെ പൊരുൾ പുതിയ ചിത്രം കണ്ടപ്പോൾ ബോധ്യമായി എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്.
ഇരുവരുടെയും വിവാഹം കീർത്തിയുടെ ഫാം ഹൗസിൽ ഒരുക്കിയ പന്തലിലായിരുന്നു. ആ ചടങ്ങ് നടക്കുമ്പോഴെല്ലാം മഴയും കാറ്റും ഒന്നും ഇല്ലാതെ പ്രകൃതി ശാന്തമായി നിന്നുവെന്നും അത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും കീർത്തി തന്നെ മുമ്പ് പറഞ്ഞിരുന്നു.
നിരവധി പേരാണ് അശോക് സെൽവന് ആശംസകളുമായി എത്തിയത്. ഇരുവരുടെയും വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാക്കാർക്കായി പിന്നീട് ചെന്നൈയിൽ പാർട്ടി നടത്തുകയാണ് ചെയ്തത്. 2013ല്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കീര്‍ത്തിയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ എല്ലാം ചേര്‍ന്ന് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.
അന്ന് സുഹൃത്തിന്റെ സുഹൃത്തായ അശോക് സെല്‍വനും ആ പരിപാടിയ്ക്ക് ചെനനിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു തനിക്കെന്നാണ് അശോക് സെല്‍വന്‍ പ്രണയകഥ വെളിപ്പെടുത്തി പറഞ്ഞത്. ബ്ലൂ സ്റ്റാറില്‍ ഒന്നിച്ച് അഭിനയിച്ചപ്പോഴാണ് ഇരുവരും പ്രണയത്തിലായതെന്ന വാര്‍ത്ത കണ്ട് തങ്ങള്‍ തന്നെ ഇരുന്ന് ചിരിച്ചിട്ടുണ്ടെന്നും കീര്‍ത്തിയും അശോക് സെല്‍വനും പറഞ്ഞിരുന്നു.


Click it and Unblock the Notifications











