ദാമ്പത്യം ഉപേക്ഷിച്ച് സിനിമയിലേക്ക്, 15 വയസിന് ഇളയ നടനുമായി പ്രണയവും മതം മാറ്റവും; ഖദീജയ്ക്ക് സംഭവിച്ചത്!
എഴുപതുകളിൽ തെന്നിന്ത്യയിൽ താര പദവി അലങ്കരിച്ചിരുന്ന നടനായിരുന്നു സുധീർ. നടി ശ്രീദേവിയുടെ മലയാളത്തിലെ ആദ്യ നായകൻ. ഏതാണ്ട് 120ന് മുകളിൽ സിനിമകളിൽ സുധീർ അഭിനയിച്ചിട്ടുണ്ട്. എട്ടോളം തമിഴ് സിനിമകളിൽ പ്രധാന വേഷം ചെയ്തു. രജനികാന്തിന്റെ ഭൈരവി എന്ന സിനിമയിലെ സെക്കന്റ് ഹീറോ ആയിരുന്നു. 1975ൽ സത്യത്തിന്റെ നിഴലിൽ എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സുധീറിന് ലഭിച്ചു.
സുകുമാരൻ, സോമൻ തുടങ്ങിയവരുടെ കടന്ന് വരവും അതിന്റെ പിന്നാലെ എത്തിയ ജയൻ തരംഗവും ശക്തമായപ്പോൾ സുധീറിന് അധികകാലം പിടിച്ച് നിൽക്കാനായില്ല. സുധീറിന്റെ ജീവിത കഥ പറയുമ്പോൾ അതുമായി കെട്ട് പിണഞ്ഞ് കിടക്കുന്ന മറ്റൊരാളുടെ കഥ കൂടി പറയേണ്ടി വരും. അത് പഴയകാല നടി ഖദീജയുമായി ബന്ധപ്പെട്ടതാണ്.

പുതിയ തലമുറയ്ക്ക് ഖദീജ എന്ന നടിയെ കുറിച്ച് കൂടുതലൊന്നും അറിയാൻ വഴിയില്ല. എന്നാൽ അവർ അഭിനയിച്ച ഒരു സിനിമയും അതിലെ രംഗവും പറഞ്ഞാൽ നടിയെ എല്ലാവർക്കും പിടികിട്ടും. തേന്മാവിൻ കൊമ്പത്ത് സിനിമയിൽ മോഹൻലാൽ വഴി ചോദിക്കുന്ന അമ്മച്ചിയുടെ വേഷം ചെയ്തത് ഇതേ ഖദീജയാണ്. സാത്ത് രംഗേക്കേ സപ്നെ എന്ന ഹിന്ദി ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്.
ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ കാലത്തെ അറിയപ്പെടുന്ന താരമായിരുന്നു അവർ. സുധീർ-ഖദീജ പ്രണയ കാലത്തെ കുറിച്ച് ആലപ്പി അഷ്റഫ് മനസ് തുറക്കുന്നു... കലാമണ്ഡലത്തിൽ നിന്നും നൃത്തം പഠിച്ചിറങ്ങിയ ആദ്യ മുസ്ലീം വനിതയായിരുന്നു. പിന്നീട് അവർ ദാമ്പത്യ ജീവിതവും കുടുംബവും ഉപേക്ഷിച്ച് സിനിമാ അഭിനയത്തിനായി മദ്രാസിലേക്ക് ചേക്കേറി.
മലയാളത്തിലെ ആദ്യ കോമഡി ചിത്രമെന്ന് പറയപ്പെടുന്ന വിരുതൻ ശങ്കുവിൽ അവർ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് അവർ ചെയ്തത് ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. സിനിമകളും സൂപ്പർ ഹിറ്റായിരുന്നു. മാത്രമല്ല രാശിയുള്ള നടിയായി നിർമ്മാതാക്കളും സംവിധായകരും വിശേഷിപ്പിച്ചു. അവർ അഭിനയിച്ച സംഭവാമി യുഗേ യുഗേ, ലങ്ക ദഹനം എന്നിവ നൂറ് ദിവസം പ്രദർശിപ്പിച്ചവയാണ്.
മറ്റുള്ളവരെ സഹായിക്കുന്ന വലിയ മനസിന്റെ ഉടമയായിരുന്നു ഖദീജ. ജഗതി ശ്രീകുമാറിന്റെ ആദ്യ വിവാഹം കഴിഞ്ഞപ്പോൾ അവർ സഹായം ചോദിച്ച് എത്തിയത് ഖദീജയുടെ അടുക്കലായിരുന്നു. വിശന്ന് വലഞ്ഞ് ആര് വീട്ടിൽ വന്നാലും അവർക്ക് ഖദീജ ഭക്ഷണം ഒരുക്കി കൊടുക്കുമായിരുന്നു. കഴിവും തന്റേടവുമുള്ള സ്ത്രീയായിരുന്നു.
സിനിമാ രംഗത്ത് അവർക്ക് ചുറ്റും വലിയൊരു സൗഹൃദ വലയം തന്നെ ഉണ്ടായിരുന്നു. ആ സൗഹൃദ വലയത്തിൽ നടൻ സുധീറും അകപ്പെട്ടു. സുധീറിനെക്കാളും 15 വയസ് കൂടുതലായിരുന്നു ഖദീജയ്ക്ക്. ഇരുവരുടേയും സൗഹൃദം പിന്നീട് ലിവിങ് ടുഗെതറായി പരിണമിച്ചു. ആരും ഇരുവരുടേയും ബന്ധത്തെ എതിർക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. സുധീറിന്റെ സുഹൃത്ത് എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു സുധീറിന് ഖദീജയെ ഭയമായിരുന്നുവെന്ന്.
കാലക്രമേണ സുധീറിന് സിനിമകൾ തീരെ ഇല്ലാതായി. അതിന്റെ ബുദ്ധിമുട്ടുകൾ സുധീറിന്റെ സ്വഭാവത്തിലെ താളപ്പിഴകൾക്ക് വഴിവെച്ചു. ഇതിനിടയിൽ ഖദീജ ഭക്തി മാർഗത്തിലേക്ക് കടന്നു. അത് ക്രിസ്തീയ വിശ്വാസമായിരുന്നു. പോട്ട ധ്യാന കേന്ദ്രത്തിൽ എത്തി ധ്യാനം കൂടി മാനസാന്തരം സംഭവിച്ചു. ഖദീജയെ വിട്ട് വന്നശേഷം കോഴിക്കോടേക്ക് തിരിച്ച് വന്ന സുധീർ വല്ലാത്ത മാനസീകാവസ്ഥയിൽ ആയിരുന്നു. മദ്യപാനവും തുടങ്ങി.
പിന്നീട് എല്ലാത്തിൽ നിന്നും പരിണാമം ഉണ്ടായി മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. 2004ൽ ഹൃദയാഘാതം മൂലമാണ് സുധീർ മരിച്ചത്. ഖദീജയ്ക്ക് പിന്നീട് ശ്വാസകോശ അർബുദം പിടിപെട്ടു. അതേ തുടർന്ന് ആ കലാകാരിയും 77 ആം വയസിൽ ഇഹലോഹ വാസം വെടിഞ്ഞു.


Click it and Unblock the Notifications











