കഷ്ടപ്പാടിൽ ജനിച്ചത് കൊണ്ട് അതറിയാം; വയസായി എന്ന് ചിന്തിക്കുന്നില്ല; കോവെെ സരള പറയുന്നു
തമിഴകത്ത് കോമഡി വേഷങ്ങളിൽ തിളങ്ങിയ നടിയാണ് കോവെെ സരള. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച കോവൈ സരള ഒരു കാലത്തെ തിരക്കേറിയ നടിയായിരുന്നു. കോമഡി വേഷങ്ങളിൽ തിളങ്ങാൻ കഴിഞ്ഞ നടിമാർ തമിഴകത്ത് വിരളമാണ്. മനോരമയ്ക്ക് ശേഷം ആ സ്ഥാനത്തേക്ക് ഉയർന്ന് വരാൻ കോവെെ സരളയ്ക്ക് കഴിഞ്ഞു. തമിഴ്നാട്ടിലാണ് ശ്രദ്ധ നേടിയതെങ്കിലും കോവെെ സരള മലയാളിയാണ്.
മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് കോവെെ സരളയിപ്പോൾ. കരിയറിലെ തിരക്കേറിയ കാലത്തെക്കുറിച്ച് കോവെെ സരള സംസാരിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ഷൂട്ട് തുടങ്ങിയാൽ ഏഴെട്ട് ഷൂട്ടിംഗ് ഉണ്ടാകും. അതിൽ വെവ്വേറെ ഗെറ്റപ്പുകൾ. അപ്പോൾ അതൊക്കെ വലിയ താൽപര്യമുള്ള കാര്യമാണ്. ആ പടത്തിന് രണ്ട് മണിക്കൂർ, ഈ പടത്തിന് മൂന്ന് മണിക്കൂർ എന്നിങ്ങനെ മണിക്കൂറിന്റെ കണക്കിൽ അഭിനയിച്ച കാലങ്ങൾ ഉണ്ടായിട്ടുണ്ട്.

ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്ക്. ഉറക്കം വരുമ്പോൾ കാറിൽ കുറച്ച് നേരം ഉറങ്ങും. ഇപ്പോൾ അങ്ങനെയില്ല. കേരളം എനിക്ക് ഭയങ്കര ഇഷ്ടമാണ്. വർഷാവർഷം ഗുരുവായൂരിൽ പോകും. എപ്പോൾ മദ്രാസിൽ വന്നോ അന്ന് തൊട്ട് ഇന്ന് വരെ വർഷം തോറും ഗുരുവായൂരിൽ പോകും. ഇപ്പോൾ യാത്രകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും കോവൈ സരള വ്യക്തമാക്കി. ദിവസേന യാത്ര ചെയ്യും. വയസായി, എന്ത് ചെയ്യും, അങ്ങനെയൊന്നും ചിന്തിക്കുന്നില്ല.
ഇന്ന് ജനിച്ചത് പോലെയാണ് താൻ ജീവിതത്തെ കാണുന്നതെന്നും കോവൈ സരള വ്യക്തമാക്കി. വെറുതെ സിനിമകൾ ചെയ്യാൻ ഇപ്പോൾ താൽപര്യമില്ല. ഇഷ്ടപ്പെട്ടാൽ ചെയ്യും. കഷ്ടപ്പാടിൽ ജനിച്ചത് കാരണം അതിന്റെ ടേസ്റ്റ് നമുക്കറിയാം. നാല് പേരെ സഹായിക്കണം. അങ്ങനെ ചെയ്യുമ്പോൾ സന്തോഷമുണ്ടെന്നും കോവെെ സരള വ്യക്തമാക്കി. പത്ത് സിനിമകളോളം പുറത്തിറങ്ങാനുണ്ട്. എല്ലാം പുതിയ സംവിധായകരാണ്.

ഇപ്പോൾ സിനിമ മുമ്പത്തെ പോലെയല്ല. വിളിക്കുന്നു, പോയി ചെയ്യുന്നു എന്നേയുള്ളൂ. ആരോടും സംസാരിക്കാതെ വീട്ടിൽ നാല് ചുമരിനുള്ളിൽ ഇരിക്കാൻ എനിക്കിഷ്ടമാണ്. ടിവി കാണാറില്ല. ഷൂട്ടിംഗില്ലെങ്കിൽ മിണ്ടാതെ വീട്ടിലിരിക്കും. എല്ലാവരും എന്താണ് ചെയ്യുന്നതെന്ന് ചോദിക്കും. ഒന്നും ചെയ്യുന്നില്ലെന്ന് താൻ പറയുമെന്നും കോവെെ സരള വ്യക്തമാക്കി.
മലയാളത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും കോവെെ സരള പറയുന്നു. മാതൃഭാഷയായതിനാൽ അഭിനയിക്കാൻ ആഗ്രഹമുണ്ടാകില്ലേ, പക്ഷെ അവർ വളരെ നാച്വറലാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരുപാട് മലയാള സിനിമകൾ കാണും. വീട്ടിലിരുന്നാൽ കാണുന്നത് മിക്കവാറും മലയാള സിനിമകളാണ്. ഫഹദ് ഫാസിൽ, മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങിയ നടൻമാരെ തനിക്ക് വളരെ ഇഷ്ടമാണെന്നും കോവെെ സരള പറഞ്ഞു.


Click it and Unblock the Notifications











