എംജിആറിനെ കാണാന്‍ ഹോട്ടലിന്റെ മുന്നില്‍ നില്‍ക്കും, പഠിക്കാന്‍ പണമയച്ചു; കോവൈ സരള
തമിഴില്‍ കോമഡി വേഷങ്ങള്‍ അനായാസമായി കൈകാര്യം ചെയ്യുന്ന നടിയാണ് കോവൈ സരള. ഒരു പിടി നല്ല കോമഡി കഥാപാത്രങ്ങള്‍ ചെയ്ത കോവൈ സരള മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. നിറം, കേരള ഹൗസ് ഉടന്‍ വില്‍പ്പനയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലും മലയാളത്തില്‍ കോവൈ സരള വേഷമിട്ടു. മലയാൡയായ കോവൈ സരള തൃശൂര്‍ മരുതാക്കരയാണ് ജനിച്ചത്. കേരളത്തില്‍ വരുമ്പോള്‍ സ്ഥിരമായി ഗുരുവായൂരില്‍ വന്ന് തൊഴുന്ന ആളുമാണ് കോവൈ സരള.
കുട്ടിയാവുമ്പോള്‍ എം.ജി.ആറിനോട് വലിയ ആരാധനയുള്ള വ്യക്തിയായിരുന്നു കോവൈ സരള. എംജിആര്‍ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിയത് വലി സന്തോഷമുള്ള കാര്യമാണെന്ന് കോവൈ സരള മുന്നെ പറഞ്ഞിട്ടുണ്ട്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കോവൈ സരള എംജിആറിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തമിഴില്‍ അക്കാലത്ത് എംജിആറിനും ശിവാജിക്കുമൊക്കെ വലിയ ആരാധക കൂട്ടം തന്നെ ഉള്ള സമയമാണ്. താന്‍ അന്ന് വലിയ എംജിആര്‍ ഫാന്‍ ആയിരുന്നു. എം.ജി.ആറിനെ വലിയ ഇഷ്ടമായിരുന്നു. ഒരു അഞ്ചാം ക്ലാസ് ഒക്കെ തൊട്ട് അദ്ദേഹത്തിന്റെ ആരാധികയാണ്. ആ സമയത്താണ് എംജിആര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഒക്കെ തുടങ്ങുന്നത്. കോയമ്പത്തൂരിലെ അലങ്കാര്‍ ഹോട്ടലില്‍ അന്ന് പുള്ളി വരും. അന്ന് അദ്ദേഹത്തെ കാണാന്‍ വേണ്ടി രാവിലെ രാവലെ എഴുന്നേറ്റ് റെഡി ആയി ഏഴ് മണി ഒക്കെ കഴിയുമ്പോള്‍ സ്‌കൂള്‍ യൂനിഫോം ഒക്കെ ഇട്ട് ഹോട്ടലിന്റെ മുന്നില്‍ പോയി നില്‍ക്കും. അദ്ദേഹം പോവുമ്പോള്‍ എന്നും റ്റാറ്റ കാണിച്ചിട്ട് പോകും. അദ്ദേഹം പോയി കഴിഞ്ഞ് സ്‌കൂളിലും പോകുമെന്ന് കോവൈ സരള ഓര്‍ത്തെടുക്കുന്നു.
'ഒരു സമയത്ത് എംജിആര്‍ പത്ത് ദിവസം അടുപ്പിച്ചോ മറ്റോ ആ ഹോട്ടലില്‍ ഉണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ എന്നെ കണ്ടിട്ട് അദ്ദേഹം ഈ കുട്ടി ആരാണെന്ന് അന്വേഷിച്ച് ഒരു ദിവസം എന്നെ അടുത്തേക്ക് വിളിച്ചു. ഞാന്‍ ശരിക്കും പേടിച്ചു പോയി. എന്താണ് പേര് എന്ന് ചോദിച്ചു. സരള കുമാരി എന്നാണെന്ന് അദ്ദേഹത്തോട് മറുപടി പറഞ്ഞു. എവിടെയാ പഠിക്കുന്നത്? സ്‌കൂളില്‍ പോയില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇല്ല, നിങ്ങളെ നോക്കാന്‍ വേണ്ടി വന്നതാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അദ്ദേഹം സ്‌കൂളിന്റെ അഡ്രസ് ഒക്കെ വാങ്ങിച്ചു. ഞാന്‍ ആകെ പേടിച്ചു പോയി. പുള്ളി പോയി വല്ല പരാതിയും പറയുമോ എന്നൊക്കെ ആലോചിച്ചു.
പക്ഷെ അടുത്ത വര്‍ഷം മുതല്‍ അദ്ദേഹം എനിക്ക് പഠിക്കാന്‍ ഫീസ് അയക്കുകയാണ് ചെയ്തത്. ഇത് വലിയ ഷോക്ക് ആയിരുന്നു. എം ജി ആര്‍ പഠിപ്പിക്കുന്ന കുട്ടി എന്ന് പറഞ്ഞ് സ്‌കൂളില്‍ അപ്പോള്‍ തന്നെ ഞാന്‍ ഭയങ്കര ഫേമസ് ആയി തുടങ്ങി. അങ്ങനെ ഒരു പത്താം ക്ലാസ് വരെ അദ്ദേഹം എനിക്ക് പഠിക്കാനുള്ള പൈസ അയച്ചു തരുന്നുണ്ടായിരുന്നു,' കോവൈ സരള പറഞ്ഞു.
അന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ അദ്ദേഹത്തോട് എനിക്ക് സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, നീ ആദ്യം പഠിക്ക്, എന്നിട്ട് നിന്നെ ഞാന്‍ സിനിമയില്‍ കൊണ്ടു വരാം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും കോവൈ സരള പറയുന്നു.

നടന്‍ ഭാഗ്യരാജ് സര്‍ തങ്ങളുടെ വീടിന് അടുത്തായിരുന്നു. ഫാമിലി ഫ്രണ്ടുമായിരുന്നു. തനിക്ക് അഭിനയത്തില്‍ ഒക്കെ താത്പര്യമുള്ള കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരിക്കല്‍ അച്ഛന് വയ്യാതിരിക്കുന്ന സമയത്ത് അദ്ദേഹം വീട്ടില്‍ കാണാന്‍ വന്നു. അന്ന് എന്നോട് എന്താണ് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു. അന്ന് ഞാന്‍ ടൈപ്പ്‌റൈറ്റിംഗ് ഒക്കെ ചെയ്ത് നില്‍ക്കുന്ന സമയമാണ്.
ഒരു സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചു. അതാണ് അഭിനയത്തിന്റെ തുടക്കം. 'നിങ്ങളല്ലേ എന്നെ ഹീറോയിന്‍ ആക്കാം എന്നൊക്കെ പറഞ്ഞിരുന്നത്' എന്ന് അന്ന് ഞാന്‍ അപ്പോള്‍ തിരിച്ച് ചോദിച്ചു. അങ്ങനെ ഒരു സിനിമയില്‍ വേഷം തന്നു. അതില്‍ ഉര്‍വശി ഉണ്ടായിരുന്നു. അവരായിരുന്നു നായിക. അന്ന് പക്ഷെ ഞങ്ങള്‍ക്ക് പരിചയമില്ല എന്നും കോവൈ സരള ഓര്‍ത്തെടുക്കുന്നു.


Click it and Unblock the Notifications











