മുപ്പത്തിയേഴിലും സിംഗിൾ; കല്യാണം കഴിക്കാൻ ആഗ്രഹമില്ല, ചേട്ടനും അവിവാഹിതൻ, വിവാഹിതരിൽ പലരും ഹാപ്പിയല്ല!
വളരെ വർഷങ്ങളായി മലയാള സിനിമയിലെ നല്ലൊരു നടി എന്ന നിലയിൽ കൃഷ്ണപ്രഭ സജീവമാണ്. സഹനടി, കോമഡി റോളുകളിലാണ് താരം ഏറെയും തിളങ്ങിയിട്ടുള്ളത്. അഭിനയം പോലെതന്നെ നൃത്തത്തെയും സ്നേഹിക്കുന്ന കൃഷ്ണപ്രഭ സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. കലയാണ് താരത്തിന്റെ ജീവവായു. തിരുവോണം അടുത്തതുകൊണ്ട് തന്നെ സ്റ്റേജ് ഷോകളും പ്രോഗ്രാമുകളുമായി തിരക്കിലാണ് കൃഷ്ണപ്രഭ.
മുപ്പത്തിയേഴുകാരിയായ താരം മലയാള സിനിമയിൽ അവശേഷിക്കുന്ന ബാച്ച്ലേഴ്സിൽ ഒരാളാണ്. വിവാഹം വൈകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് നടി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.

കല്യാണം കഴിക്കാൻ എനിക്ക് ആഗ്രഹമില്ല. അമ്മ എന്നെ നിർബന്ധിക്കാറുമില്ല. ഇപ്പോൾ പൊതുവെ കണ്ട് വരുന്നത് ഒരു അഡ്ജസ്റ്റ്മെന്റ് ലൈഫാണ് വിവാഹം എന്നതാണല്ലോ. അങ്ങനെ അഡ്ജസ്റ്റ് ചെയ്ത് കളയേണ്ടതല്ലല്ലോ ജീവിതം. അല്ലെങ്കിൽ കറക്ടായിട്ടുള്ള ആപ്റ്റായിട്ടുള്ള ആളായിരിക്കണം പങ്കാളി. വിവാഹശേഷം എനിക്ക് അറിയാവുന്ന പലരും ഹാപ്പി അല്ലാതെ ജീവിക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്.
പലരുടേയും ഷോയാണ്. നമ്മൾ സിനിമയിൽ കാണുന്നതിനേക്കാൾ അടിപൊളി ആക്ടിങ് റിയൽ ലൈഫിൽ നമ്മൾ കണ്ടോണ്ടിരിക്കുന്നതല്ലേ. കല്യാണത്തിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. എനിക്ക് ആകെ ഒരു സഹോദരൻ മാത്രമെയുള്ളു. ഉണ്ണി കൃഷ്ണൻ എന്നാണ് പേര്. ഞങ്ങൾ രണ്ടുപേരും അമ്മയും അടങ്ങുന്നതാണ് കുടുംബം. ചേട്ടനും കല്യാണം കഴിച്ചിട്ടില്ല.
പത്ത് വയസ് വ്യത്യാസം ഞാനും ചേട്ടനും തമ്മിലുണ്ട്. അമ്മയും രണ്ട് മക്കളുമുള്ള സന്തുഷ്ട കുടുംബമാണ്. സമാധാനവും സന്തോഷവുമുണ്ടെന്ന് കൃഷ്ണപ്രഭ പറയുന്നു. ആര്യ-സിബിൻ വിവാഹത്തിന് ജീൻസും ജാക്കറ്റും ധരിച്ചാണോ പങ്കെടുത്തതെന്ന ചോദ്യത്തിനും നടി മറുപടി നൽകി. ആര്യയുടെ മകൾ ഖുഷിക്കൊപ്പം കൃഷ്ണപ്രഭ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.
പലരും എന്നോട് ചോദിച്ചിരുന്നു എന്തുകൊണ്ടാണ് കല്യാണത്തിന് ജീൻസും ജാക്കറ്റും ഇട്ട് പോയതെന്ന്. നിങ്ങൾ കണ്ടത് ഖുഷിക്കൊപ്പം സംഗീത് നൈറ്റിൽ ഞാൻ ചെയ്ത പെർഫോമൻസിന്റെ വീഡിയോയാണ്. ഞങ്ങൾ ഒരു ആക്ടാണ് ചെയ്തത്. ലൈഫ് സ്റ്റോറിയായിരുന്നു. അതുകൊണ്ട് സിബിൻ ആയാണ് ഞാൻ അഭിനയിച്ചത്. സിബിന്റെ തന്നെ ജാക്കറ്റായിരുന്നു ഇട്ടിരുന്നത്. എല്ലാവരും കാത്തിരുന്ന വിവാഹമായിരുന്നു അവരുടേത്.

രണ്ടുപേരുമായി എനിക്ക് നല്ല സൗഹൃദമുണ്ട്. വർഷങ്ങളായി അറിയാം. അന്ന് ആ ഫങ്ഷനിൽ പാട്ടും ഡാൻസുമെല്ലാം ഞാൻ അവതരിപ്പിച്ചിരുന്നു. സംഗീത് ഒരു ഇവന്റായി മാറി അവസാനം. ബെസ്റ്റ് ഫ്രണ്ട്സ് കല്യാണം കഴിച്ച് ഭാര്യയും ഭർത്താവുമായി എന്ന് പറയുന്നതാണ് അവരുടെ കാര്യത്തിൽ ശരി. വളരെ ഇന്റിമേറ്റായ വെഡ്ഡിങ്ങായിരുന്നു. വിവാദങ്ങൾ എല്ലാം ഉണ്ടായതുകൊണ്ട് പ്രൈവസി നോക്കണമല്ലോയെന്ന് എല്ലാവരും കരുതി നടി പറഞ്ഞു.
റിലീസിനൊരുങ്ങുന്ന സിനിമകളെ കുറിച്ചും നടി വാചാലയായി. ഓണം കഴിഞ്ഞ് ദൃഢം എന്നൊരു സിനിമ റിലീസാവുന്നുണ്ട്. ഷെയ്ൻ നിഗമാണ് നായകൻ. കൂടാതെ വലത് വശത്തെ കള്ളൻ എന്നൊരു സിനിമയും വരാനുണ്ട്. എന്റെ പോഷന്റെ ഡബ്ബിങ് കഴിഞ്ഞു. ബിജു മേനോനും ജോജു ജോർജ് ചേട്ടനുമാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്.
വേറെയും പ്രോജക്ടുകളുണ്ട്. പക്ഷെ ഒന്നും പുറത്ത് പറയാറായിട്ടില്ല. സിനിമയ്ക്ക് സ്റ്റേജ് ഷോകൾ ചെയ്യുന്നുണ്ട്. കവർ സോങ്ങുകൾ ചിലത് ഇറക്കിയിരുന്നു. നല്ല അഭിപ്രായം കിട്ടിയിരുന്നു എന്നും കൃഷ്ണപ്രഭ പറയുന്നു. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന സിനിമയിലൂടെയാണ് കൃഷ്ണപ്രഭ അഭിനയിച്ച് തുടങ്ങിയത്. ദൃശ്യം 2വിലും ശ്രദ്ധേയ വേഷം ചെയ്തിരുന്നു.


Click it and Unblock the Notifications











