ഞാൻ ഒറ്റപ്പെട്ടു... ജീവനുണ്ടെന്ന് മാത്രം, ഇന്ന് കിടന്നാൽ നാളെ ഉണരരുത് എന്നാണ് പ്രാർത്ഥന, മരണമാണ് നല്ലത്; ലീല!
മുപ്പത്തിയഞ്ച് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ് നടി കുളപ്പുള്ളി ലീല. അമ്മ വേഷങ്ങളും സഹനടി റോളുകളും കോമഡി കഥാപാത്രങ്ങളുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന നടി തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ അഭിനയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയപ്പോൾ നിറകണ്ണുകളോടെ മീഡിയയോട് നടി തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത‍്.
ഒറ്റപ്പെട്ട അവസ്ഥയിലാണ് താനെന്നും അമ്മയുടെ മരണത്തോടെ സന്തോഷം പോലും നഷ്ടമായെന്നും നടി പറയുന്നു. എനിക്ക് ഒരു വീടുണ്ട്. അത് നോക്കാൻ ഞാൻ മാത്രമെയുള്ളു. എനിക്കൊപ്പം ആരും വേണ്ടെന്ന് ദൈവം തീരുമാനിച്ചു. അതുകൊണ്ട് ആരും ഇല്ല. എന്റെ ജീവിതവും സന്തോഷവുമെല്ലാം ഇപ്പോൾ സിനിമ മാത്രമാണ്. എനിക്ക് സർവ്വസ്വവും അമ്മയായിരുന്നു.

തൊണ്ണൂറ്റി ഏഴാം വയസിൽ അമ്മ മരിച്ചു. അതോടെ ഞാൻ ഒറ്റപ്പെട്ടു. ഇപ്പോൾ ജീവിക്കുന്നു അത്രമാത്രം. അമ്മ ഒരാൾ ഒപ്പമുണ്ടെങ്കിൽ നമുക്കൊപ്പം എല്ലാവരും ഉള്ളതുപോലെ തോന്നും. ഇപ്പോഴും ആൾക്കാരുണ്ട്. പക്ഷെ മനസിൽ ഞാൻ ഒറ്റപ്പെട്ടത് പോലെയാണ്. എനിക്കിപ്പോൾ ഒരു സന്തോഷവുമില്ല. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയ്ക്കുള്ള സ്ഥലം ഞാൻ ഒഴിച്ചിടും.
എന്റെ അടുത്ത് വന്ന് കിടന്നോളാൻ പറയും. രണ്ട് മക്കളേയും ഭർത്താവിനേയും എനിക്ക് നഷ്ടപ്പെട്ടു. അതെല്ലാം വിധിയാണ്. പക്ഷെ അമ്മയുടെ മരണം എനിക്ക് ഉൾക്കൊള്ളാനാവുന്നില്ല. ആരുടേയും മുന്നിൽ കരഞ്ഞ് കാണിക്കണമെന്ന് എനിക്കില്ല. പക്ഷെ അമ്മയുടെ കാര്യം പറയുമ്പോൾ സങ്കടം അടക്കിപിടിക്കാൻ കഴിയുന്നില്ല. എന്റെ അവസ്ഥയൊന്നും ഞാൻ ആരോടും പൊതുവെ പറയാറില്ല.
പട്ടിണിയാണെങ്കിലും മുണ്ട് മുറുക്കി ഉടുത്തശേഷം ബിരിയാണി കഴിച്ചുവെന്ന് മാത്രമെ ഞാൻ പറയാറുള്ളു. സിനിമാ തിരക്കുകളും മറ്റും ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് വട്ട് പിടിക്കാത്തത്. ആരുമില്ലല്ലോ എനിക്ക് ഇനി... ആരാണ് ഉള്ളത്?. അമ്മയുള്ളപ്പോൾ അമ്മയിലൂടെയാണ് ഞാൻ എല്ലാം കണ്ടിരുന്നത്. ഇവിടെ ഇപ്പോൾ എല്ലാവരുമുണ്ട്. ഇതെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ ഞാൻ ഒറ്റപ്പെട്ടില്ലേ.
മക്കളെ നഷ്ടപ്പെട്ടപ്പോൾ ഞാൻ കരുതി ഇനി എന്നെ ആരും അമ്മയെന്ന് വിളിക്കില്ലെന്ന്. പക്ഷെ ഇപ്പോൾ ഞാൻ ലോകം മുഴുവൻ അമ്മയാണ്. ഒരുപാട് മക്കൾ എനിക്കുണ്ട്. ആരുടേയും മുന്നിൽ കൈ നീട്ടാതെ ഒരാളെയും ബുദ്ധിമുട്ടിക്കാതെ ഇന്ന് രാത്രി പോയി കിടന്നാൽ നാളെ രാവിലെ എഴുന്നേൽക്കരുത് എന്നാണ് എന്റെ പ്രാർത്ഥന. ഒറ്റപ്പെട്ടാൽ പിന്നെ മരണമാണ് നല്ലത് നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ചുകൊണ്ട് നടി പറഞ്ഞു.

സിനിമയിൽ വന്നിട്ട് മുപ്പത്തിനാല് വർഷമായി. എല്ലാവരോടും എനിക്ക് നന്ദി മാത്രമേയുള്ളു. കൊല്ലം ചൈതന്യയിൽ നാടകം കളിക്കുമ്പോഴാണ് കമൽ സാർ എന്നെ സിനിമയിലേക്ക് വിളിച്ചത്. രജിനികാന്ത് സാറിന്റെ മുത്തുവാണ് ആദ്യ സിനിമ. എനിക്ക് ഏത് ഭാഷയിൽ നിന്ന് വർക്ക് കിട്ടിയാലും ഇഷ്ടമാണ്. പ്രത്യേകിച്ച് ഒരു ഭാഷ പറയാനില്ല. മരണം വരെ സിനിമ കിട്ടണം എന്ന ആഗ്രഹമുണ്ട്.
രജിനികാന്തിന്റെ മുത്തശ്ശിയായി വരെ അഭിനയിച്ചു. ഇരുപത് ബിഗ് ബജറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആരോടും കോമഡി പറയാത്ത മമ്മൂക്ക ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചപ്പോൾ ഒരുപാട് തമാശയൊക്കെ പറഞ്ഞാണ് അഭിനയിച്ചത്. ഇനി അഞ്ച് സിനിമകൾ എന്റേതായി റിലീസിന് എത്താനുണ്ട് നടി കൂട്ടിച്ചേർത്തു. ഒരു വർഷം മുമ്പാണ് അമ്മയെ ലീലയ്ക്ക് നഷ്ടമായത്.
ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ലീല കൃഷ്ണകുമാർ എന്നാണ് കുളപ്പുള്ളി ലീലയുടെ യഥാർഥ പേര്. പരേതനായ കൃഷ്ണകുമാറാണ് നടിയുടെ ഭർത്താവ്.


Click it and Unblock the Notifications


