വിവാഹം വേണ്ട, ബാധ്യത വേണ്ട, ഒറ്റയ്ക്ക് അടിച്ചുപൊളിക്കാം; ലീല പറഞ്ഞ വാക്കിന്റെ ഭാരം അറിയണമെങ്കിൽ അറുപതാകേണ്ട!
കഴിഞ്ഞ ദിവസം ഓൺലൈൻ മീഡിയയ്ക്ക് നടി കുളപ്പുള്ളി ലീല നൽകിയ അഭിമുഖവും അതിൽ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. അമ്മ കൂടി മരിച്ചതോടെ താൻ ഒറ്റയ്ക്കായിയെന്നും മരണത്തെ പ്രതീക്ഷിച്ചാണ് ഇപ്പോൾ ഓരോ ദിവസവും കഴിയുന്നതെന്നുമാണ് കുളപ്പുള്ളി ലീല പറഞ്ഞത്. സിനിമ അഭിനയം കൂടിയില്ലായിരുന്നുവെങ്കിൽ താൻ മാനസീകമായി തകർന്ന് പോകുമായിരുന്നുവെന്നും ലീല പറഞ്ഞിരുന്നു.
നടിയുടെ വാക്കുകൾ വൈറലായതോടെ ഇന്നത്തെ തലമുറയിലെ യുവതീയുവാക്കളിൽ ഭൂരിഭാഗവും എടുക്കുന്ന ചില തീരുമാനങ്ങളെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. എനിക്ക് ആരും വേണ്ടെന്ന് അഹങ്കരിച്ച് ജീവിക്കുന്നവർ ഒരു ദിവസം എനിക്ക് ആരെങ്കിലും വേണമെന്ന് കരഞ്ഞാൽ ആ ശബ്ദം കേൾക്കാൻ ആരും ഉണ്ടാകില്ലെന്ന് കുറിപ്പിൽ പറയുന്നു.

ഒരു ഫങ്ഷൻ നടക്കുന്നതിനിടയിൽ മീഡിയക്കാരോട് കുളപ്പുള്ളി ലീല എന്ന മലയാളി നടി കണ്ണീരോടെ പറഞ്ഞ ആ വാക്കുകൾ പലരുടെയും നെഞ്ചിൽ പോയി തറച്ച് കാണും... എനിക്കാരും ഇല്ലല്ലോ മക്കളെ.... ഞാൻ ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ അറിഞ്ഞത് ഈ അമ്മയുടെ ഭർത്താവും രണ്ട് ആൺ മക്കളും മരണപ്പെട്ടു എന്നാണ്. എനിക്കാരും ഇല്ലല്ലോ മക്കളെ... എന്നാണ് ആ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞ വാക്ക്. ഇത് ഒരു നടിയുടെ വേദന മാത്രമല്ല.
നാളെയുടെ പലരുടെ യാഥാർത്ഥ്യം കൂടിയാണിത്. ഇന്നത്തെ തലമുറ എന്താണ് പറയുന്നത്?. വിവാഹം വേണ്ട, ബാധ്യത വേണ്ട, ലൈഫ് ഒറ്റയ്ക്ക് അടിച്ചുപൊളിക്കാം എന്നാണ്. ശരി... അടിച്ചുപൊളിക്കൂ. പക്ഷെ ഒരു കാര്യവും മറക്കരുത്. ലൈഫ് ഒരു പാർട്ടി അല്ല. അവസാനിക്കുന്നതിന് മുമ്പ് കയ്യടി കിട്ടും എന്നൊരു ഉറപ്പുമില്ല.
30 വയസിൽ ഫ്രീഡം, 40 വയസിൽ സൈലൻസ്, 60 വയസിണ് സ്വയം തോന്നി തുടങ്ങുക എനിക്കാരും ഇല്ലല്ലോയെന്ന്. ഇത് കേൾക്കാൻ റെഡിയാണോ?. ഇന്നത്തെ റീലുകളും ട്രെൻഡുകളും ലൈക്കും ഷെയറും... നാളെയൊരു ഗ്ലാസ് വെള്ളം പോലും നിങ്ങൾക്ക് എടുത്ത് തരില്ല. എനിക്ക് ആരും വേണ്ട എന്ന് അഹങ്കരിച്ച് ജീവിക്കുന്നവർ... ഒരു ദിവസം എനിക്ക് ആരെങ്കിലും വേണം എന്ന് കരഞ്ഞാൽ ആ ശബ്ദം കേൾക്കാൻ ആരും ഉണ്ടാകില്ല.
വിവാഹം ചെയ്യാത്തത് കുറ്റമല്ല. പക്ഷെ ബന്ധങ്ങളെ തള്ളിപ്പറയുന്നത് അതിന്റെ വില വളരെ കഠിനമാണ്. എനിക്കാരും ഇല്ലല്ലോ മക്കളെ എന്ന വാക്കിന്റെ ഭാരം അറിയണമെങ്കിൽ 60 വയസ് വരെ കാത്തിരിക്കേണ്ട. ഇന്ന് നമ്മൾ ബ്ലോക്ക് ചെയ്ത് കളയുന്ന കോളുകൾ നാളെ നമ്മൾ കൊതിക്കുന്ന മിസ്സിഡ് കോളാകും.

ഇന്ന് സീൻ ചെയ്തിട്ടും ഇഗ്നോർ ചെയ്യുന്ന മെസേജുകൾ നാളെ ഓൺലൈനിൽ ആരെങ്കിലുമുണ്ടോയെന്ന് നോക്കി ഇരിക്കുന്ന പ്രാർത്ഥനയാകും. ബാങ്ക് ബാലൻസിനെ അച്ഛായെന്ന് വിളിക്കാൻ പറ്റില്ല. ഐ ഫോണിന് നമ്മുടെ നെറ്റിയിൽ തൊട്ട് പനി നോക്കാൻ പറ്റില്ല. ഫോളോവേഴ്സ് നമ്മുടെ സംസ്കാര ചടങ്ങിന് വരില്ല. വിവാഹം വേണ്ടാന്ന് വെക്കാം. കുഴപ്പമില്ല. പക്ഷെ മനുഷ്യനെ വേണ്ടാന്ന് വെക്കരുത്. കാരണം ഐസിയുവിന്റെ വാതിൽക്കൽ കാശല്ല കാത്തിരിക്കുന്നത്.
എന്റെ ആളാണ് എന്ന് പറയുന്ന ഒരാളാണ്. ഇന്ന് തീരുമാനിക്ക് നമ്മൾ ഉണ്ടാക്കുന്നത് മെമ്മറീസാണോ അതോ മണി മാത്രമാണോയെന്ന്. ശവപ്പെട്ടിക്ക് കൂട്ടുപോകാൻ ഇഎംഐ അടച്ച മുതൽ പോരാ. സ്നേഹിച്ച മനുഷ്യർ തന്നെ വേണം. ഏറ്റവും വലിയ മരണം ശ്വാസം നിലക്കുന്നത് അല്ല. എനിക്ക് വേണ്ടി കരയാൻ ആരും ഇല്ലല്ലോ എന്ന തിരിച്ചറിവാണ്.
ആ തിരിച്ചറിവിൽ നിന്നും വീട്ടിൽ പോയാൽ തന്നെ കാത്തിരിക്കാൻ പോലും ആരും ഇല്ലെന്ന തിരിച്ചറിവിൽ നിന്നുമാണ് ലീലാമ്മ എനിക്ക് ആരും ഇല്ലല്ലോ മക്കളെ എന്ന വാക്ക് പറഞ്ഞതെന്നും കുറിപ്പിൽ പറയുന്നു. ഒന്നര വർഷം മുമ്പാണ് ആകെയുണ്ടായിരുന്ന അമ്മ കൂടി ലീലയെ വിട്ട് മരണത്തെ പുൽകിയത്.


Click it and Unblock the Notifications


