'ആ ചൂടിൽ അദ്ദേഹം പുറത്തിരുന്നു'; മോഹൻലാലിനെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളില്ലെങ്കിലും ഈ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മി ഗോപാല സ്വാമിയെ. 2000 ൽ റിലീസായ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെയാണ് നടി മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. ലോഹിതാദാസ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായെത്തിയ ഈ സിനിമ കുടുംബപ്രേക്ഷകർക്കിടയിൽ അന്ന് ഹിറ്റായിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങി അന്നത്തെ മുൻനിര നായകൻമാരുടെയെല്ലാ ലക്ഷ്മി ഗോപാല സ്വാമി അഭിനയിച്ചു. ജയറാമിനൊപ്പമെത്തിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആയിരുന്നു നടിയുടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സിനിമ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ സിനിമ വൻ ഹിറ്റായിരുന്നു. മോഹൻലാലിനൊപ്പം കീർത്തി ചക്ര, പരദേശി എന്നീ സിനിമകളിലും ലക്ഷ്മി ഗോപാല സ്വാമി അഭിനയിച്ചു. ഇപ്പോൾ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള ഓർമ്മകളെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.

മോഹൻലാലിന്റെ നല്ല മനസ്സിനെ താൻ നേരിട്ട് കണ്ടെന്ന് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. 'കീർത്തിചക്രയിൽ മുകിലേ മുകിലേ പാട്ട് ഷൂട്ട് ചെയ്യുമ്പോൾ ഭാരതപ്പുഴ മുഴുവൻ ഡ്രെെ ആയിരുന്നു. ഭയങ്കര ചൂടായിരുന്നു. എനിക്ക് തലവേദനയുടെ പ്രശ്നം ഉണ്ടായിരുന്നു. എന്റെ ഹോട്ടൽ ദൂരെ ആയിരുന്നു. ലാലേട്ടൻ അവിടെ അടുത്ത് ഗസ്റ്റ് ഹൗസിലായിരുന്നു. ലൊക്കേഷന് അടുത്തായതിനാൽ അവിടെ ലഞ്ച് അറേഞ്ച് ചെയ്തു. ഞാനും എന്റെ ഹെയർ ഡ്രസറും അവിടെ പോയി'

'എനിക്ക് തലവേദനയുണ്ടെന്ന് ലാലേട്ടന് അറിയാമായിരുന്നു. അവരുടെ റൂം എനിക്ക് വിട്ടു തന്നു. അദ്ദേഹം പുറത്ത് വരാന്തയിലെ ചൂട് ഫാനിന് ചുവട്ടിൽ ഇരുന്നു. എനിക്കാെരു ബാം തന്ന് റെസ്റ്റ് എടുക്കൂ എന്ന് പറഞ്ഞു. കലാ മാസ്റ്ററെ വിളിച്ചിട്ട് ലക്ഷ്മിക്ക് നല്ല തലവേദനയുണ്ട്. 45 മിനുട്ട് കഴിഞ്ഞിട്ട് വരാം എന്ന് പറഞ്ഞു. എനിക്കത് അവിശ്വസനീയം ആയിരുന്നു. താരമല്ല ഏത് നടനായാലും വലിയ കാര്യമാണത്,' ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു. മഴവിൽ മനോരമയോടാണ് പ്രതികരണം.

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമ ചെയ്യുമ്പോഴുണ്ടായ രസകരമായ സംഭവവും നടി ഓർത്തു. ഈ സിനിമയ്ക്ക് വിളിക്കുന്നതിന് മുമ്പ് ഞാൻ തടിവെച്ചിരുന്നു. അതിനാൽ സെറ്റിലെത്തിയ ശേഷം ഭയങ്കര ഡയറ്റിംഗ് ആയിരുന്നു. പക്ഷെ പിന്നീട് ഡയറ്റിന്റെ ഭക്ഷണം, സെറ്റിലെ ഭക്ഷണം തുടങ്ങി എല്ലാം കഴിക്കാൻ തുടങ്ങിയെന്നും ജയറാം ഇത് കണ്ട് തന്നെ കളിയാക്കിയെന്നും ലക്ഷ്മി ഗോപാലസ്വാമി ഓർത്തു.


Click it and Unblock the Notifications











