കയ്യില്‍ കിട്ടി ഏതാനും മണിക്കൂറിനുള്ളില്‍ പൊട്ടിക്കരഞ്ഞാണ് വായിച്ച് തീര്‍ത്തത്- കുറിപ്പുമായി നടി ലക്ഷ്മിപിയ

നടിയും അവതാരകയുമായ ലക്ഷ്മിപ്രിയ ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് കൂടുതല്‍ ജനപ്രിയയാകുന്നത്. അതിന് ശേഷം സോഷ്യല്‍ മീഡിയ പേജിലൂടെ നടി പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും വൈറലാവാറുമുണ്ട്. അത്തരത്തില്‍ തന്നെ ഏറെ സ്പര്‍ശിച്ച ഒരു അമ്മയുടെയും മകളുടെയും കഥ പറഞ്ഞ് എത്തിയിരിക്കുകയാണ് ലക്ഷ്മിയിപ്പോള്‍.

അമ്മയും മകളും എന്ന റിയാലിറ്റി ഷോ യിലൂടെ വന്ന് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തവരാണ് ആശ പ്രദീപും മകള്‍ ഗൗരിയും. കോട്ടയം സ്വദേശികളായ ഗൗരിയുടെയും അമ്മയുടെയും കഥകള്‍ ഏറെ തരംഗമായിരുന്നു. ഇപ്പോഴിതാ ഈ മകളെ കുറിച്ച് അമ്മ എഴുതിയ പുസ്തകത്തിന്റെ വിശേഷങ്ങളാണ് ലക്ഷ്മിപ്രിയ പങ്കുവെച്ചിരിക്കുന്നത്.

 lakshmi-asha-gowri

'കുറച്ചു ദിവസങ്ങളായി എഴുതാന്‍ തുടങ്ങിയും മനസ്സിടറിയും പാതിയെഴുത്തില്‍ അവസാനിപ്പിക്കുകയും ചെയ്ത ഒരു പുസ്തക വിശേഷം നിങ്ങളിലേക്ക് പകരുവാന്‍ ശ്രമിക്കുന്നു. എന്നും ആത്മകഥകളും ജീവചരിത്രങ്ങളും വായിക്കാന്‍ ഏറെ ഇഷ്ട്ടമുള്ള എനിക്ക് അവിചാരിതമായിട്ടാണ് ഗൗരിയുടെ അമ്മ ആശ പ്രദീപ് എനിക്ക് ഈ പുസ്തകം അയക്കുന്നത്. കയ്യില്‍ കിട്ടി ഏതാനും മണിക്കൂറിനുള്ളില്‍ പൊട്ടിക്കരഞ്ഞു കൊണ്ടും ആനന്ദക്കണ്ണീര്‍ പൊഴിച്ചും ഞാനീ പുസ്തകം വായിച്ചു തീര്‍ത്തു.

മുന്‍പ് ഇതേ പോലെ ഓരോ പേജിലും കണ്ണീര് വീഴ്ത്തി വായിച്ച പുസ്തകം പവനന്‍ സാറിന്റെ ഭാര്യ പാര്‍വതി പാവനന്‍ എഴുതിയ ' പവന പര്‍വ്വമാണ്. ഗൗരി എന്ന മകളെ നമുക്കേവര്‍ക്കും അറിയാം. തന്റെ പ്രതിഭകൊണ്ട് വീല്‍ ചെയര്‍ സഹായത്തെ മറികടന്നു ജീവിക്കുന്ന ഒരു സുന്ദരിക്കുട്ടി. മിടുമിടുക്കി. ഗൗരിയുടെ വീഡിയോസ് കാണുമ്പോള്‍ ഈ കുട്ടി നടക്കാന്‍ കഴിയാത്ത കുഞ്ഞാണ് എന്ന് കാണുന്നവര്‍ ചിന്തിക്കുക പോലുമില്ല. അത്ര കഴിവുള്ള മോള്‍!

ആശ ചേച്ചി പുസ്തകം അയക്കട്ടെ മോളെക്കുറിച്ച് ഞാന്‍ എഴുതിയത് എന്ന് പറഞ്ഞപ്പോഴും ഗൗരിയുടെ ചിരിക്കുന്ന മുഖത്തിന് പിന്നിലെ വേദനയെക്കുറിച്ചും ആശ എന്ന അമ്മയുടെ മനോബലത്തെക്കുറിച്ചും ആവും എന്ന് ഞാന്‍ കരുതിയതേ ഇല്ല.' എനിക്കായ് ' എന്ന പേര് വായിച്ചപ്പോള്‍ മകള്‍ക്കായ് എഴുതിയതിനാല്‍ 'നിനക്കായ്' എന്നല്ലേ വേണ്ടിയിരുന്നത് എന്ന് ചിന്തിച്ചു.

മെല്ലെ ഓരോ പേജും വായിക്കുമ്പോള്‍ ആണ് മക്കളെ ഓരോ അമ്മയും ഏതു പ്രായത്തിലും കാണുന്നത് അമ്മയ്ക്കായ് അഥവാ തനിയ്ക്കായ് ആയതിനാല്‍ 'എനിക്കായ്' എന്ന പേര് തന്നെയാണ് ഏറ്റവും ചേര്‍ച്ച എന്ന് ബോധ്യപ്പെടുക.

ജനിച്ചപ്പോള്‍ തന്നെ നട്ടെല്ലിന് ഏറ്റവുമടിയില്‍ ഒരു ചെറിയ മുഴയുമായി ജനിച്ച ഗൗരിയെ പാലൂട്ടുമ്പോ ആ അമ്മ ഒരിക്കലും ചിന്തിച്ചിട്ടില്ല തന്റെ കുഞ്ഞ് ഒരിക്കലും നടക്കില്ലാത്ത തന്റെ ഒക്കത്ത് എന്നും ഇരിക്കാന്‍ വിധിക്കപ്പെട്ട മകള്‍ ആയിരിക്കും എന്ന്. നിസ്സാരമെന്ന് ഡോക്ടര്‍മാര്‍ പോലും കരുതിയ മുഴയില്‍ നിന്നും ഒരു മിഡില്‍ ക്ലാസ്സ് ഫാമിലിയെ പിടിച്ചു കുലുക്കാവുന്ന ഭൂകമ്പം ഉണ്ടാകും എന്ന് ആരും കരുതിയതേ ഇല്ല.

എല്ലാ തിരിച്ചറിവുകള്‍ക്കുമൊടുവില്‍ തന്റെ മകളെ ലോകത്തിനു നെറുകയില്‍ എത്തിക്കണം എന്ന് കരുതിയ ഒരു അമ്മയുടെ നിശ്ചയ ധാര്‍ഢ്യം. മകള്‍ക്ക് പഠിക്കാന്‍ ഓരോ ക്ലാസ്സിലും കൂട്ടിരിക്കുന്ന അമ്മ, സ്‌കൂളില്‍ റസ്റ്റ് റൂം സംവിധാനം ഒരുക്കുന്ന അമ്മ, പാട്ട് പഠിപ്പിക്കുന്ന അമ്മ, ഇത്തരം കുഞ്ഞുങ്ങളിലുള്ള ഡിപ്രഷന്‍ ഒഴിവാക്കാന്‍ ഓര്‍ഗനും ഫ്ളൂട്ടും പഠിപ്പിക്കുന്ന അമ്മ, മകള്‍ തളര്‍ന്നു എന്ന് തോന്നുന്ന ഓരോ അവസ്ഥയിലും നിനക്ക് കഴിയും നിനക്കേ കഴിയൂ എന്ന് പറഞ്ഞ് മകളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്ന അമ്മ... ഒടുവില്‍ തളര്‍ന്നു വീണു പോയൊരമ്മ!

വീല്‍ ചെയറില്‍ ചിരിക്കുന്ന മുഖത്തോടെ ഇരിക്കുന്ന പലരുടെയും ശാരീരിക വേദനയെക്കുറിച്ചും യൂറിനറി പ്രശ്‌നങ്ങളെക്കുറിച്ചും നാം ചിന്തിക്കാറില്ല. നമ്മെ വച്ച് നോക്കുമ്പോ അവര്‍ക്ക് നടക്കാന്‍ പറ്റാത്ത ഒരു ബുദ്ധിമുട്ട് മാത്രമേ നാം മനസിലാക്കുന്നുള്ളൂ. ഗൗരി മോള്‍ അനുഭവിച്ച നട്ടെല്ല് മുതലുള്ള വേദനകള്‍ക്ക് പരിഹരമായി എത്ര സര്‍ജറികള്‍ക്ക് വിധേയയായി എന്നതിന് ഗൗരിയ്ക്കും അമ്മയ്ക്കും കണക്കുകള്‍ പോലുമില്ല.

 lakshmi-asha-gowri

നാം ഇന്ന് കാണുന്ന ഈ പുഞ്ചിരി നമുക്ക് കാട്ടിത്തരുവാന്‍ യൂറിന്‍ ബ്ലാഡറും കിഡ്‌നിയും തമ്മിലുള്ള ബന്ധത്തെ വരെ വിശ്ചേദിക്കേണ്ടി വന്നു എന്നറിയുമ്പോഴാണ് അവരുടെ വേദനയുടെ ആഴം നാം മനസ്സിലാക്കുക. ഈ വേദനകള്‍ക്കിടയിലും മിടുക്കിയായി പഠിച്ചു പത്തിലും പന്ത്രണ്ടിലും 98.25% മാര്‍ക്ക് വാങ്ങിയ മിടുക്കിമോള്‍ ആണ് ഗൗരി. ഒപ്പം നിശബ്ദതയില്‍ തന്റെ നൊമ്പരങ്ങളെ ഒതുക്കിയ പ്രദീപ് എന്ന അച്ഛന്‍. ഭിന്ന ശേഷികുഞ്ഞുങ്ങളെ മുറിയിക്കകത്ത് പൂട്ടിയിടുന്നവര്‍ക്ക് മുന്നില്‍ നിങ്ങള്‍ രണ്ട് പേരും ദൈവങ്ങളാണ്.

എന്തിനും കൂടെ നില്‍ക്കുന്ന ആശ ചേച്ചിയുടെ ചേച്ചി ഗീതയും ഭര്‍ത്താവ് മനോഹരന്‍ ചേട്ടനും ഗൗരിയുടെ ചേച്ചി അമ്മുവും കുടുംബവും ആശ ചേച്ചിയുടെ അമ്മ, ഗൗരിയുടെ അധ്യാപകര്‍ തുടങ്ങി ഒരു കൂട്ടം നല്ല മനുഷ്യര്‍. പണമില്ലെങ്കിലും മനസ്സുണ്ടെങ്കില്‍ ചേര്‍ത്ത് പിടിക്കാന്‍ ആളുണ്ടെങ്കില്‍ വേദനയുടെ തീക്ഷ്ണത കുറയ്ക്കാനാവും എന്ന് കാട്ടി തരുന്നു.

ഈ സമൂഹം മുഴുവന്‍ ഈ പുസ്തകം വായിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് കുടുംബം ഉപേക്ഷിക്കുന്നവരുടെ നാട്ടില്‍, മക്കളെ കളയുന്നവരുടെയും കൊല്ലുന്നവരുടെയും നാട്ടില്‍, ഒരു മുഖക്കുരു വന്നാലോ പ്രണയ ബന്ധം തകര്‍ന്നാലോ ആത്മഹത്യ ചെയ്യുന്നവരുടെ നാട്ടില്‍ ആശ ചേച്ചിയും ഗൗരിയും കുടുംബവും നമുക്ക് മാതൃകയാവും.

ആശ ചേച്ചിയുടെ ആഗ്രഹം പോലെ ഗൗരി മോള്‍ അവള്‍ ആഗ്രഹിച്ചത് പോലെ പ്രഗത്ഭയായ കോളേജ് അധ്യാപികയാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ഈ കുടുംബത്തിലെ എല്ലാപേരെയും ഈ കുടുംബത്തെ ചേര്‍ത്ത് പിടിക്കുന്ന എല്ലാപേരെയും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ. എല്ലാത്തിനുമൊടുവില്‍ ആശ ചേച്ചിയെ പോലെ ഒരമ്മയെ അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ലഭിക്കണേ എന്ന പ്രാര്‍ത്ഥനയോടെ, ലക്ഷ്മി പ്രിയ'.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X