ഭർത്താവിന്റെ വീട്ടുകാരുണ്ടാക്കിയ പ്രശ്നങ്ങൾ; അമ്മയാകാൻ വൈകിയപ്പോൾ; തുറന്ന് പറഞ്ഞ് ലക്ഷ്മി രാമകൃഷ്ണൻ
നടി, സംവിധായിക, ഷോ ഹോസ്റ്റ് തുടങ്ങി പല മേഖലകളിൽ ശ്രദ്ധിക്കപ്പെടാൻ ലക്ഷ്മി രാമകൃഷ്ണന് സാധിച്ചിട്ടുണ്ട്. ചില മലയാള സിനിമകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ വലിയ തോതിൽ ചർച്ചയായ സൊൽവതെല്ലാം ഉൻമൈ എന്ന ഷോയുടെ അവതാരകയായിരുന്നു ലക്ഷ്മി. സാമൂഹിക വിഷയങ്ങളിൽ നടി ഇടപെടാറുണ്ട്. മുഖം നോക്കാതെ അഭിപ്രായ പ്രകടനങ്ങൾ നടത്താനും ലക്ഷ്മി മടിക്കാറില്ല. രാമകൃഷ്ണൻ എന്നാണ് ലക്ഷ്മിയുടെ ഭർത്താവിന്റെ പേര്.
വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി രാമകൃഷ്ണനിപ്പോൾ. വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിൽ താനും ഭർത്താവും തീർത്തും വ്യത്യസ്തരായിരുന്നെന്ന് ലക്ഷ്മി പറയുന്നു. എല്ലാം മനോഹരമല്ല. ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് ചലഞ്ചുകൾ ഉണ്ടായിട്ടുണ്ട്. വിവാഹം കഴിഞ്ഞ സമയത്ത് ഞാൻ അദ്ദേഹത്തിന്റേതിൽ നിന്നും വ്യത്യസ്തമായ പശ്ചാത്തലത്തിൽ നിന്ന് വരുന്നയാളാണ്.

വളരെ നിഷ്കളങ്ക. ഇദ്ദേഹം വേറൊരു മൈൻഡ് സെറ്റിലാണ്. ഉന്നത വിദ്യാഭ്യാസമുള്ളയാൾ. ഞങ്ങൾ വാടക വീട്ടിൽ താമസിച്ച സമയത്താണ് ഹൗസ് ഓണറുടെ മകളുടെയും കല്യാണം നടന്നത്. അവർ സിനിമയ്ക്കെല്ലാം പോകുമ്പോൾ എനിക്ക് വിഷമം തോന്നും. എനിക്കത് ചെയ്യാൻ പറ്റിയില്ല. കാരണം ഭർത്താവ് ആ സമയത്ത് പിഎച്ച്ഡി ചെയ്യുകയാണ്. അതേക്കുറിച്ചൊന്നും ആലോചിക്കില്ല. ഞാനാണെങ്കിൽ സ്വപ്ന ലോകത്തുള്ളയാളും.
24-25 വയസായപ്പോൾ ഇദ്ദേഹത്തെയായിരുന്നില്ല വിവാഹം കഴിക്കേണ്ടതെന്ന് തോന്നി. ഒരുപാട് വ്യത്യാസങ്ങളുണ്ട്. എന്തിന് ഈ കല്യാണം കഴിച്ചെന്ന് തോന്നി. അദ്ദേഹത്തിനും അങ്ങനെ തോന്നിയിരിക്കാം. പട്ടിക്കാട്ടിൽ നിന്നുള്ള പെണ്ണിനെ എനിക്ക് വേണ്ട, കുറച്ച് കൂടെ പക്വതയുള്ള ഭാര്യ മതിയായിരുന്നെന്ന്.

ആ സമയത്ത് ഞാൻ ഇംഗ്ലീഷിൽ സംസാരിക്കുക പോലുമില്ല. സുഹൃത്തുക്കളുടെയടുത്തെല്ലാം പോകുമ്പോൾ ഇദ്ദേഹത്തിന് വല്ലാതായിട്ടുണ്ടാകാമെന്നും ലക്ഷ്മി രാമകൃഷ്ണൻ പറയുന്നു. പിന്നീട് ജീവിതമെന്നാൽ പ്രണയം മാത്രമല്ല, ഭർത്താവിന് വേണ്ട ഗുണങ്ങൾ ഇദ്ദേഹത്തിനുണ്ടെന്ന് മനസിലാക്കിയെന്നും ലക്ഷ്മി രാമകൃഷ്ണൻ പറയുന്നു.
ബന്ധുക്കളുടെ ഇടപെടലും തനിക്കും ഭർത്താവിനും ഇടയിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ലക്ഷ്മി തുറന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടുകാർക്ക് മുന്നിൽ അദ്ദേഹം നന്നായി ബഹുമാനത്തോടെ പെരുമാറും. ചില കാര്യങ്ങളിൽ അങ്ങനെ പെരുമാറണം. അത് എനിക്ക് അന്നൊന്നും മനസിലായില്ല. എന്റെ അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ അച്ഛൻ ഭർത്താവിന്റെ വീട്ടുകാരെ വിളിച്ച് എന്നെ അങ്ങോട്ടേക്ക് അയക്കാൻ പറഞ്ഞു. എന്നാൽ അവർ സമ്മതിച്ചില്ല.
അന്ന് ഭർത്താവ് അവിടെയുണ്ട്. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ ജോലി സ്ഥലമായ ചെന്നെെയിലേക്ക് കൊണ്ട് പോയി. വീട്ടുകാരോട് പറയാതെ ചെന്നെെയിൽ നിന്നും എന്നെ അമ്മയുടെ അടുത്തേക്ക് അയച്ചു. ഹണിമൂണിന് പോകുന്ന സമ്പ്രദായം അവിടെ ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് മാസത്തിന് ശേഷം ആരുമറിയാതെയാണ് പോയത്.
ആ ഫോട്ടോകൾ കുറേക്കാലം ഒളിച്ച് വെക്കുകയായിരുന്നെന്നും ലക്ഷ്മി രാമകൃഷ്ണൻ ഓർത്തു. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് ആദ്യത്തെ മകൾ പിറന്നത്. ബന്ധുക്കൾ എല്ലാവരും ടെൻഷനായി. എന്താണിങ്ങനെ, വയറ്റിൽ ഒന്നുമില്ലേ എന്നൊക്കെ പറയുമായിരുന്നെന്നും ലക്ഷ്മി രാമകൃഷ്ണൻ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications