'ചേച്ചിയുടെ വീട്ടിൽ നിന്നും അന്ന് ഞങ്ങൾ ഇറങ്ങി; ഇന്ന് എന്റെ ജീവിതമാർഗം'; ലളിതശ്രീ പറയുന്നു
കോമഡി വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് ലളിതശ്രീ. വിവിധ ഭാഷകളിലായി 450 ലേറെ സിനിമകളിൽ ലളിതശ്രീ അഭിനയിച്ചു. ജഗതി ശ്രീകുമാർ, പപ്പു, മാള അരവിന്ദൻ, തുടങ്ങിയ നടൻമാരുടെ ജോഡിയായി ലളിതശ്രീ ചെയ്ത സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയ രംഗത്ത് നടി സജീവമല്ല. തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ലളിതശ്രീ. സിനിമാരംഗത്തേക്ക് വരാനുണ്ടായ കാരണത്തെക്കുറിച്ച് ലളിതശ്രീ സംസാരിച്ചു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
വിജയവാഡയിലാണ് ജനിച്ചത്. ആലത്തൂരാണ് സ്വദേശം. അച്ഛൻ ഡോക്ടറായിരുന്നു. അച്ഛന്റെ മരണം പെട്ടെന്നായിരുന്നു. അച്ഛൻ മരിച്ച ശേഷം കുടുംബത്തിൽ ക്ഷീണമായി. ചേച്ചിക്ക് കല്യാണമായി. അമ്മയ്ക്ക് അസുഖങ്ങൾ ഉണ്ടായിരുന്നു. അച്ഛൻ മരിക്കുമ്പോൾ അനുജന് എട്ട് വയസ്സാണ്. എനിക്ക് പന്ത്രണ്ട് വയസ്സും. കുടുംബം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന് അറിയാത്ത സാഹചര്യമായിരുന്നു അമ്മയ്ക്കെന്ന് ലളിതശ്രീ ഓർത്തു.

ലീവിന് ഞങ്ങൾ നാട്ടിലേക്ക് വന്നു. എടീ, എന്തെങ്കിലും ചെയ്ത് നോക്ക്. അല്ലെങ്കിൽ നമ്മളുടെ കുടുംബത്തിലെ എല്ലാവരും കൂടെ നിന്നെ കല്യാണം കഴിപ്പിക്കും എന്ന് ശാരദേടത്തി എന്ന കസിൻ എന്നോട് പറഞ്ഞു. സിനിമാ കരിയറിനെക്കുറിച്ച് പറഞ്ഞപ്പോൾ അത് നോക്ക് എന്ന് അവർ പറഞ്ഞു. പ്രായം ചെന്നയാളാണ് ശാരദേടത്തി. അവർക്ക് ഈ പുരോഗമന ചിന്താഗതി എങ്ങനെ വന്നു എന്ന് മനസ്സിലാകുന്നില്ല. ഇനി നീ ആലത്തൂരേക്ക് വരുമ്പോൾ സ്വന്തം കാറിലേ വരാവൂ എന്നവർ പറഞ്ഞു.
പിന്നീട് ഞാൻ ആലത്തൂരിൽ വരുന്നത് എന്റെ വണ്ടിയിലാണ്. ആദ്യം പോയി കാണുന്നത് ശാരദേടത്തിയെയാണെന്നും ലളിതശ്രീ ഓർത്തു. സിനിമയിൽ അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോൾ ചേച്ചിയുടെ ഭർത്താവ് സമ്മതിച്ചിരുന്നില്ല. അതോടെ ആ വീട്ടിൽ നിന്നും ഞാനും അമ്മയും അനുജനും ഇറങ്ങി. എന്റെ സുഹൃത്തിന്റെ വീട്ടിൽ പന്ത്രണ്ട് ദിവസത്തോളം നിന്നു. പിന്നീട് നാടകത്തിൽ അഭിനയിച്ചു.

ഏഴാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. മാതൃഭാഷ പഠിച്ചേ പറ്റൂ എന്ന് അച്ഛന് ഭയങ്കര നിർബന്ധം ആയിരുന്നു. നിർബന്ധിച്ച് മലയാളം പഠിപ്പിക്കും. വൈകുന്നേരം അച്ഛൻ ആശുപത്രിയിൽ നിന്ന് വന്നാൽ ഇംഗ്ലീഷും മലയാളവും ഓരോ പാരഗ്രാഫ് എഴുതി കാണിക്കണം. അന്നൊക്കെ കളിക്കാൻ വിടാത്തതിൽ ഭയങ്കര വിഷമം ആയിരുന്നു. പക്ഷെ എനിക്കത് ഭയങ്കരമായി ഉപയോഗം ചെയ്തു. തെലുങ്കും ഹിന്ദിയും പഠിച്ചു.
ചെന്നെെയിൽ വന്ന ശേഷം തമിഴും കന്നഡവും പഠിച്ചു. അത് ഇന്നെനിക്ക് ജീവിക്കാനുള്ള മാർഗം തന്നെന്നും ലളിതശ്രീ വ്യക്തമാക്കി. അഭിനയ രംഗത്ത് നിന്നും മാറിനിൽക്കുന്ന ലളിതശ്രീ ഇന്ന് വിവിധ ഭാഷകളിലെ സിനിമകൾ ഡബ് ചെയ്യുന്നുണ്ട്. നല്ല കഥാപാത്രങ്ങൾ ലഭിച്ചാലെ അഭിനയത്തിലേക്ക് തിരിച്ച് വരൂ എന്ന് നടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ തന്റെ സിനിമാജീവിതത്തെക്കുറിച്ച് ലളിതശ്രീ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. സിനിമകളിൽ ബോഡി ഷെയ്മിങ്ങുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരു കഥാപാത്രം ലഭിക്കുമ്പോൾ വീടിന്റെ വാടകയും മറ്റ് ഉത്തരവാദിത്വങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുക. കുടുംബം കഴിയണം എന്നേ അന്നുണ്ടായിരുന്നുള്ളൂ. അത്തരം കഥാപാത്രങ്ങൾ ഇപ്പോൾ കാണുമ്പോൾ മറ്റുള്ളവർ ചിരിക്കുന്നെങ്കിലും എനിക്ക് വിഷമം ഉണ്ട്.
അത് ചെയ്യേണ്ടിയിരുന്നില്ല എന്നൊന്നും തോന്നിയിട്ടില്ല. പക്ഷെ ഇനി ഇത്തരം വേഷങ്ങൾ ചെയ്യില്ലെന്നും ലളിതശ്രീ വ്യക്തമാക്കി. ബൽറാം v/s താരദാസ് എന്ന സിനിമയിലാണ് ലളിതശ്രീ അവസാനമായി അഭിനയിച്ചത്. അനിയന്റെ കുടുംബത്തോടൊപ്പം ചെന്നെെയിലാണ് ലളിതശ്രീയിപ്പോൾ താമസിക്കുന്നത്.


Click it and Unblock the Notifications