ഒരു കുഞ്ഞിനെ ഞാൻ പ്രസവിച്ചിരുന്നു; വിവാഹ ജീവിതത്തിൽ സംഭവിച്ചത്; ലളിതശ്രീ പറയുന്നു
മലയാള സിനിമാ രംഗത്ത് ഒരുകാലത്ത് സജീവമായിരുന്നു നടി ലളിതശ്രീ. ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ നടി അക്കാലത്ത് ചെയ്തു. കൂടുതലും കോമഡി, നെഗറ്റീവ് വേഷങ്ങളിലാണ് ലളിതശ്രീയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. ജഗതി ശ്രീകുമാർ, കുതിരവട്ടം പപ്പു തുടങ്ങിയവർക്കൊപ്പം ലളിതശ്രീ ചെയ്ത കോമഡി വേഷങ്ങൾ ഇന്നും ജനപ്രിയമാണ്. ബൽറാം V/S താരദാസ് എന്ന സിനിമയിലാണ് ലളിതശ്രീ അവസാനമായി അഭിനയിച്ചത്.
ജീവിതത്തിലുണ്ടായ ദുഖകരമായ അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണിപ്പോൾ ലളിതശ്രീ. വിവാഹമോചനം, കുഞ്ഞിന്റെ മരണം, ഒറ്റയ്ക്കുള്ള ജീവിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നടി സംസാരിച്ചു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. വിവാഹം ജീവിതത്തിലെടുത്ത തെറ്റായ തീരുമാനമായിരുന്നെന്ന് ലളിതശ്രീ തുറന്ന് പറഞ്ഞു.
ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന അധ്യായമാണത്. ഈ വിവാഹത്തിൽ നിന്ന് പിൻമാറാൻ ബന്ധുക്കളും സിനിമാ രംഗത്തുള്ളവരും പറഞ്ഞിരുന്നു. അതൊക്കെ ധിക്കരിച്ച് വിവാഹം ചെയ്തതിന് തിരിച്ചടി കിട്ടിയെന്ന് ലളിതശ്രീ തുറന്ന് പറഞ്ഞു. പറയാൻ മാത്രമുള്ള പ്രണയവും ഇല്ലായിരുന്നു. എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. വെറുതെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഞാനും.

കല്യാണം കഴിക്കാമെന്ന് പറഞ്ഞപ്പോൾ വീട്ടിൽ വന്ന് ചോദിക്കാൻ ആവശ്യപ്പെട്ടു. എന്റെ അമ്മയ്ക്ക് താൽപര്യം ഇല്ലായിരുന്നു. അമ്മ ജാതിയൊക്കെ നോക്കുമായിരുന്നു. എനിക്ക് ജാതിയും മതവും ഇല്ലെന്ന് പറഞ്ഞ് വാശിയിൽ കല്യാണം കഴിച്ചു. ഭയങ്കര അനുഭവം ആയിരുന്നു. കുരങ്ങ് ഒരു മരത്തിൽ നിന്ന് അടുത്ത മരത്തിലക്ക് ചാടുന്നത് പോലെ അദ്ദേഹം നല്ല ബന്ധം നോക്കി പോയി. ഇതോടെ വിവാഹമോചനം നേടിയെന്നും നടി തുറന്ന് പറഞ്ഞു.
അമ്മ മരിച്ചതിന് ശേഷമാണ് വേർപിരിയുന്നത്. അത് കഴിഞ്ഞ് ഒരുപാട് പ്രൊപ്പോസലുകൾ വന്നു. എനിക്ക് താൽപര്യം ഇല്ലായിരുന്നു. വിവാഹത്തെക്കുറിച്ചുള്ള എന്റെ ധാരണ തെറ്റി. ഞാൻ വിചാരിച്ചത് നടിമാർ വിവാഹമോചനം നേടുന്നതിന് കാരണം അവർ നല്ല രീതിയിൽ കുടുംബിനിയായി ജീവിക്കാത്തതാണെന്നാണ്. പക്ഷെ അതൊന്നും അല്ല സത്യം. നമ്മൾ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക.

ഒരാളിൽ അമിതമായ ആത്മവിശ്വാസം നമുക്ക് വരുമ്പോഴാണ് പരാജയം ഉണ്ടാകുന്നതെന്നും ലളിതശ്രീ വ്യക്തമാക്കി. ഒരു കൊച്ചിനെ ഞാൻ പ്രസവിച്ചിട്ടുണ്ട്. ആ കുഞ്ഞ് മൂന്ന് മാസമേ ഉണ്ടായിരുന്നുള്ളൂ. മരിച്ച് പോയി. അത് കഴിഞ്ഞാണ് ഞങ്ങൾ ബന്ധം വേർപിരിയുന്നത്. എനിക്ക് ജീവിതത്തിൽ എല്ലാ അനുഭവങ്ങളും ദൈവം തന്നിട്ടുണ്ടെന്നും ലളിതശ്രീ തുറന്ന് പറഞ്ഞു. തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും നടി സംസാരിച്ചു.
ചെന്നെെയിൽ ഇപ്പോൾ അനിയനോടൊപ്പമാണ് ജീവിതം. അനിയന്റെ ഭാര്യ മരിച്ചു. അദ്ദേഹത്തിന്റെ മകനും മകന്റെ ഭാര്യയുമുണ്ട്. ജീവിതത്തിൽ എനിക്ക് ഒറ്റ സ്വപ്നമേ ഉള്ളൂ. അവസാനം വരെ വരുമാനം ഉണ്ടാകണം. ആരുടെ അടുത്ത് നിന്നും അഞ്ച് പൈസ കൈ നീട്ടി വാങ്ങിക്കരുത്. മരണത്തിന് മുമ്പ് എന്നെ കിടത്തരുത്. കാരണം അനാഥത്വമാണ് എനിക്ക്. ഭർത്താവില്ല, മക്കളില്ല, അച്ഛനും അമ്മയും ഇല്ല. അതിനാൽ തന്നെ എന്നെ കിടത്തരുത് എന്ന ഒറ്റ പ്രാർത്ഥന മാത്രമേയുള്ളൂയെന്നും കണ്ണീരോടെ ലളിതശ്രീ പറഞ്ഞു.
സിനിമകളിൽ അഭിനയിക്കാൻ ഇപ്പോഴും താൽപര്യം ഉണ്ട്. ഒരു സിനിമയുടെ ചർച്ച നടന്നിട്ടുണ്ട്. ചെന്നെെയിൽ ഡബ്ബിംഗും ഡബ്ബിംഗ് ഡയരക്ഷനുമാണ് ഇപ്പോൾ ചെയ്യുന്നതെന്നും ലളിതശ്രീ വ്യക്തമാക്കി. അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ ലളിതശ്രീ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. പണ്ട് ചെയ്ത സിനിമകളിൽ ബോഡി ഷെയ്മിംഗ് ഉണ്ടായിരുന്നു. ആളുകൾ അത് കണ്ട് ചിരിക്കുന്നുണ്ടെങ്കിലും തനിക്ക് വിഷമമാണ്. കുടുംബം മുന്നോട്ട് കൊണ്ട് പോകാനാണ് അത്തരം വേഷങ്ങൾ ചെയ്തതെന്നും ലളിതശ്രീ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











