ഒപ്പമുള്ള ആര്‍ടിസ്റ്റുകള്‍ എന്നെക്കുറിച്ച് വള്‍ഗര്‍ ആയി പറഞ്ഞ് രസിക്കുന്നത് കണ്ടിട്ടുണ്ട്, ലളിത ശ്രീ
മലയാളത്തില്‍ കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലളിത ശ്രീ. ഒരുകാലത്ത് ജഗതി ശ്രീകുമാര്‍ ലളിത ശ്രീ കൂട്ടുകെട്ട് ഒരുപാട് പൊട്ടിച്ചിരികള്‍ ഉയര്‍ത്തിയിരുന്നു. തമിഴ് സിനിമയായ ഉണര്‍ച്ചികളിലൂടെയാണ് ലളിത ശ്രീ സിനിമാ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് മധുരം തിരുമധുരം എന്ന മലയാള ചിത്രത്തിലും വേഷമിട്ടു.
15-ാമത്തെ വയസ്സിലാണ് ലളിത ശ്രീ സിനിമാ രംഗത്തേക്ക് വരുന്നത്. സിനിമയില്‍ സജീവമായതോടെ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. വിടരുന്ന മൊട്ടുകള്‍, ആദാമിന്റെ വാരിയെല്ല്, അക്കരെ നിന്നൊരു മാരന്‍, കിരാതം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പഞ്ചാഗ്നി, യുവജനോത്സവം, നിന്നിഷ്ടം എന്നിഷ്ടം, മിസ്റ്റര്‍ ബട്‌ലര്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, ബല്‌റാം വേഴ്‌സസ് താരാദാസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അഭിനേത്രി ആയി മാത്രമല്ല ഡബ്ബിംഗ് ആര്‍ടിസ്റ്റ് ആയും ലളിത ശ്രീ പ്രവര്‍ത്തിച്ചിട്ടുണ്ട്. 'വീട്ട്‌ല വിശേഷം' എന്ന തമിഴ് ചിത്രത്തില്‍ കെ പിഎസി ലളിതക്കക് വേണ്ടി ശബ്ദം നല്‍കിയിരുന്നു. തച്ചിലേടത്ത് ചുണ്ടന്‍, മേല്‍വിലാസം ശരിയാണ്, ഇക്കരെയാണെന്റെ മാനസം തുടങ്ങിയ ചിത്രങ്ങളിലും ഡബ്ബിംഗ് ആര്‍ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചു.
ഒരുകാലത്ത് ടി വി സീരിയിലുകളിലും ലളിത ശ്രീ അഭിനയിച്ചു. കടമറ്റത്ത് കത്തനാര്‍, വിക്രമാദിത്യന്‍, പാരിജാതം, ഇന്ദുമുഖി ചന്ദ്രമതി തുടങ്ങിയ സീരിയലുകളിലും ലളിത ശ്രീ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് തനിക്ക് സിനിമ മേഖലകളില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ തന്റെ ആത്മകഥയിലൂടെ പുറത്തുപറയുകയും ചെയ്തിരുന്നു ലളിത ശ്രീ. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
താന്‍ പണ്ട് ബോഡിഷെയിംമിങ്ങ് ഉള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ വിഷമം ഉണ്ടെന്നും മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അന്ന് അടുത്ത വര്‍ക്ക് കിട്ടണമെന്നും വീടിന്റെ വാടക അടക്കണം എന്നും മാത്രമായിരുന്നു ചിന്ത. ഇനി അങ്ങനെ ഒരു കഥാപാത്രവും ചെയ്യില്ലെന്നും ലളിത ശ്രീ പറയുന്നു. താന്‍ ചെറുപ്പം തൊട്ടേ തടിയുണ്ടായിരുന്നതുകൊണ്ട് ആളുകള്‍ കളിയാക്കിയിരുന്നതായും ലളിത ശ്രീ പറയുന്നു. കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ഒപ്പം അഭിനയിക്കുന്നവര്‍ വരെ തന്നെ കളിയാക്കിയിരുന്നു.
ഇത് തന്നെ വേദനിപ്പിച്ചിരുന്നതായും ലളിത ശ്രീ പറയുന്നു. അച്ഛന്‍ മരിച്ചു, അനുജന്‍ ചെറിയ കുട്ടിയായിരുന്നു. ചേച്ചി ഭര്‍ത്താവിന്റെ ഒപ്പമായിരുന്നു. താന്‍ സിനിമയില്‍ വന്നത് ചേച്ചിയുടെ ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് അവിടെ പ്രശ്‌നമായിരുന്നു. പക്ഷെ അന്ന് സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടാണ് വീട്ടില്‍ ഭക്ഷണം കിട്ടിയിരുന്നത്. അമ്മയ്ക്ക് സുഖമില്ല. തനിക്കാണെങ്കില്‍ പഠിക്കാന്‍ ഭയങ്കര മോഹമായിരുന്നു എന്ന് ലളിത ശ്രീ പറയുന്നു.
'ഞാന്‍ അന്നേ ഭയങ്കര തടിയായിരുന്നു. എല്ലാവരുടെയും കാഴ്ചപ്പാട് ഒന്നായിരുന്നില്ല. ചിലര്‍ ഭയങ്കര കൗതുകത്തോടെ നോക്കുമായിരുന്നെങ്കിലും ചിലര്‍ അമൂല്‍ ബേബി എന്ന് വിളിക്കുമായിരുന്നു. ചിലര്‍ പക്ഷെ തടിച്ചിപ്പാറു എന്ന് പറയുമായിരുന്നു. ഇപ്പോഴാണ് ബോഡി ഷെയ്മിംഗ് എന്നൊക്കെ പറയുന്നത്. അന്ന് പലതരത്തില്‍ വള്‍ഗര്‍ ആയിട്ട് ഒപ്പമുള്ള ആര്‍ടിസ്റ്റുകള്‍ മറ്റു ആര്‍ടിസ്റ്റുകളോട് പറഞ്ഞ് അവര്‍ ചിരിച്ച് രസിക്കുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് വേദനിച്ചിട്ടുമുണ്ട്. അങ്ങനെയൊക്കെയുള്ള ദുഃഖങ്ങളൊക്കെയേ ഉള്ളു,' എന്നും ലളിത ശ്രീ പറയുന്നു.
അമ്മ ഭയങ്കര ബോള്‍ഡ് ആയിരുന്നു. നല്ല ധൈര്യം തരുമായിരുന്നു. അത്രയും വയ്യാതെ ഒക്കെ ഇരിക്കുമ്പോഴും പറയും 'ഞാന്‍ ഇല്ലേ ടീ... നീ എന്തിനാ പേടിക്കുന്നേ? പിന്നെ അനിയന്‍ അവന്‍ നാലോ അഞ്ചോ കൊല്ലം കഴിഞ്ഞാല്‍ നമുക്ക് ഒരു ധൈര്യം ആവില്ലേ, പിന്നെ നീ എന്തിനാ പേടിക്കുന്നത്' എന്നാണ് തന്നോട് അമ്മ ചോദിക്കാറെന്നും ധൈര്യം തരാറുള്ളതെന്നും ലളിത ശ്രീ പറഞ്ഞു.

ആദ്യത്തെ മലയാള സിനിമയിലേക്ക് വരുന്നത് ഉണര്‍ച്ചികള്‍ എന്ന തമിഴ് സിനിമയ്ക്ക് ശേഷമാണ്. ബ്ലാക്ക് മണി എന്ന ശക്തി സാറിന്റെ അസോസിയേറ്റ് ഉണ്ടായിരുന്നു. പുള്ളി മലയാളിയായിരുന്നു. താന്‍ മലയാളി ആയതുകൊണ്ട് അത്തരത്തില്‍ ഒരു സ്‌നേഹം ഉണ്ടായിരുന്നു. അങ്ങനെയാണ് മധുരം തിരുമധുരം എന്ന സിനിമയിലേക്ക് കുതിരവട്ടം പപ്പുവിന്റെ പെയര്‍ ആയി വരുന്നതെന്നും ലളിത ശ്രീ പറയുന്നു.
കമല്‍ ഹാസന്‍ അഭിനയിച്ച ചിത്രത്തില്‍ ഒക്കെ ഉണ്ടായിരുന്നതല്ലേ, ഇവിടെ കോമഡി ഒക്കെ ചെയ്യുമോ എന്നാണ് മലയാളത്തിലേക്ക് വരുമ്പോള്‍ തന്നോട് ചോദിച്ചത്. എന്നാല്‍ താന്‍ അതൊക്കെ ചെയ്യാന്‍ റെഡി ആയിരുന്നു. അത് മാത്രമല്ല, കോമഡി ചെയ്തപ്പോഴാണ് അത് എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന കാര്യമല്ലെന്ന് തോന്നിയതെന്നും ലളിത ശ്രീ പറയുന്നു.


Click it and Unblock the Notifications











