തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി നടിമാർ തുറന്ന് സംസാരിച്ചിട്ടുണ്ട്. അവസരങ്ങൾക്ക് വേണ്ടി വിട്ടു വീഴ്ച ചെയ്യാൻ ആവശ്യപ്പെടുന്ന സാഹചര്യം അന്നും ഇന്നും സിനിമാ ലോകത്തുണ്ട്. ഇത്തരം ചതിക്കുഴികളിൽ വീണ് പോയ നടിമാരും ഏറെയാണ്. മീ ടൂ ആരോപണ സമയത്താണ് കാസ്റ്റിംഗ് കൗച്ച് സംഭവങ്ങൾ കുറേക്കൂടി മറ നീക്കി പുറത്ത് വന്നത്. മലയാള സിനിമാ രംഗത്തും തുറന്ന് പറച്ചിലുകളുണ്ടായി. ഡബ്ല്യുസിസി ഉൾപ്പെടെയുള്ള സംഘടനകളും വിഷയത്തിൽ സംസാരിച്ചു.
ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും കരിയറിൽ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും നടി ലാവണ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തമിഴ് സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ലാവണ്യ. രണ്ട് മൂന്ന് വട്ടം തനിക്ക് കാസ്റ്റിംഗ് കൗച്ച് പ്രവണതയെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും ലാവണ്യ തുറന്ന് പറഞ്ഞു. എല്ലായിടത്തും ഇതുണ്ട്. തുടക്കക്കാരാകുമ്പോൾ മുതലെടുക്കാൻ നോക്കും.

ഒരു സ്ഥാനത്തെത്തിയാൽ അവർ നമ്മളെ സമീപിക്കുന്നത് മറ്റൊരു തരത്തിലായിരിക്കും. പക്ഷെ തുടക്കക്കാർ ആകുമ്പോൾ നമ്മളെ ഉപയോഗിക്കാനാണ് അവർ ശ്രമിക്കുക. അത്തരത്തിലുള്ള കോളുകൾ വന്നിട്ടുണ്ട്. അത്തരം ആളുകളെ കണ്ടിട്ടുമുണ്ട്. എപ്പോൾ നോ പറയണോ അപ്പോൾ പറയുക. അവരെ വിഷമിപ്പിക്കേണ്ടതില്ല, ഞാനത്തരം ആളല്ലെന്ന് പറഞ്ഞാൽ പ്രശ്നം തീർന്നെന്നും ലാവണ്യ വ്യക്തമാക്കി.
സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ഗ്ലാമറസായി ഫോട്ടോഷൂട്ട് ചെയ്താൽ മതിയെന്ന ചിന്ത തെറ്റാണ്. ഗ്ലാമർ മാത്രം വെച്ച് നിങ്ങൾക്ക് പെർഫെക്ട് ആർട്ടിസ്റ്റാകാൻ പറ്റില്ല. സമയവും ശരിയാകണം. കരിയറിൽ തുടർച്ചയായി ശ്രമിക്കണം. എന്നാൽ മാത്രമേ മികച്ച അവസരങ്ങൾ ലഭിക്കൂയെന്നും ലാവണ്യ വ്യക്തമാക്കി. നടി വിചിത്ര അടുത്തിടെ തെന്നിന്ത്യൻ സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.

ബിഗ് ബോസ് തമിഴ് ഷോയിലാണ് വിചിത്ര തന്റെ ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞത്. 20 വർഷം മുമ്പ് സിനിമാ രംഗം വിടാനുള്ള കാരണം കാസ്റ്റിംഗ് കൗച്ച് ആണെന്ന് വിചിത്ര വ്യക്തമാക്കി. ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ പ്രശസ്തനായ സൂപ്പർ താരം മോശമായി സംസാരിച്ചു. ഒരു പാർട്ടി നടക്കവെ ഈ ഹീറോ പേരും പോലും ചോദിക്കാതെ തന്നോട് റൂമിലേക്ക് വരാൻ പറഞ്ഞു.
എന്നാൽ താൻ തന്റെ റൂമിൽ പോയി ഉറങ്ങി. അടുത്ത ദിവസം മുതൽ ഷൂട്ടിംഗിനിടെ തനിക്കൊരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. സെറ്റിലെ പുരുഷൻമാർ തന്റെ റൂമിൽ വന്ന് തട്ടിയെന്നും വിചിത്ര തുറന്ന് പറഞ്ഞു. തമിഴ് സിനിമാ രംഗത്ത് നിന്നും തനിക്കൊരിക്കലും ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും വിചിത്ര തുറന്ന് പറഞ്ഞു.


Click it and Unblock the Notifications