'അതിലുള്ളത് ഞാനല്ല, പലർക്കും ഈ തെറ്റ് പറ്റിയിട്ടുണ്ട്, ചിലർ ബെറ്റൊക്കെ വെച്ചിട്ടുണ്ട്'; നടി ലെന പറയുന്നു!
മിനി സ്ക്രീനിലൂടെ അഭിനയ ലോകത്തെത്തി ബിഗ് സ്ക്രീനിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് ലെന. മിനി സ്ക്രീനിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങി നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായ ഇടം ഇതിനകം ലെന നേടി കഴിഞ്ഞിട്ടുണ്ട്.
സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്. മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടി കൂടിയാണ് ലെന. തൊണ്ണൂറുകളിലെ ആൽബം സോങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ലെനയ്ക്ക് ഒരു വലിയ പുരുഷാരം ആരാധകരായുണ്ട്.

അന്ന് ലെന അഭിനയിച്ച ആൽബം സോങുകളെല്ലാം വൈറലായിരുന്നു. ഇന്നും പലരും ആ പാട്ടുകൾ മൂളി നടക്കാറുമുണ്ട്. ലെനയുടെ ആൽബം സോങുകളുടെ ലിസ്റ്റ് പറയുമ്പോൾ പലരും മഴക്കാലമല്ലേ മഴയല്ലേ എന്ന ഗാനത്തെയാണ് ഏറ്റവും കൂടുതൽ പുകഴ്ത്തി പറയാറുള്ളത്. എന്നാൽ താൻ അല്ല ആ ആൽബത്തിൽ അഭിനയിച്ചിരിക്കുന്ന പെൺകുട്ടിയെന്ന് വെളിപ്പെടുത്തിയിരക്കുകയാണ് ലെന ഇപ്പോൾ.
പലർക്കും ഈ തെറ്റ് പറ്റിയിട്ടുണ്ടെന്നും അങ്ങനൊരു ആൽബം സോങിൽ താൻ അഭിനയിച്ചിട്ടില്ലെന്നും ആ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി മറ്റാരോ ആണെന്നും തനിക്ക് അവരെ അറിയില്ലെന്നുമാണ് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ലെന പറഞ്ഞത്.

മഴക്കാലമല്ലേ മഴയല്ലേ ആൽബം സോങിൽ അഭിനയിച്ച പെൺകുട്ടി ഞാനല്ല. ഇഷ്ടം എനിക്കിഷ്ടം, പ്രണയത്തിൻ ഓർമക്കായി, പ്രണയം എന്നിങ്ങനെയുള്ള ആൽബങ്ങളിലാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. മഴക്കാലമല്ലേ മഴയല്ലേ ആൽബത്തിൽ ആ സൈക്കിളിൽ പൂക്കൊട്ടയും വെച്ച് വരുന്ന പെൺകുട്ടി ഞാനല്ല. പലർക്കും ആ തെറ്റ് പറ്റിയിട്ടുണ്ട്. ഒരുപാട് പേർ ബെറ്റൊക്കെ വെച്ചിട്ടുണ്ട് ലെന വിശദീകരിച്ചു. പ്രണയത്തിൻ ഓർമക്കായി എന്ന ആൽബത്തിലേതാണ് മഴക്കാലമല്ലേ മഴയല്ലേയെന്ന ആൽബം സോങ്.
ജ്യോത്സനയും വിധു പ്രതാപും പാടിയ ഗാനത്തിന് ഈണം നൽകിയത് തേജ് മെർലിനായിരുന്നു. സോഷ്യൽ മീഡിയയിലും ലെന വളരെ ആക്ടീവാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലെന തൻ്റെ യാത്രാ വിശേഷങ്ങളും പുതുപുത്തന്‍ ചിത്രങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
സൈക്കാട്രിയിൽ ഉപരി പഠനം നടത്തിയ ലെന മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. കുറച്ച് കാലം ജോലി ചെയ്ത ശേഷം ഏഷ്യാനെറ്റിൻ്റെ യുവർ ചോയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനുശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലും പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു. നാൽപ്പത്തിരണ്ടുകാരിയായ ലെന പ്രണയിച്ച് വിവാഹം ചെയ്തതാണ്. പക്ഷെ ഇരുവരും പിന്നീട് പരസ്പര സമ്മതപ്രകാരം വേർപിരിഞ്ഞു.
നായികയായി മാത്രമല്ല അമ്മയുടെ വരെ റോളുകൾ വളരെ പക്വതയോടെ ലെന അഭിനയിക്കാറുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌നേഹം എന്ന സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍ ലെനയ്ക്ക് 16 വയസ് മാത്രമായിരുന്നു പ്രായം. പക്ഷെ അന്ന് കണ്ടാല്‍ അതിനെക്കാളൊക്കെ പ്രായവും പക്വതയും തോന്നിക്കുമായിരുന്നു ലെനയ്ക്ക്.
അത്തരം പക്വതയും പ്രായവും തോന്നുന്ന കഥാപാത്രങ്ങളാണ് പിന്നീട് ലെന ചെയ്തവയിൽ ഏറെയും. എന്നാലും എന്റെ അളിയാ, ഓ മൈ ഡാർലിങ് എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ലെനയുടെ സിനിമകൾ. ചെറുപ്പം വിടാതെ തുടരുന്നതുകൊണ്ടാണ് ചിലര്‍ ലെനയെ ലേഡി മമ്മൂട്ടി എന്നുവിളിക്കാറുണ്ട്.


Click it and Unblock the Notifications











