വിവാഹമില്ലെന്ന് 30 വയസിൽ മനസിലുറപ്പിച്ച തീരുമാനം, പെട്ടെന്ന് എന്റെ ഫിലോസഫി അർത്ഥശൂന്യമായി: ലെന
നാൽപതുകളിലാണ് നടി ലെന രണ്ടാമത് വിവാഹിതയായത്. ആത്മീയപാതയിൽ സഞ്ചരിക്കുന്ന ലെന ഈ വിവാഹത്തെ നിയോഗമായാണ് കാണുന്നത്. വിവാഹം ചെയ്യുന്നതിന് മുമ്പ് തനിക്ക് തോന്നിയ ഒറ്റപ്പെടലിനെക്കുറിച്ച് രഞ്ജിനി ഹരിദാസുമായുള്ള ഇന്റർവ്യൂവിൽ ലെന സംസാരിക്കുന്നുണ്ട്. നടിയുടെ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
2023 ൽ എനിക്ക് പതിയെ ഒറ്റപ്പെടൽ തോന്നിത്തുടങ്ങി. ഈ വർഷങ്ങളത്രയും ഞാൻ ഒറ്റയ്ക്കായിരുന്നു. പിന്നെ ഞാൻ എന്റെ സ്വപ്നമായിരുന്ന സ്ഥലം വാങ്ങി. 2008 ൽ ഞാൻ മനസിൽ കണ്ടിരുന്നത് പോലെയുള്ള സ്ഥലം എനിക്ക് 2023 ൽ ലഭിച്ചു. ആ സ്ഥലത്ത് വീട് പണിതു. വീട് പണി നടന്ന് കൊണ്ടിരിക്കുമ്പോൾ ഞാൻ ആലോചിച്ചു. അതുവരെ ഞാൻ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അത് ഓക്കെയാണ്. പക്ഷെ എനിക്കൊരു വീട് വേണമായിരുന്നു. മരങ്ങളും ചെടികളും പച്ചക്കറികളുമെല്ലാം വേണം. ഈ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നത് അർത്ഥശൂന്യമാണെന്ന് വീട് പണി നടക്കുമ്പോൾ എനിക്ക് തോന്നി.

ഈ അനുഭവവും സന്തോഷവും ആർക്കൊപ്പവും പങ്കിടാനില്ലാത്ത അവസ്ഥ. വിവാഹം ചെയ്യുന്നത് ഒരാളുടെ ജീവിതം കാണാൻ മറ്റൊരാൾ ഉണ്ടാകാൻ വേണ്ടിയാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. എനിക്കൊരു സബ്‍ജക്ടീവായ അനുഭവമുണ്ടാകുമ്പോൾ അത് കാണാൻ ഒരാൾ വേണം. എല്ലാവർക്കും അവരുടെ ജീവിതം ഡോക്യുമെന്റ് ചെയ്യാൻ ഒരാൾ വേണം. ജീവിതത്തിന് സാക്ഷിയാകാൻ ഒരാൾ. ഞാൻ തന്നെയാണ് എന്റെ ജീവിതത്തിന്റെ സാക്ഷിയെന്ന് ഞാൻ കരുതി. പക്ഷെ 2023 ൽ എന്റെ ജീവിതത്തിൽ ശൂന്യമായൊരിടമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ആ സമയമാകുമ്പോഴേക്കും എന്റെ പുസ്തകം പുറത്തിറങ്ങാറായി.
ജീവിതത്തിലെ വലിയൊരു ലക്ഷ്യം കഴിഞ്ഞു. സ്വപ്ന ഭവനത്തിന്റെ പണി നടക്കുന്നു. ഇനി ഈ വീട്ടിൽ ഞാനൊറ്റയ്ക്ക് ജീവിക്കാൻ പോകുന്നെന്ന ചിന്ത പെട്ടെന്ന് അർത്ഥമില്ലാത്തതായി. എന്റെ അതുവരെയുള്ള ഫിലോസഫിക്ക് അർത്ഥം തോന്നിയില്ല. എന്റെ ഫ്രീഡം പോകുമെന്ന പേടിയായിരുന്നു വിവാഹം ചെയ്യാതിരിക്കാനുള്ള കാരണങ്ങളിലൊന്ന്. വർഷങ്ങൾക്ക് മുമ്പ് നമുക്ക് തോന്നുന്ന പേടി പിന്നീട് അപ്രസക്തമായിരിക്കും. 30 വയസിൽ വിവാഹം ശരിയല്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു.
എന്റെ ജീവിതത്തിൽ കണ്ട കാര്യങ്ങളിൽ നിന്ന് തീരുമാനിച്ചതാണ്. മനസിൽ സീൽ ചെയ്ത് വെച്ച ആ തീരുമാനം എനിക്ക് പുനപരിശോധിക്കേണ്ടി വന്നു. അങ്ങനെ എനിക്ക് ഒറ്റപ്പെടൽ തോന്നാൻ തുടങ്ങി. സ്വാതന്ത്ര്യം പോകുമെന്ന പേടി, എന്നെ മറ്റൊരാൾ ഓവർ പവർ ചെയ്യുമെന്ന പേടി ഒക്കെയായിരുന്നു മനസിൽ. ആ പേടികൾ ഉള്ളിടത്തോളം അവരത് ചെയ്തില്ലെങ്കിലും അവരങ്ങനെ ചെയ്തെന്ന് നമ്മൾ വരുത്തും. അത് ഈ വിവാഹബന്ധത്തിലായിരിക്കെ ക്രമേണ എനിക്ക് മാറ്റേണ്ടി വന്നു.
ഭാഗ്യത്തിന് അദ്ദേഹവും പക്വതയുള്ള ആത്മീയബോധമുള്ളയാളാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ പ്രശ്നങ്ങളുണ്ട്. പരസ്പരം കണ്ണാടിയാകുന്നതാണ് വിവാഹ ബന്ധമെന്നും ലെന പറഞ്ഞു. ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകവും ഇന്റർവ്യൂവും പുറത്തിറങ്ങിയ ശേഷമുണ്ടായ ചർച്ചകൾ കാരണമാണ് പ്രശാന്ത് തന്നെ ആദ്യമായി ശ്രദ്ധിച്ചത്. അങ്ങനെ പരിചയപ്പെട്ട് വിവാഹം നടന്നെന്നും ലെന പറയുന്നു.


Click it and Unblock the Notifications















