നാടൻ മരുമകൾ, പ്രശാന്തേട്ടന്റെ വീട്ടുകാരുമായുള്ള അടുപ്പം; ക്യാമറയുടെ മുമ്പിൽ മാത്രമാണ് ഞാനിങ്ങനെ: ലെന
സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി ലെന. പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്നാണ് ലെനയുടെ ഭർത്താവിന്റെ പേര്. 2024 ലായിരുന്നു വിവാഹം. ആത്മീയ പാതയിൽ ജീവിക്കുന്ന കാലത്താണ് പ്രശാന്ത് ലെനയുടെ ജീവിതത്തിലേക്ക് വരുന്നത്. ആത്മീയതയിൽ രണ്ട് പേർക്കും ഒരുപോലെ താൽപര്യമുണ്ട്. ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകമെഴുതിയാണ് അടുത്ത കാലത്ത് ലെന വാർത്തകളിൽ ഇടം പിടിക്കുന്നത്. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട ലെന നൽകിയ അഭിമുഖം വലിയ ചർച്ചയായി. ഈ അഭിമുഖം പ്രശാന്തും കണ്ടിരുന്നു. ലെനയ്ക്ക് നേരിൽ കണ്ട് ഇദ്ദേഹം സംസാരിച്ചു. ഈ പരിചയം വിവാഹത്തിലേക്ക് എത്തി.
ലെനയെക്കുറിച്ച് ഭർതൃമാതാവ് പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുറേ പേർ എന്നോട് നിങ്ങളുടെ മരുമകളുടെ അഭിമുഖങ്ങൾ കണ്ടെന്ന് പറയും. ഞാനൊന്നും കണ്ടില്ലല്ലോ എന്ന് ഞാനും. ഞങ്ങൾക്ക് ചേർന്ന മരുമകൾ തന്നെയാണ്. നാടൻ ആളാണ്. കാരണം ഞങ്ങളും നാടനാണെന്ന് ലെനയുടെ ഭർതൃമാതാവ് പ്രമീള പറഞ്ഞു. മൂവി വേൾഡ് മീഡിയയിൽ സംസാരിക്കുകയായിരുന്നു ഇവർ. അഭിമുഖത്തിൽ ലെനയും സംസാരിക്കുന്നുണ്ട്. മനസിൽ ഞാനൊരു പഴഞ്ചൻ വ്യക്തിയാണ്. അമ്മിക്കല്ലിൽ അരയ്ക്കുന്നതും അടുപ്പിൽ കുക്ക് ചെയ്യുന്നതും എനിക്ക് ഭയങ്കര ഇഷ്ടമാണ്. പുതിയ വീട് വെച്ചപ്പോൾ പുറത്തൊരു അടുക്കള വെച്ചിട്ടുണ്ട്. ഇതൊക്കെ എന്റെ മുത്തശ്ശിയുടെ വീട്ടിലെ ഓർമകളാണ്. വീട്ടിൽ കുറേ ആന്റീക് സാധനങ്ങളുണ്ട്. പ്രശാന്തേട്ടനും ഞാനും കുറച്ച് പഴഞ്ചനാണ്.

മകം, പൂരം നക്ഷത്രക്കാർ പഴമയോട് വലിയ താൽപര്യമുണ്ടാകും. നമ്മുടെ മുതുമുത്തച്ഛൻമാരോടും ഹെറിറ്റേജിനോടുമെല്ലാം ഇഷ്ടമുള്ളവരായിരിക്കും. മകം ആണ് എന്റെ നക്ഷത്രം. മകം പിറന്ന മങ്ക പൂരം പിറന്ന പുരുഷനെ കെട്ടി. പ്രശാന്തേട്ടന്റെ നക്ഷത്രം പൂരം ആണ്. പ്രശാന്തേട്ടൻ ജനിച്ചത് വീട്ടിലാണ്. ആശുപത്രിയിൽ അല്ല. പശുത്തൊഴുത്തിന്റെ അടുത്താണ് ജനിച്ചത്. ജനിച്ചപ്പോഴുള്ള പ്രഭ കാരണം പ്രഭ എന്ന് പേരിടാൻ പോയതാണ്.
ചില ആൾക്കാരെ ആദ്യത്തെ പ്രാവശ്യം കാണുമ്പോൾ ഭയങ്കര അടുപ്പം തോന്നും. അങ്ങനെയാണ് എനിക്ക് പ്രമീളാമ്മയോടുള്ള അടുപ്പവും ഇഷ്ടവും തുടങ്ങിയത്. പ്രശാന്തേട്ടന്റെ സഹോദരി പ്രതിഭയോടും. ഇവർ രണ്ട് പേരോടും എനിക്ക് ഒരുപാട് കാലത്തെ പരിചയം ഉള്ളത് പോലെയാണ്. പ്രശാന്തേട്ടനും എന്റെ മമ്മിയും അങ്ങനെ തന്നെയായിരുന്നെന്നും ലെന പറയുന്നു. അത് അനുഗ്രഹമാണ്. എന്റെ അച്ഛനും പ്രശാന്തേട്ടന്റെ അച്ഛനും നല്ല കമ്പനിയാണ്. രണ്ട് സഹോദരൻമാരുണ്ട്. പ്രദീപേട്ടനും പ്രവീണും എന്നാണ് പേരെന്നും ലെന പറഞ്ഞു.
അമ്മ എക്സ്ട്രോവേർട്ട് ആണ്. എന്റെ മമ്മിയും പ്രശാന്തേട്ടനും എക്സ്ട്രോവേർട്ട് ആണ്. ഞാനാണ് ഇൻട്രൊവേർട്ട്. ഞാൻ ക്യാമറയുടെ മുമ്പിൽ വന്നാൽ മാത്രമേ ഇങ്ങനെ സംസാരിക്കൂ. ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത ആളാണ്. അധികം പുറത്ത് പോകുകയോ ഒരുപാട് ആളുകളുമായി ഇടപഴകുകയോ ചെയ്യാറില്ലെന്നും ലെന പറയുന്നു.


Click it and Unblock the Notifications











