ഇതാണോ ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന സ്നേഹം?, വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് പിന്നിൽ?; കുറിപ്പ്
നായിക, അമ്മ, സഹനടി, വില്ലത്തി... തുടങ്ങി ഏത് റോളും മനോഹരമായി ചെയ്യുന്ന മലയാളത്തിലെ അപൂർവം ചില അഭിനേത്രികളിൽ ഒരാളാണ് ലെന. തന്നേക്കാൾ പ്രായം കൂടുതലുള്ള റോളുകൾ പോലും പാളിച്ചകൾ ഇല്ലാതെ ഭംഗിയാക്കാൻ ലെനയ്ക്ക് അറിയാം. മലയാള സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ തൻമയത്വത്തോടെ സ്ക്രീനിൽ എത്തിച്ച് നിരവധി ആരാധകരെ നടി സ്വന്തമാക്കി കഴിഞ്ഞു. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് ലെന മലയാളികൾക്ക് സമ്മാനിച്ചത്.
2024 ലെനയ്ക്ക് ഏറെ സ്പെഷ്യലായിരുന്നു. കാരണം ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ ചില കാര്യങ്ങൾ പോലും നടിയുടെ ജീവിതത്തിൽ കഴിഞ്ഞ വർഷം സംഭവിച്ചു. ലെനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ വിദൂര സ്വപ്‌നങ്ങളില്‍ പോലും ഇല്ലാതിരുന്ന വിവാഹം വരെ നടന്നു.

വിവാഹമോചിതയായ താരം യാത്രകളും അഭിനയവുമെല്ലാമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. അതിന്റെ വിശേഷങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിലും യുട്യൂബ് ചാനലിലും പങ്കിടാറുമുണ്ടായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ താൻ വീണ്ടും വിവാഹിതയായിയെന്ന് നടി വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു വിവാഹം.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയെ വിവാഹം ചെയ്തത്. ജനുവരിയിൽ കഴിഞ്ഞ വിവാഹം ഫെബ്രുവരി വരെ ലെന മറച്ചുവെച്ചത് പ്രശാന്തിന്റെ ജോലിയുടെ സ്വഭാവം മനസിലാക്കിയതിനാലാണ്. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന അന്ന് കുറിച്ചിരുന്നു.
ഇരുവരുടേയും അറേഞ്ച്ഡ് മാരേജായിരുന്നു. ബാംഗ്ലൂരിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചെറിയ ചടങ്ങായിട്ടാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹ ജീവിതം ഒരു വർഷം പിന്നിടുമ്പോൾ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. കഴിഞ്ഞ ഒരു വർഷം ലെന അതീവ സന്തോഷവതിയായിരുന്നുവെന്നത് കുറിപ്പിൽ നിന്ന് വ്യക്തമാണ്.
ഭർത്താവിനൊപ്പം നടത്തിയ യാത്രകളുടെയും നല്ല നിമിഷങ്ങളുടെയും ചിത്രങ്ങൾ കോർത്തിണക്കിയായിരുന്നു വീഡിയോ. എന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ഇല്ലാതിരുന്ന ഒരു കാര്യമായിരുന്നു വിവാഹം. ഇപ്പോഴിതാ ഞാനും അദ്ദേഹവും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ദൈവവും പ്രശാന്തും എനിക്കായൊരുക്കിയ നല്ല ദിവസങ്ങളായിരുന്നു ഇതെല്ലാം. ദൈവത്തിന് നന്ദിയെന്നുമായിരുന്നു ലെന കുറിച്ചത്.

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ലെനയ്ക്കും പ്രശാന്തിനും ആശംസ അറിയിച്ചെത്തിയത്. ഇതിനെയാണോ മനസിന്റെ ഉള്ളിൽ നിന്നും വരണം...സന്തോഷം എന്ന് പറയുന്നത് എന്നാണ് ഒരാൾ കമന്റായി കുറിച്ച് ദമ്പതികളോട് ചോദിച്ചത്. ആദ്യ വിവാഹമോചനത്തിനുശേഷം ഇനിയൊരു വിവാഹം വേണ്ടെന്ന തീരുമാനത്തിലായിരുന്നു ലെന. താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്.
പന്ത്രണ്ട് വർഷം സിംഗിളായി ജീവിച്ച ഇനിയൊരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്ന എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം പെട്ടെന്നാണ് എന്നാണ് ലെന വിവാഹശേഷം നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് ലെനയുടെ ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. കുവൈത്തിലായിരുന്നു പ്രശാന്തിന്റെ കുട്ടിക്കാലം. അച്ഛന് അവിടെയായിരുന്നു ജോലി. കുവൈത്ത് യുദ്ധകാലത്താണ് നാട്ടിലേക്ക് വന്നത്.
പാലക്കാട് ചിന്മയ വിദ്യാലയയിൽ നിന്ന് പ്ലസ്ടു പാസായ ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേർന്നു. പിന്നെ എയർഫോഴ്സിലേക്ക് എത്തി. ആറാം ക്ലാസ് മുതൽ അറിയാവുന്ന സുഹൃത്തിനെയാണ് ലെന ആദ്യം വിവാഹം ചെയ്തത്. അന്നുണ്ടായിരുന്ന സൗഹൃദം സൂക്ഷിച്ച് കൊണ്ടാണ് പിന്നീട് വിവാഹമോചിതയായതെന്നും ലെന വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications