'ഏക്കറ് കണക്കിന് ഭൂമി, ആഡംബര ബംഗ്ലാവ്, ലക്ഷ്വറി വാഹനങ്ങൾ, സ്വന്തമായി വിമാനം'; വിവാഹശേഷമുള്ള മാധവിയുടെ ജീവിതം!
അഭിനയശേഷികൊണ്ടും മുഖശ്രീകൊണ്ടും ഒരു കാലത്ത് മലയാളത്തിൽ നിറഞ്ഞ് നിന്നിരുന്ന മലയാളികൾ ഇന്നും ഇഷ്ടപ്പെടുന്ന നായിക നടിയാണ് മാധവി. ഒരുപാട് സിനിമകളൊന്നും ചെയ്തില്ലെങ്കിലും കുറച്ച് സിനിമകളിലൂടെ തന്നെ എന്നേക്കും ജനമനസിൽ ഇടം നേടാൻ കഴിയുമെന്ന് തെളിയിച്ച നടി കൂടിയാണ് മാധവി. മലയാള സിനിമയിൽ എൺപതുകളിൽ നിറഞ്ഞ് നിന്ന നായികയായ താരത്തെ ഇന്നും സിനിമാപ്രേമികൾ ഓർത്തിരിക്കാൻ കാരണം ഒരു വടക്കൻ വീരഗാഥ, ആകാശദൂത് തുടങ്ങിയ സിനിമകളിലെ പ്രകടനം കൊണ്ടാണ്.
ആകാശദൂത് കണ്ട് സിനിമാകൊട്ടകളിലെ ഇരുളിലിരുന്ന് കരഞ്ഞതിന് അളവില്ല. സിനിമയിറങ്ങി മൂന്ന് പതിറ്റാണ്ടോളമായിട്ടും ഇന്നും മാധവിയുടെ അമ്മ കഥാപാത്രം നോവിൻ്റെ മുനയായി അവശേഷിക്കുന്നു. മാധവി കരിയറിൻ്റെ അവസാന കാലത്ത് ചെയ്ത ആകാശദൂതിലെ കഥാപാത്രത്തിന് 1993ൽ മികച്ച നടിയായി അവാർഡ് കിട്ടേണ്ടതായിരുന്നു.

എന്നാൽ മണിച്ചിത്രത്താഴിലെ ഗംഗയായ ശോഭന ഒന്നാം സ്ഥാനത്തെത്തിയെതോടെ മാധവി രണ്ടാം സ്ഥാനക്കാരിയായി മാറുകയായിരുന്നു. ഗോവിന്ദ സ്വാമിയുടെയും ശശിരേഖയുടെയും മൂന്ന് മക്കളിലൊരാളായ മാധവി ജനിച്ചത് ഹൈദരാബാദിലാണ്. ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ഹൈദരാബാദ് ഡാൻസ് കോളേജിൽ നിന്ന് ഭരതനാട്യവും നാടോടിനൃത്തവും അഭ്യസിച്ചു.
1976ൽ ദാസരി നാരായണ റാവുവിന്റെ തൂർപു പഡമര എന്ന തെലുങ്ക് ചിത്രത്തിലൂടെ മാധവി തന്റെ കൗമാരപ്രായത്തിൽ തന്നെ ചലച്ചിത്രലോകത്ത് എത്തി. തുടർന്ന് പ്രശസ്ത സംവിധായകൻ കെ. ബാലചന്ദർ സംവിധാനം ചെയ്ത മനോചരിത്ര എന്ന തെലുങ്ക് ചിത്രത്തിൽ സഹനടിയുടെ വേഷത്തിലേക്ക് മാധവിയെ തെരഞ്ഞെടുത്തു. 1981ൽ ഈ ചിത്രം എക് ദൂജെ കേലിയെ എന്ന പേരിൽ ഹിന്ദിയിൽ പുനർനിർമ്മിച്ചപ്പോഴും സഹനടിയായി മാധവി തന്നെ അഭിനയിച്ചു.
ഇതോടെ മാധവിയുടെ അഭിനയം ഹിന്ദി ചലച്ചിത്ര മേഖലയിൽ ശ്രദ്ധിക്കപ്പെടുകയും ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു. ശേഷം ചിരഞ്ജീവിക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ ബാലചന്ദർ സിനിമയായ തെല്ലുമുള്ളിൽ രജിനികാന്തിനോടൊപ്പം അഭിനയിച്ച് തമിഴിലേക്ക് എത്തി.
ഒരു കാലത്ത് കമൽഹാസനെപ്പോലുള്ള നടന്മാരോടൊപ്പം ധാരാളം ഗ്ലാമർ റോളുകളിലും അഭിനയിച്ചിട്ടുണ്ട് മാധവി. കൂടാതെ ഡോ. രാജ്‌കുമാർ, വിഷ്ണുവർദ്ധൻ, അനന്ത് നാഗ്, അംബരീഷ് എന്നിവരുൾപ്പെടെയുള്ള പ്രശസ്ത കന്നഡ നടന്മാർക്കൊപ്പം ധാരാളം അവരസങ്ങളും നടിക്ക് കിട്ടി. ലാവ ,വളർത്തുമൃഗങ്ങൾ, നവംബറിൻ്റെ നഷ്ടം, ചങ്ങാത്തം, അക്കരെ, മംഗളം നേരുന്നു, ഒരു കുടക്കീഴിൽ, സുദിനം തുടങ്ങിയവയാണ് മാധവി അഭിനയിച്ച മറ്റ് മലയാള സിനിമകൾ.

നിത്യഹരിത നായകൻ പ്രേംനസീർ, ഭരത് ഗോപി, നെടുമുടി വേണു, മമ്മൂട്ടി, മോഹൻലാൽ, ജയറാം, മുരളി, സുരേഷ് ഗോപി തുടങ്ങിയ മലയാളത്തിലെ മുൻനിര നായകൻമാർക്കൊപ്പം നായികയായി തിളങ്ങാനും മാധവിക്ക് കഴിഞ്ഞു. ആയിരം നാവുള്ള അനന്തനായിരുന്നു മാധവി അഭിനയിച്ച അവസാന മലയാള സിനിമ.
അറുപത്തിയൊന്നുകാരിയായ മാധവി വിവാഹത്തോടെയാണ് അഭിനയം ഉപേക്ഷിച്ചത്. ഇപ്പോൾ ഭർത്താവും മക്കളുമെല്ലാമായി ന്യൂജേഴ്സിയിൽ കുടുംബ ജീവിതം നയിക്കുകയാണ്. ബിസിനസുകാരനായ റാൽഫ് ശർമ്മയെ വിവാഹം ചെയ്ത മാധവിക്ക് മൂന്ന് പെൺമക്കളാണുള്ളത്.
സോഷ്യൽമീഡിയയിൽ തന്റെ കുടുംബ ചിത്രങ്ങളെല്ലാം മാധവി പങ്കിടാറുണ്ട്. ന്യൂജേഴ്സിയിൽ താരത്തിന്റേത് രാജകീയ ജീവിതമാണെന്നാണ് റിപ്പോർട്ടുകൾ. കരിയറിൽ 300 സിനിമകളിൽ വേഷമിട്ടിട്ടുള്ള താരം ഇന്ന് ഒരു കൊച്ചു കോടീശ്വരിയാണ്.
ഏകദേശം നാനൂറ് ഏക്കറോളം സ്ഥലം മാധവിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടെന്നാണ് ചില ദേശീയമാധ്യമങ്ങളിലൂടെ പുറത്ത് വന്ന റിപ്പോർട്ട്. കൂടാതെ ഇവിടെ തന്നെ ആഡംബര വസതിയും ലക്ഷ്വറി വാഹനങ്ങളും സ്വന്തമായി വിമാനവും വരെ താരത്തിനുണ്ടത്രെ. മൂന്ന് പെൺമക്കളുടെ അമ്മയാണെങ്കിലും വീട്ടമ്മ എന്ന റോളിനപ്പുറം ഭർത്താവിനെ ബിസിനസ് കാര്യങ്ങളിൽ സഹായിക്കുന്ന മിടുക്കിയായ ഭാര്യയുമാണ് ഇന്ന് മാധവി.


Click it and Unblock the Notifications











