'ഷോറൂമിലെ കാർ പോലെ എന്നെ തെരഞ്ഞെടുത്തെന്ന് പറഞ്ഞ് ഭർത്താവിനോട് വഴക്കിടും; നടൻമാരെ പ്രണയിച്ചപ്പോൾ'
90 കളിൽ തരംഗം സൃഷ്ടിച്ച നടിയാണ് മധുബാല. റോജ എന്ന സിനിമയാണ് മധുവിന്റെ കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്ന സിനിമ. യോദ്ധ, ജെന്റിൽമാൻ തുടങ്ങിയ സിനിമകളിലും മധു ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കരിയറിന്റെ ഒരു ഘട്ടത്തിൽ തിരക്കുകൾ കുറച്ച് കുടുംബ ജീവിതത്തിലേക്ക് മധു ശ്രദ്ധ നൽകി. ആനന്ദ് ഷാ എന്നാണ് റോജയുടെ ഭർത്താവിന്റെ പേര്. വ്യവസായിയായ ആനന്ദ് ഷായുമായി ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് അടുക്കുന്നത്. 1999 ലായിരുന്നു ഇരുവരുടെയും വിവാഹം. അമയ, കിയ എന്നീ രണ്ട് പെൺമക്കളും ഇവർക്ക് പിറന്നു.
അഭിനയ രംഗത്ത് മധു ഇപ്പോൾ സജീവമാണ്. ഭർത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചും സംസാരിക്കുകയാണ് മധുബാലയിപ്പോൾ. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. മക്കൾ അടുത്തില്ലാത്തപ്പോൾ കബോർഡിൽ നിന്നും അവരുടെ വസ്ത്രങ്ങൾ എടുത്ത് ധരിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലിട്ടാൽ മമ്മി, നിങ്ങൾ എന്റെ വസ്ത്രമാണിട്ടതെന്ന് പറഞ്ഞ് വഴക്കിടും. എന്റെ മക്കളെ എനിക്ക് വളരെ ഇഷ്ടമാണ്. അവർ എനിക്ക് ഫാഷനിൽ നിർദ്ദേശങ്ങൾ തരും. മക്കളിൽ നിന്നും ഒരുപാട് പഠിക്കുന്നുണ്ട്.

മക്കൾ വളർന്ന് വരുന്ന പ്രായമാണ്. ചിലർ നിങ്ങൾ മക്കളേക്കാളും ചെറുപ്പമാണെന്ന് എന്നോട് പറയും. അല്ലെങ്കിൽ നിങ്ങൾ മൂന്ന് പേരും സഹോദരിമാരെ പോലെയുണ്ടെന്ന് പുകഴ്ത്തും. ഇപ്പോൾ മക്കൾ അത് പോസിറ്റീവായാണ് എടുക്കുന്നത്. എന്നാൽ അഞ്ച് വർഷത്തിന് മുമ്പ് അങ്ങനെ പറഞ്ഞാൽ അവർക്ക് ഇഷ്ടപ്പെടില്ലായിരുന്നു. വളരുന്ന പ്രായമായതിനാൽ അവരെ ഓവർ ഷാഡോ ചെയ്യാതിരിക്കാൻ ഞാൻ ശ്രമിക്കും. ഫംങ്ഷനൊക്കെ പോകുമ്പോൾ ഞാൻ ഒരുങ്ങും. പക്ഷെ ഒരുമിച്ച് പോകുന്ന സ്ഥലത്ത് അവർക്കാണ് ഞാൻ കൂടുതൽ ശ്രദ്ധ നൽകിയിരുന്നത്.
ഇപ്പോൾ മക്കൾക്ക് 23 ഉം 21 ഉം വയസായി. ഇപ്പോൾ അമ്മയുടെ കാര്യത്തിൽ അവർക്ക് അഭിമാനമുണ്ട്. വർക്കിനെ അത്രത്തോളം സ്നേഹിക്കുന്നുണ്ടെങ്കിലും എനിക്ക് എന്റെ മക്കളും കുടുംബവുമാണ് പ്രധാനം. ഇന്ന് ഞാൻ നല്ല റോളുകൾ ചെയ്യുന്നുണ്ട്. എന്നാൽ മക്കളാണോ കരിയറാണോ പ്രധാനം എന്ന ചോദ്യം വന്നാൽ ഇന്നും ഞാൻ മക്കളാണെന്ന് പറയുമെന്നും മധുബാല വ്യക്തമാക്കി. ഭർത്താവിനെക്കുറിച്ചും നടി സംസാരിച്ചു.

ആനന്ദിന് എന്നെ പരസ്യത്തിൽ അഭിനയിക്കുന്നതിനിടെ കണ്ട് ഇഷ്ടം വന്നെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഞങ്ങൾക്കിടയിലെ മീഡിയേറ്ററോട് അദ്ദേഹം പറഞ്ഞത് ഒരു ഫാനായി അവളെ കണ്ടുമുട്ടേണ്ട, തന്റെ പരസ്യത്തിൽ അഭിനയിക്കാനുള്ള ബിസിനസ് പ്രൊപ്പോസലുമായി അവളെ കാണാമെന്നാണ്. പരസ്യത്തിൽ അഭിനയിക്കാനാണ് ഞാൻ പോയത്. പക്ഷെ അദ്ദേഹം തന്നോട് അടുക്കാൻ കണ്ടുപിടിച്ച വഴിയായിരുന്നു അതെന്നും മധു ചൂണ്ടിക്കാട്ടി.
നിങ്ങളെന്നെ സ്നേഹിക്കുന്നില്ല, ഷോറൂമിൽ കണ്ട ബിഎംഡബ്ല്യു കാർ പോലെ എന്നെ തെരഞ്ഞടുത്തെന്ന് ഭർത്താവിനോട് വഴക്കിടുമ്പോൾ പറയും. ഒരുപാട് നടൻമാരോടൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. പലരോടും ആകർഷണം തോന്നും. നടൻമാർക്ക് പെട്ടെന്ന് ഇഷ്ടം മാറും. ഇന്ന് നിന്നെ സ്നേഹിക്കും, നാളെ മറ്റൊരാളെ സ്നേഹിക്കും. എനിക്ക് അത്തരം അനുഭവമുണ്ടായി. അത് കൈകാര്യം ചെയ്യാൻ എനിക്ക് പറ്റിയില്ല. ഒരു നടനെ വിവാഹം ചെയ്യുമെന്നാണ് ഞാനാദ്യം കരുതിയത്.
പക്ഷെ ചില അനുഭവങ്ങൾക്ക് ശേഷം എന്ത് തന്നെയായാലും സിനിമാ രംഗത്തെ ഒരാളെ വിവാഹം ചെയ്യില്ലെന്ന് തീരുമാനിച്ചു. ആനന്ദിന് റോസാപ്പുക്കൾ തരുന്നതോ പ്രണയ ലേഖനങ്ങൾ തരുന്നതോ ഒന്നും അറിയില്ല. പക്ഷെ അദ്ദേഹം വളരെ സോളിഡ് ആണ്. അദ്ദേഹത്തിന് സിനിമാറ്റിക് പ്രകടനങ്ങളൊന്നും അറിയില്ല. എന്റെ നേർവിപരീതമാണ് അദ്ദേഹം. ഭർത്താവ് തനിക്കെല്ലാമാണ്. 25 വർഷമായി വിവാഹം കഴിഞ്ഞിട്ട്.
ഇത്രയും വർഷങ്ങൾ എപ്പോഴും റൊമാന്റിക് ആയിരിക്കില്ലെന്ന് എല്ലാവർക്കും അറിയാം. വലിയ വഴക്കുകളുണ്ടായിട്ടുണ്ട്. പക്ഷെ ഞാൻ എങ്ങനെയാണെങ്കിലും എന്നെ അദ്ദേഹം ആക്സ്പറ്റ് ചെയ്യും. ഹോർമോൺ വ്യതിയാനം മൂലം എന്റെ വായിൽ നിന്ന് വരുന്ന വാക്കുകൾ ആനന്ദ് ഹൃദയത്തിലേക്ക് എടുക്കാതെ കൈകാര്യം ചെയ്യുമെന്നും മധുബാല വ്യക്തമാക്കി.


Click it and Unblock the Notifications











