'അന്ന് എന്നിൽ ഒരു റിബലുണ്ടായിരുന്നു, അവാർഡുകളൊന്നും ഞാൻ വാങ്ങിയില്ല, നിവിൻ ചിരിക്കുകയായിരുന്നു'; മഡോണ!
നിവിന്‍ പോളിയുടെയും അല്‍ഫോന്‍സ് പുത്രന്റെയും സായി പല്ലവിയുടെയുമൊക്കെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് പ്രേമം. ഈ ചിത്രത്തിലൂടെയാണ് മഡോണ സെബാസ്റ്റ്യനെന്ന അഭിനേത്രി സിനിമയില്‍ തുടക്കം കുറിച്ചത്.
പോസ്റ്ററിലോ പാട്ടിലോ ഒന്നും കാണാതിരുന്ന മഡോണയുടെ മുഖം പ്രേക്ഷകർ ആദ്യമായി കണ്ടത് പ്രേമം കാണാൻ തിയേറ്ററിലേക്ക് പ്രവേശിച്ചപ്പോഴാണ്. പോസ്റ്ററിലൂടെ അനുപമയും പാട്ടിലൂടെ സായ് പല്ലവിയും സിനിമയിലൂടെ മഡോണയും ഹൃദയം കവർന്നുവെന്നാണ് പ്രേമം കണ്ടവരെല്ലാം ഒന്നടങ്കം പറഞ്ഞത്.
ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ തുടക്കമായിരുന്നു പ്രേമത്തിലൂടെ മഡോണയ്ക്ക് ലഭിച്ചത്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ ഗായികയായി മഡോണ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരുന്നു. ഗോപി സുന്ദറിനും ദീപക് ദേവിനുമൊപ്പമൊക്കെ ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം മഡോണയ്ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു.

ഓഡീഷനിലൂടെയായിരുന്നു താരത്തെ സംവിധായകന്‍ തിരഞ്ഞെടുത്തത്. തുടക്കത്തില്‍ മേരിയുടെ കഥാപാത്രമായിരുന്നു താരത്തിനായി മാറ്റി വെച്ചത്. പിന്നീട് മേരിയെ അനുപമയ്ക്കും സെലിനെ മഡോണയ്ക്കും നല്‍കുകയായിരുന്നു അൽഫോൺസ്. പ്രേമത്തിന് ശേഷം കരിയറിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവരാൻ മഡോണയ്ക്ക് സാധിച്ചു.
വിജയ് സേതുപതി, ദിലീപ്, ധനുഷ്, ആസിഫ് അലി, പൃഥ്വിരാജ് സുകുമാരൻ, നാനി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം മഡോണ ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. അഭിനയത്തിന് പുറമെ പാട്ടും മോഡലിങും കൊണ്ടുപോകുന്നുണ്ട്. പ്രേമത്തിന് ശേഷം അന്യഭാഷയില്‍ സജീവമായപ്പോഴും പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ താരം ഏറെ മുന്നിലായിരുന്നു.
ഇപ്പോഴും പ്രേക്ഷകർ സെലിൻ എന്ന രീതിയിൽ തന്നെയാണ് മഡോണയെ സ്നേഹിക്കുന്നത്. പദ്മിനിയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മഡോണയുടെ സിനിമ. ഇപ്പോഴിതാ വളരെ നാളുകൾക്ക് ശേഷം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മഡോണ. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ചെല്ലാം താരം മനസ് തുറന്ന് സംസാരിച്ചു.
തമിഴിലേക്ക് താരം അരങ്ങേറിയത് വിജയ് സേതുപതി സിനിമ കാതലും കടന്ത്പോകുവിലൂടെയാണ്. സിനിമയിലെ പ്രകടനത്തിലാണ് മഡോണയ്ക്ക് ഏറെയും പുരസ്കാരങ്ങൾ ലഭിച്ചത്. എന്നാൽ അന്ന് ഒരു അവാർഡ് പോലും മഡോണ സ്വീകരിച്ചില്ല.

അതിനുള്ള കാരണവും അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. 'കാതലും കടന്ത്പോകും സിനിമയിലൂടെ എനിക്ക് ലഭിച്ച അവാർഡുകളൊന്നും ഞാൻ പോയി വാങ്ങിയില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഒന്ന് പോലും പോയി വാങ്ങിയില്ല. അന്ന് എന്നിൽ ഒരു റിബലുണ്ടായിരുന്നു. അവാർഡ്സിന്റെ കാര്യത്തിൽ എനിക്ക് അന്നൊരു ബ്ലോക്കുണ്ടായിരുന്നു.'
'അവാർഡുണ്ട് വരുമോ എന്ന് ചോദിച്ച് വിളിക്കുമ്പോൾ തന്നെ വരുന്നില്ലെന്ന് ഞാൻ പറയുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് അന്ന് ഞാൻ അങ്ങനെ ചെയ്തത് എന്ന് എനിക്ക് അറിയില്ല. സംവിധായകൻ വിളിച്ചപ്പോഴും വരുന്നില്ലെന്നാണ് പറഞ്ഞത്. ഇപ്പോൾ ആലോചിക്കുമ്പോൾ അന്ന് പോകാമായിരുന്നുവെന്ന് തോന്നുന്നുവെന്നും', മഡോണ പറയുന്നു.
പ്രേമം സിനിമയിൽ നിന്നുള്ള രസകരമായ അനുഭവങ്ങളും മഡോണ പങ്കുവെച്ചു. 'പ്രേമത്തിന്റെ സെറ്റിൽ വെച്ച് ഒരുപാട് ചിരിക്കുമായിരുന്നു. പലരും അഭിപ്രായങ്ങൾ പറയാൻ തുടങ്ങുമ്പോഴാണ് ചിരിക്കാനുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്.'
'അതുപോലെ തന്നെ നിവിനൊപ്പമുള്ള എന്റെ ഒരു സീൻ എടുക്കുന്ന സമയത്ത് ഞാൻ നിൽക്കുന്നത് കാണുമ്പോൾ തന്നെ നിവിൻ ചിരിക്കാൻ തുടങ്ങും. പത്ത് ടേക്കോളം അന്ന് പോയി. പിന്നെ കുറച്ച് സമയം ബ്രേക്ക് എടുത്ത് ചെയ്തപ്പോഴാണ് ഓക്കെയായത്. പ്രേമത്തിന്റെ സെറ്റിൽ നിന്നും പോയ സജഷൻ വഴിയാണ് എനിക്ക് തമിഴിൽ അവസരം കിട്ടിയതെന്നും', മഡോണ സെബാസ്റ്റ്യൻ പറയുന്നു.


Click it and Unblock the Notifications











