'ആ അവസ്ഥയിൽ സാഗർ കിടക്കുന്നതോ... മീനയെ അങ്ങനെ കാണാനോ ധൈര്യം ഉണ്ടായിരുന്നില്ല'; നടി മഹേശ്വരി പറയുന്നു!
തൊണ്ണൂറുകളിൽ തമിഴിലും തെലുങ്കിലും തിളങ്ങി നിന്നിരുന്ന നടിയായിരുന്നു മഹേശ്വരി. തെലുങ്കിൽ തിരുമല തിരുപ്പതി വെങ്കിടേശ സിനിമ ചെയ്തശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന മഹേശ്വരി ഇപ്പോൾ മിനിസ്ക്രീനിൽ സജീവമാണ്. ജയ ടിവിയിലും സീ തമിഴിലുമെല്ലാമായി നിരവധി സീരിയലുകളിൽ താരം ഭാഗമായി.
കൂടുതലായും അജിത്ത്, വിക്രം, പ്രഭു എന്നീ താരങ്ങളുടെ നായികയായാണ് മഹേശ്വരി അഭിനയിച്ചിട്ടുള്ളത്. തുടക്കം തമിഴ് സിനിമയായ കറുത്തമ്മയിലൂടെയായിരുന്നു. 2008ലായിരുന്നു താരത്തിന്റെ വിവാഹം. ഒരു സോഫ്റ്റ് വെയർ കമ്പനി ഉടമയാണ് നടിയുടെ ഭർത്താവ്.
ഫാഷൻ ഡിസൈനർ കൂടിയാണ് മഹേശ്വരി. ആദ്യ സിനിമയായ കറുത്തമ്മയിൽ അഭിനയിക്കുമ്പോൾ പതിനേഴ് വയസ് മാത്രമായിരുന്നു മഹേശ്വരിയുടെ പ്രായം. നടി മീനയുടെ ഉറ്റ ചങ്ങാതി കൂടിയായിരുന്നു മഹേശ്വരി. എന്നാൽ മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ച സമയത്ത് കാണാനോ മീനയെ ആശ്വസിപ്പിക്കാനോ മഹേശ്വരി എത്തിയിരുന്നില്ല. ഇത് പിന്നീട് ആരാധകർ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

മീനയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായ കലാ മാസ്റ്ററാണ് സാഗർ അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ ആയപ്പോൾ മുതൽ മീനയുടെ വലുത് കയ്യായി പ്രവർത്തിച്ചത്. ഇപ്പോഴിതാ പ്രിയ ചങ്ങാതി ഏറ്റവും കൂടുതൽ തകർന്നുപോയ സമയത്ത് താൻ എന്തുകൊണ്ടാണ് ആശ്വസിപ്പിക്കാൻ പോകാതിരുന്നത് എന്നതിന് മഹേശ്വരി മറുപടി നൽകിയിരിക്കുകയാണ്.
സാഗറിനോടും മീനയോടും വളരെ അധികം ആത്മബന്ധമുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ ജീവനില്ലാതെ സാഗറിനെ കാണാനോ മീനയുടെ അവസ്ഥ കാണാനോ ഉള്ള മനോധൈര്യം ഇല്ലായിരുന്നുവെന്നും അതുകൊണ്ടാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ പോകാതിരുന്നതെന്നാണ് മഹേശ്വരി പറയുന്നത്.
'മീന എനിക്ക് സുഹൃത്ത് എന്നതിനപ്പുറം സഹോദരി തുല്യയാണ്. സാഗർ മാഗിയെന്ന് എന്നെ വിളിക്കുമ്പോൾ തന്നെ ആ സ്നേഹം മുഴുവൻ എനിക്ക് അനുഭവിക്കാൻ കഴിയാറുണ്ട്. അത്രയും വലിയ ആത്മബന്ധമാണ് അവരുമായി എനിക്കുള്ളത്. ഏറ്റവും അവസാനമായി ഹൈദരബാദിൽ വെച്ച് കണ്ടപ്പോഴും ഒരുപാട് ചിരിച്ച് സന്തോഷത്തോടെ സംസാരിച്ച ആളാണ് സാഗർ. അദ്ദേഹം മരണപ്പെട്ടുവെന്ന വാർത്ത പെട്ടന്ന് എനിക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല.'
'ആ അവസ്ഥയിൽ സാഗർ കിടക്കുന്നതോ... മീന അത് താങ്ങാൻ കഴിയാതെ നിൽക്കുന്നതോ കണ്ട് നിൽക്കാനുള്ള മനോധൈര്യം എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മരണ വിവരം അറിഞ്ഞ ദിവസം ഞാൻ ചെന്ന് കാണാതിരുന്നത്. തൊട്ടടുത്ത ദിവസം മീനയെ ചെന്ന് കണ്ടിരുന്നുവെന്നും', മഹേശ്വരി പറയുന്നു.

മഹേശ്വരിയുടെ ആന്റിയാണ് അന്തരിച്ച നടി ശ്രീദേവി. ആ മരണവും തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്ന് മഹേശ്വരി പറഞ്ഞു. അവരുടെ മരണവും വലിയ ഷോക്കായിരുന്നു. അത്തരം മാനസിക തകർച്ചയിൽ നിൽക്കുമ്പോഴുള്ള ചില വാർത്തകൾ വേദനിപ്പിക്കുന്നതാണ് എന്നാണ് മഹേശ്വരി പറഞ്ഞത്. തമിഴ് സിനിമയിൽ സജീവമായിട്ടുള്ള നടൻ ഉദയ് അവിഷേക് കാർത്തിക്ക് മഹേശ്വരിയുടെ സഹോദരനാണ്.
ഒരു സിനിമാ കുടുംബം തന്നെയാണ് മഹേശ്വരിയുടേത്. കഴിഞ്ഞ വർഷമാണ് മീനയുടെ ഭർത്താവ് അപ്രതീക്ഷിതമായി മരിച്ചത്. 2009ലായിരുന്നു സാഗറും മീനയും തമ്മിലുള്ള വിവാഹം. ഇരുവർക്കും നൈനിക എന്നൊരു മകളാണുള്ളത്. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിദ്യാസാഗർ കുറച്ച് വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു.
കോവിഡ് ബാധിച്ചതിനെ തുടർന്നാണ് രോഗം ഗുരുതരമായത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് മരണം സംഭവിച്ചു. ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു.
വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഭർത്താവിന്റെ മരണശേഷം മീനയുടെ ആഘോഷങ്ങളും യാത്രകളുമെല്ലം സുഹൃത്തുക്കൾക്കൊപ്പമാണ്. നടി പ്രീത, രംഭ, സംഗീത കൃഷ് തുടങ്ങിയവരെല്ലാം മീനയുടെ ഉറ്റ സുഹൃത്തുക്കളാണ്.


Click it and Unblock the Notifications