'അമ്മയ്ക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഞാൻ കരഞ്ഞു, ഉണ്ണിച്ചേട്ടൻ സുഹൃത്ത് മാത്രമാണ്'; മാളവിക ജയറാം!
പ്രേക്ഷകരുടെ ഇഷ്‌ട താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. മകൻ കാളിദാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതോടെ മകൾ മാളവികയുടെ സിനിമാ പ്രവേശനത്തെ കുറിച്ചാണ് പ്രേക്ഷകർ എപ്പോഴും ജയറാമിനോടും പാർവതിയോടും ചോദിക്കാറുള്ളത്.
എന്നാൽ സിനിമയേക്കാൾ തനിക്ക് മോഡലിങാണ് താൽപര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നുമാണ് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തിൽ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് മാളവിക ജയറാം.
മാളവികയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മാളവികയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും അടുത്തിടെ ചൂട് പിടിച്ചിരുന്നു. ലോക്ക് ഡൗൺ കാലത്താണ് അഭിനയത്തിലേക്ക് വരാമെന്ന തീരുമാനം മാളവിക എടുത്തത്.

അതിനായി അഭിയനക്കളരിയിലും മാളവിക പങ്കെടുത്തിരുന്നു. തെന്നിന്ത്യയിലെ യുവതാരങ്ങൾക്കൊപ്പമാണ് മാളവിക അഭിനയക്കളരിയിൽ പങ്കെടുത്തത്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ ദേവ് മോഹൻ, തെലുങ്ക് താരം നിഹാരിക കൊണ്ടേല, മോഡൽ ശ്രുതി, നടൻ സൗരഭ് ഗോയൽ തുടങ്ങിയവരും മാളവികയ്‌ക്കൊപ്പം അഭിനയക്കളരിയിലുണ്ടായിരുന്നു.
മാളവിക അഭിനയക്കളരി പൂർത്തിയാക്കിയ ശേഷം ആദ്യമായി ഒരു മ്യൂസിക്ക് ആൽബത്തിൽ അഭിനയിച്ചു. മായം സെയ്‍തായ് പൂവെ എന്ന മ്യൂസിക്കൽ ആൽബത്തിലാണ് മാളവിക നായികയായി എത്തിയത്. അശോക് ശെൽവനാണ് നായകനായി അഭിനയിച്ചത്.

പ്രണവ് ഗിരിധരനാണ് മായം സെയ്‍തായ് പൂവെ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അമിത് കൃഷ്‍ണനാണ് വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. ആൽബം വലിയ ഹിറ്റായിരുന്നു.
എന്തുകൊണ്ടാണ് അഭിനയത്തിലേക്ക് വരാൻ വൈകിയത് എന്നതിന്റെ കാരണവും ജീവിത വിശേഷങ്ങളും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് മാളവിക ജയറാം.
'അമ്മയുടെ സിനിമകൾ കണ്ടിട്ടില്ല. മൂന്ന് വയസൊക്കെയായിരുന്ന സമയത്ത് അമ്മയുടെ സിനിമ കണ്ട് കരഞ്ഞിരുന്നു. ശേഷം അമ്മയുടെ സിനിമ കാണുന്നത് നിർത്തി. അച്ഛന്റെ സിനിമകളും കണ്ണന്റെ സിനിമകളും കാണാറുണ്ട്.'

'അമ്മ കണക്കിൽ ഭയങ്കര അറിവുള്ള വ്യക്തിയാണ്. ഞാൻ അതിൽ വീക്കാണ്. ചെറുപ്പത്തിൽ അമ്മ ഞങ്ങളെ പഠിപ്പിക്കുമ്പോൾ എന്തോ കാര്യത്തിന് അമ്മ നന്നായി വഴക്ക് പറഞ്ഞു. അതിന്റെ പേരിൽ ഞാൻ കരച്ചിലായി.'
'അവസാനം അച്ഛനെ വിളിച്ച് പറഞ്ഞു അമ്മയ്ക്കൊപ്പമുള്ള ജീവിതം മടുത്തുവെന്ന്. അച്ഛൻ ദൂരെ ഒരു ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. അച്ഛൻ ആകെ ഭയന്നു. എന്റെ കരച്ചിലും ബഹളവും കേട്ട്.'
'പിന്നെ അമ്മ അച്ഛനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. പണ്ട് ശരീര ഭാരം എനിക്ക് കൂടുതലായിരുന്നു. അതിനാൽ ബോഡി ഷെയ്മിങ് ഒരുപാട് നേരിട്ടിരുന്നു. ആ സങ്കടം ഉള്ളിൽ കിടക്കുന്നതിനാൽ അഭിനയത്തിലേക്ക് വരുന്നതിനും ഭയമായിരുന്നു.'

'ആരെങ്കിലും കളിയാക്കുമോ നമുക്ക് അഭിനയിക്കാൻ സാധിക്കുമോ എന്നൊക്കെ ആലോചിച്ച്. പിന്നെ ലോക്ക് ഡൗൺ കാലത്ത് മനസിലാക്കി ഒരു ജീവിതമേയുള്ളൂവെന്നും അതുകൊണ്ട് ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യണമെന്നും. അങ്ങനെയണ് മോഡലിങ് ചെയ്ത് തുടങ്ങിയതും അഭിനയക്കളരിയിൽ പോയതും.'
'വരനെ ആവശ്യമുണ്ട് സിനിമയിലേക്കുള്ള അവസരം ഞാൻ ഒട്ടും പ്രിപ്പെയർ അല്ലാതിരുന്ന സമയത്ത് വന്ന സിനിമയാണ്. അത് ചെയ്യാതിരുന്നതിൽ വിഷമം തോന്നിയിട്ടില്ല. ഒട്ടും കോൺഫിഡൻസ് ഇല്ലാതെ ഞാൻ അത് ചെയ്തിരുന്നെങ്കിൽ ആ സിനിമയോട് ചെയ്യുന്ന ദ്രോഹമാകുമായിരുന്നു.'
'ഉണ്ണി മുകുന്ദൻ ചേട്ടനോട് എനിക്ക് ക്രഷുണ്ട് എന്ന വാർത്ത വെറും ഗോസിപ്പ് മാത്രമാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്' മാളവിക ജയറാം പറയുന്നു.


Click it and Unblock the Notifications