'ആ ദിവസം ഇങ്ങനൊരു ചിത്രം സംഭവിക്കേണ്ടതായിരുന്നു'; ഒടുവിൽ മാളവികയുടെ ആഗ്രഹം സഫലമായി, അച്ഛനൊപ്പം ഫാമിലി പിക്!
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ് മാളവിക കൃഷ്ണദാസും ഭർത്താവ് തേജസും. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. നായികാനായകനില്‍ വെച്ചായിരുന്നു ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് വീട്ടുകാര്‍ ആലോചിച്ച് വിവാഹം നടത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. യുട്യൂബ് ചാനലിലൂടെ തന്റെ ജീവിതത്തിലെ എല്ലാ നല്ല മുഹൂര്‍ത്തങ്ങളും മാളവിക ഷെയര്‍ ചെയ്യാറുണ്ട്. വളരെ ചെറിയ പ്രായം മുതൽ മാളവികയെ മലയാളികൾ കാണുന്നുണ്ട്. സൂപ്പർ ഡാൻസറിൽ മത്സരാർത്ഥിയായി വന്നപ്പോഴാണ് മാളവികയെ പ്രേക്ഷകർ ആദ്യമായി കണ്ടത്.
ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്നതിനാൽ അച്ഛനാണ് സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിലേക്ക് മാളവികയെ കൊണ്ടുപോയത്. പിന്നീടങ്ങോട്ട് നൃത്തത്തിൽ മാളവിക ശോഭിച്ചു. അച്ഛനെ വളരെ ചെറുപ്പത്തിൽ തന്നെ മാളവികയ്ക്ക് നഷ്ടമായിരുന്നു.
പെട്ടന്നുള്ള മരണമായിരുന്നു അച്ഛന്റേത് എന്നതുകൊണ്ട് തന്നെ മാളവികയെ അത് വളരെ അധികം ബാധിച്ചു. അക്കാര്യങ്ങളെല്ലാം നായികാനായകൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാളവിക തന്നെ പറയുകയും ചെയ്തിരുന്നു.

അച്ഛന്റെ വേർപാടിന് ശേഷം മാളവികയുടെ ഉറ്റ ചങ്ങാതി അമ്മയായിരുന്നു. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അമ്മയോട് യാത്ര പറയാൻ താരം നിന്നില്ല. ഇപ്പോൾ അത്തരം ഒരു യാത്ര പറച്ചിൽ നടത്തിയാൽ വലിയ സീനുണ്ടാകുമെന്നും താനും അമ്മയും വീട്ടിൽ നിന്നും അതെല്ലാം പറഞ്ഞ് ശരിയാക്കിയിട്ടാണ് വന്നതെന്നുമാണ് അമ്മയോട് യാത്ര പറയുന്നില്ലേയെന്ന് ചോദിച്ചപ്പോൾ മാളവിക നൽകിയ മറുപടി.
എല്ലാ പെൺകുട്ടികളും വിവാഹ ദിവസം അച്ഛന്റെ സാന്നിധ്യം ആഗ്രഹിക്കും. മാളവികയ്ക്ക് പക്ഷെ അങ്ങനൊരു ഭാഗ്യമുണ്ടായില്ല. പക്ഷെ ആ സങ്കടം തീർക്കാൻ അച്ഛന്റെ ചിത്രം കൂടി ഉൾപ്പെടുത്തി ഒരു കുടുംബചിത്രം മാളവികയ്ക്ക് ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.
മാളവികയുടെ അച്ഛന്റെ ചിത്രം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു കലാകാരനാണ് താരത്തിന്റെ കുടുംബ ചിത്രമായി മാറ്റി വരച്ച് കൊടുത്തത്. മാളവികയേയും അച്ഛനേയും അമ്മയേയും ചേർത്ത് പിടിച്ച് നിൽക്കുന്ന തേജസിന്റെ ചിത്രം മാളവികയുടെ ഫാൻപേജുകളിൽ വൈറലാണ്. ഏക മകളാണ് മാളവിക. കുടുംബചിത്രം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.
സകുടുംബം മാളവികയെ കാണുമ്പോൾ കണ്ണ് നിറയുന്നുവെന്നാണ് എല്ലാവരും കമന്റ് ചെയ്തിരിക്കുന്നത്. സൂപ്പർ ഡാൻസറിലൂടെ പ്രശസ്തയായ ശേഷം വിദേശത്ത് ഒരു പരിപാടിക്ക് പോയി തിരികെ വരുമ്പോഴാണ് മാളവികയുടെ അച്ഛൻ ഹൃദയാഘാതം മൂലം മരിച്ചത്.

അച്ഛന്റെ മരണശേഷം പഠനത്തിലേക്ക് മാത്രം ഒതുങ്ങി കൂടിയപ്പോൾ അമ്മയുടെ ധൈര്യത്തിലാണ് ഡാൻസിനേയും ഒപ്പം കൂട്ടിയതും അച്ഛൻ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞതെന്നും മാളവിക തന്നെ പറഞ്ഞിട്ടുണ്ട്. വിവാഹശേഷവും തന്റെ സന്തോഷനിമിഷങ്ങളിൽ അമ്മയേയും ചേർത്ത് നിർത്താറുണ്ട് മാളവിക. അടുത്തിടെ ദുബായി വിസിറ്റ് ചെയ്യാൻ ഭർത്താവ് തേജസിനൊപ്പം പോയപ്പോൾ അമ്മയേയും മാളവിക ഒപ്പം കൂട്ടിയിരുന്നു.
മാളവികയുടെ ഇരുപത്തിനാലാം പിറന്നാൾ ആഘോഷവും ദുബായിൽ വെച്ചാണ് നടന്നത്. വിവാഹശേഷമുള്ള ആദ്യത്തെ പിറന്നാള്‍ തേജസും ബന്ധുക്കളും ചേർന്ന് മാളവികയ്ക്ക് സർപ്രൈസ് നിറഞ്ഞതാക്കി. വിവിധ ഇടങ്ങളിലായി നടത്തിയ പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോ മാളവിക തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.
യുട്യൂബ് ചാനലും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമൊക്കെ അടങ്ങിയ ചിത്രമുള്ള കേക്കായിരുന്നു മാളവിക മുറിച്ചത്. ഇരുവശത്തുമായി ചിലങ്കകളും ഉണ്ടായിരുന്നു. വിവാഹശേഷം ഇരുവരും തായ്ലന്‍ഡിലേക്ക് ഹണിമൂൺ പോയതിന്റെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications