'ഞങ്ങളെ അയാൾ ആക്രമിച്ചേനെ... എല്ലാവരും സൂക്ഷിക്കണം'; മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം, വീഡിയോ വൈറൽ!
ഏറ്റവും കൂടുതൽ ആരാധകരുള്ള വൈറൽ കപ്പിളാണ് നായികാ നായകൻ പരിപാടിയിലൂടെ ശ്രദ്ധേയരായി പിന്നീട് വിവാഹിതരായ മാളവിക കൃഷ്ണദാസും ഭർത്താവ് തേജസ് ജ്യോതിയും. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം. മാളവിക പട്ടാമ്പി സ്വദേശിനിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട മാളവികയ്ക്ക് ഡാൻസിനോടും അഭിനയത്തോടുമാണ് ഏറെയും താൽപര്യം.
നായികാ നായകന് ശേഷം ചില സിനിമകളിൽ താരം അഭിനയിക്കുകയും ചെയ്തിരുന്നു. അഭിനയത്തോട് താൽപര്യമുള്ള തേജസ് നായികാ നായകനിൽ പങ്കെടുത്ത ശേഷം മർച്ചന്റ് നേവി ജോലിയിലേക്ക് തിരികെ പോവുകയായിരുന്നു.
വിവാഹശേഷം ഇരുവരും യാത്രകളും മറ്റുമായി തിരക്കിലാണ്. രണ്ടുപേരും സോഷ്യൽമീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ മാളവികയ്ക്കും കുടുംബത്തിനും ഉണ്ടായ ഒരു മോശം അനുഭവം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് തേജസ് ജ്യോതി. മാളവികയുടെ പട്ടാമ്പിയിലെ വീട്ടിൽ മോഷണശ്രമം നടന്നതിന്റെ ദൃശ്യങ്ങളാണ് തേജസ് പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതെന്നാണ് തേജസ് പറയുന്നത്. അമ്മയും മാളവികയുമൊന്നും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പ്രധാന വാതിൽ കത്തി ഉപയോഗിച്ച് കുത്തിപൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. സംഭവത്തെ കുറിച്ച് തേജസ് പറഞ്ഞത് ഇങ്ങനെ... 'ഞങ്ങൾ ഇപ്പോൾ പട്ടാമ്പിയിലെ മാളവികയുടെ വീട്ടിലാണ് ഉള്ളത്. ഇവിടെ ഇന്നലെ രാത്രി മോഷണം നടന്നിട്ടുണ്ട്.'
'അതിൽ ഞങ്ങൾ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് വന്നു. എല്ലാവരും സൂക്ഷിക്കുക. ഞങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. ചിലപ്പോൾ ഞങ്ങൾ ഉള്ള സമയത്താണ് മോഷണം നടന്നതെങ്കിൽ ചിലപ്പോൾ അയാൾ ഞങ്ങളേയും ആക്രമിച്ചേനെ.'
'തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അവിടെയും കയറാൻ അയാൾ ശ്രമിച്ചിരുന്നു. ദൃശ്യങ്ങൾ കണ്ടിട്ട് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ മെസേജ് അയച്ച് അറിയിച്ചാൽ അന്വേഷണത്തിന് ഉപകാരപ്പെടും. അടുത്ത വീട്ടിൽ ആളനക്കം കേട്ടതുകൊണ്ട് മോഷ്ടാവ് അവിടെ കേറിയില്ല. അതുകൊണ്ട് വലിയൊരു അപകടം ഒഴിവായി.'
'ആയുധങ്ങളുമായിട്ടാണ് മോഷ്ടാവ് വന്നത്. കത്തിവെച്ച് മെയിൻ ഡോർ കുത്തി പൊളിച്ചു. മാത്രമല്ല വീട്ടിലെ എല്ലാ മുറികളിലും കയറി സാധനങ്ങൾ വലിച്ച് വാരിയിട്ട് പരിശോധിച്ചിട്ടുണ്ട്. അലമാരയും തുറന്നിട്ടുണ്ട്. പോലീസ് നായ എത്തിയിരുന്നു. മണം പിടിച്ച് വീടിന് പിറകിലുളള ഒഴിഞ്ഞ പറമ്പിലേക്കാണ് പോയത്.'

'മോഷ്ടാവിനെ മനസിലായിട്ടില്ല. അന്വേഷണം നടക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുക. വീടുകളിൽ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാതിരിക്കുക', എന്ന് പറഞ്ഞാണ് വീടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് തേജസ് പറഞ്ഞത്. വീഡിയോ വൈറലായതോടെ ഒന്നും സംഭവിക്കാതെ നിങ്ങൾ രക്ഷപ്പെട്ടത് ഭാഗ്യം എന്നാണ് ചിലർ കുറിച്ചത്.
യുട്യൂബ് ചാനലുമായും മാളവിക സജീവമായതിനാൽ സോളോ ഡാൻസ് വീഡിയോകൾ വിവാഹത്തിന് മുമ്പ് ഏറെയും പകർത്തിയിരുന്നത് താരത്തിന്റെ വീടിനുള്ളിൽ വെച്ചായിരുന്നു. ഇരുപത്തിനാലുകാരിയായ മാളവിക ഒറ്റപുത്രിയായതുകൊണ്ട് തന്നെ വിവാഹശേഷം എവിടെ പോകുമ്പോഴും അമ്മയേയും ഒപ്പം കൂട്ടാറുണ്ട്.
വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടമായോ എന്നത് തേജസ് വെളിപ്പെടുത്തിയിട്ടില്ല. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക സുപരിചിതയാകുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ. പിന്നീട് ഡാൻസ് ഡാൻസ്, നായിക നായകൻ തുടങ്ങിയ ഷോകളിലും മാളവിക പങ്കെടുത്തു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലും അടുത്തിടെ മാളവിക മത്സരിച്ചിരുന്നു. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ഇന്ദുലേഖ എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും മാളവികയായിരുന്നു. അവതാരകയായും മാളവിക ശ്രദ്ധ നേടിയിട്ടുണ്ട്.


Click it and Unblock the Notifications