ഞങ്ങളുടെ നിറ വ്യത്യാസം എനിക്ക് പ്രശ്‌നമായിരുന്നില്ല! ആ ദുരനുഭവത്തെ കുറിച്ച് മാളവിക
അമേരിക്കയില്‍ പോലീസിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ പേരില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വംശീയ വിവേചനത്തിനെതിരെ അവിടെ വലിയ പ്രക്ഷോപമാണ് ഉയരുന്നത്. അവിടെ മാത്രമല്ല ചെറുപ്പത്തില്‍ തനിക്ക നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറയുകയാണ് നടി മാളവിക മോഹനന്‍. ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചിരിക്കുകയാണ്.
'എനിക്ക് പതിനാല് വയസുള്ളപ്പോള്‍ എന്റെ അടുത്ത കൂട്ടുകാരില്‍ ഒരാള്‍ അവന്റെ അമ്മ ഒരിക്കലും ചായ കൊടുക്കില്ലെന്ന് പറഞ്ഞു. ചായ കുടിച്ചാല്‍ കറുത്ത് പോകുമെന്നാണ് അവര്‍ കരുതിയിരുന്നത്. ഒരിക്കല്‍ അവന്‍ ചായ ചോദിച്ചപ്പോള്‍ നീ അവളെ പോലെ (എന്നെ പോലെ) കറുത്ത് പോകും എന്ന് അവനോട് അവര്‍ പറഞ്ഞു. അവന്‍ മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും ഞാന്‍ അല്‍പം ഇരുണ്ട നിറമുള്ള മലയാളി പെണ്‍കുട്ടിയും ആയിരുന്നു.

ഞങ്ങള്‍ തമ്മിലുള്ള നിറ വ്യത്യാസം അതുവരെ എനിക്ക് ഒരു പ്രശ്‌നവുമല്ലായിരുന്നു. പക്ഷേ എന്റെ നിറത്തെ കുറിച്ച് ആദ്യമായി ഒരാള്‍ അങ്ങനെ പറഞ്ഞതോടെയാണ് ഞാനും അതേ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ജാതിയതയും വര്‍ണവിവേചനവും നമ്മുടെ സമൂഹത്തില്‍ ഇപ്പോഴുമുണ്ട്. ഇരുണ്ട നിറമുള്ളവരെ 'കാലാ' എന്ന് അഭിസംബോധന ചെയ്യുന്നത് എപ്പോഴും കേള്‍ക്കാം.
ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള ഈ വര്‍ണവിവേചനം ഭീകരമാണ്. ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികള്‍ എന്നാണ് ഉത്തരേന്ത്യക്കാര്‍ പൊതുവേ വിളിക്കുന്നത്. എന്ത് കൊണ്ടാണ് ദക്ഷിണേന്ത്യക്കാരെ അവര്‍ ഇങ്ങനെ വിളിക്കുന്നത് എന്ന് അറിയില്ല. ഉത്തരേന്ത്യക്കാര്‍ വെളുത്തവരും സുന്ദരന്മാരും ആണെന്നും ദക്ഷിണേന്ത്യക്കാര്‍ ഇരുണ്ട നിറക്കാരും വിരൂപരും ആണെന്നും ഒരു ധാരണ ഇപ്പോഴുമുണ്ട്.

ലോകത്തെ വംശവെറിയെ കുറിച്ച് അപലപിക്കുമ്പോള്‍ നമുക്ക് ചുറ്റും കൂടി ഒന്ന് കണ്ണോടിക്കണം. നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകള്‍ കാണാന്‍ സാധിക്കും. നിറമല്ല ഒരു മനുഷ്യനെ സുന്ദരനാക്കുന്നത്. അത് അവന്റെ ഉള്ളിലെ നന്മയാണ് എന്ന് മനസിലാക്കുക'. എന്നുമാണ് നടിയുടെ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications