'മക്കളെ ബുദ്ധിമുട്ടിക്കാനായി അമ്മായിയമ്മമാരുടെ സ്വഭാവവുമായി പോകരുതെന്ന് സുകുവേട്ടൻ പറഞ്ഞിട്ടുണ്ട്'; മല്ലിക!
മലയാളികൾക്ക് ഏറെയിഷ്ടമുള്ള താരമാണ് മല്ലിക സുകുമാരൻ. പരമ്പരകളിലും സിനിമകളിലുമൊക്കെയായി സജീവമാണ് താരം. പറ്റുന്ന സമയത്തെല്ലാം ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് മല്ലിക പറയുന്നു. സുകുമാരൻ നിർത്തിയ ഇടുത്ത് നിന്ന് തുടങ്ങാൻ രണ്ടുമക്കളെയും പ്രാപ്തയാക്കിയത് മല്ലിക ഒറ്റയ്ക്കാണ്.
അതുകൊണ്ട് തന്നെ രണ്ട് സൂപ്പർതാരങ്ങളുടെ അമ്മ എന്ന പേരിൽ മല്ലിക സുകുമാരൻ ആഘോഷിക്കപ്പെടുന്നത്. മല്ലികയ്ക്ക് നാൽപ്പത്തിമൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് സുകുമാരൻ അന്തരിച്ചത്. അത് മല്ലികയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമുള്ള ഒരു ഷോക്കായിരുന്നു.
മാസങ്ങളോളം താൻ അതിന്റെ ആഘാതത്തിൽ ഇരിപ്പായിരുന്നുവെന്ന് മല്ലിക തന്നെ പറഞ്ഞിട്ടുണ്ട്. രണ്ട് മക്കളും സൂപ്പർതാരങ്ങളാണെങ്കിലും മല്ലികയ്ക്ക് താൻ കണ്ട ഏറ്റവും വലിയ താരം ഭർത്താവ് സുകുമാരൻ തന്നെയാണ്. ഇനിയൊരു നല്ല ജീവിതം ഇല്ലെന്ന് കരുതി ഇരുന്ന മല്ലികയെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടി റാണിയെപ്പോലെയാണ് മരണം വരെ സുകുമാരൻ നോക്കിയിരുന്നത്.

പെട്ടന്ന് ആ ബലം ഇല്ലാതെയായപ്പോൾ ഇനി എന്ത് എന്ന ചിന്തയായിരുന്നു തന്റെ മനസ് നിറയെ എന്നാണ് മല്ലിക പറയാറുള്ളത്. 'ജീവിതം കളിതമാശയല്ലെന്ന് ഞാൻ പഠിച്ചത് എന്റെ ഒരു ജീവിതത്തിലൂടെയാണ്. അത് കഴിഞ്ഞപ്പോൾ എനിക്ക് വാശിയായിരുന്നു ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന്.'
'സുകുവേട്ടൻ മരിച്ചപ്പോൾ ഇനി അങ്ങോട്ട് എങ്ങനെയെന്ന ചിന്തയായിരുന്നു. കാരണം അതുവരെയും എല്ലാം സുകുവേട്ടന്റെ മേൽനോട്ടത്തിലായിരുന്നു ഞാനും ഒന്നും അറിയേണ്ടി വന്നിട്ടില്ല. സുകുവേട്ടന്റെ മരണശേഷം ഞാൻ ഡള്ളായിരുന്നു. അതുകണ്ട് അമ്മ പറഞ്ഞു കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ദ്രനും രാജുവും ഡള്ളാണെന്നുള്ളത് ശ്രദ്ധിച്ചോയെന്ന്.'
'അവർ മിടുക്കരായി പഠിക്കുന്ന കുട്ടികളല്ലേ അവരെ ഡള്ളായി ഇരിക്കാൻ അനുവദിക്കരുതെന്ന് അമ്മ പറഞ്ഞു. ഇന്ദ്രൻ സ്കൂൾ പഠനം പൂർത്തിയാക്കിയ സമയമായിരുന്നു. പിന്നെ ഞാൻ പതിയെ മാറി അവർക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങി. പിന്നീട് സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടി. സീരിയലിലേക്ക് ക്ഷണം വന്നപ്പോൾ അഭിനയിക്കണോ വേണ്ടയോ എന്നത് ഞാൻ ആദ്യം ചോദിച്ചത് മക്കളോടാണ്.'
'അമ്മയ്ക്ക് അറിയാവുന്ന അമ്മയ്ക്ക് ഇഷ്ടമുള്ള തൊഴിലല്ലേ ചെയ്യണമെന്നാണ് മക്കൾ പറഞ്ഞത്. അവിടെ നിന്നാണ് വീണ്ടും അഭിനയിക്കാൻ തുടങ്ങിയത്. വിഷമത്തിൽ നിന്ന് ഞാൻ വെളിയിൽ വന്നത് സീരിയൽ അഭിനയത്തിലൂടെയാണെന്നും', മല്ലിക സുകുമാരൻ പറയുന്നു.

'ഇപ്പോൾ അഭിനയിക്കാൻ പോകുന്നത് കാണുമ്പോൾ പിള്ളേർ ചോദിക്കാറുണ്ട് റേഷൻ വാങ്ങാൻ കാശില്ലേയെന്ന്. തമാശയ്ക്ക് പറയുന്നതാണ്. ഞാൻ അഭിനയിക്കുന്നത് എനിക്ക് ആരോഗ്യമുള്ളതുകൊണ്ടാണ്. ഞാൻ ആരേയും ബുദ്ധിമുട്ടിക്കാറില്ല.'
'എന്നെ സ്നേഹത്തോടെ വിളിക്കുന്നവരുടെ പടങ്ങളിൽ ഞാൻ അഭിനയിക്കാറുണ്ട്. അതിന് അവർ പ്രതിഫലവും തരും. അതും എന്റെ സമ്പാദ്യമാണ്. പിന്നെ എന്ത് ആവശ്യപ്പെട്ടാലും ചെയ്ത് തരുന്ന രണ്ട് മക്കളും എനിക്കുണ്ട്. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. എറണാകുളത്ത് ഇന്ദ്രന്റെയും രാജുവിന്റെയും ഫ്ലാറ്റുകൾക്ക് നടുവിലാണ് എന്റെ ഫ്ലാറ്റ്. അഞ്ച് മിനിറ്റ് കൊണ്ട് എത്താം.'
'എപ്പോൾ വേണമെങ്കിലും മക്കൾ വരും. പിന്നെ എന്റെ ഒരു രീതി വേറെയാണ്. കൂടാതെ മക്കളെ ബുദ്ധിമുട്ടിക്കാനായി അമ്മായിയമ്മമാരുടെ സ്വഭാവവുമായി ഒരു കാലത്തും പോകരുതെന്ന് സുകുവേട്ടൻ പറഞ്ഞിട്ടുണ്ട്. എനിക്ക് വയ്യാതായാൽ എന്റെ മക്കൾ നോക്കുമെന്ന് എനിക്ക് അറിയാം.'
'ബ്രോ ഡാഡിക്ക് ശേഷം എനിക്ക് നല്ല തിരക്കാണെന്നും', മല്ലിക മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇത്തവണ മക്കൾക്കും കൊച്ചുമക്കൾക്കും മരുമക്കൾക്കും ഒപ്പം കൊച്ചിയിലാണ് മല്ലിക ഓണം ആഘോഷിച്ചത്. സുകുമാരൻ കുടുംബത്തിന്റെ ഓണാഘോഷ ചിത്രങ്ങൾ വൈറലായിരുന്നു.


Click it and Unblock the Notifications