'എന്റെ കണ്ണ് നിറഞ്ഞാൽ മക്കൾ ഷൂട്ട് നിർത്തിവെച്ച് ഓടി വരും, അവരില്ലായിരുന്നുവെങ്കിൽ മക്കൾ വിഷമിച്ച് പോയേനെ'
അച്ഛന്റെ മൃതദേഹവുമായി എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുമ്പോള്‍ ഇനി അമ്മ എന്തുചെയ്യും എന്നതായിരുന്നു എന്റെ ചിന്ത. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഞാനും എന്റെ ചേട്ടനും അമ്മ മല്ലിക സുകുമാരനെ കുറിച്ച് അടുത്തിടെ ഒരു പ്രസംഗത്തിൽ സംസാരിക്കവെ തൊണ്ടയിടറിക്കൊണ്ട് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണിത്. അഭിനയജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട മല്ലിക സുകുമാരനെ ആദരിക്കാന്‍ ഫ്രണ്ട്സ് ആന്‍ഡ് ഫോസ് കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയായ മല്ലികാവസന്തത്തിലാണ് പൃഥ്വിരാജും ഇന്ദ്രജിത്തും അമ്മയെ കുറിച്ച് വാചാലരായത്.
ഇന്ന് സക്സസ് ഫുള്ളായ ജീവിതം പൃഥ്വിരാജും ഇന്ദ്രജിത്തും നയിക്കുന്നുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണക്കാരി മല്ലികയാണ്. സുകുമാരൻ മരിക്കുമ്പോൾ നാൽപ്പതുകളുടെ തുടക്കത്തിലായിരുന്നു മല്ലിക. എല്ലാമെല്ലാമായ വ്യക്തിയെ നഷ്ടപ്പെട്ടിട്ടും തളരാതെ മല്ലിക പിടിച്ച് നിന്നത് മക്കൾക്ക് വേണ്ടിയാണ്.

മറ്റൊരു കൂട്ടിനെ കുറിച്ചുപോലും മല്ലിക ചിന്തിച്ചിട്ടില്ല. അമ്മ ഒരു പോരാളിയായിരുന്നുവെന്ന് അടിക്കടി പൃഥ്വിരാജ് പറയാറുണ്ട്. എത്ര ബിസി ഷെഡ്യൂളിലൂടെ കടന്ന് പോയാലും മല്ലികയൊന്ന് വിളിച്ചാൽ രണ്ട് ആൺമക്കളും പറന്നെത്തും. പൃഥ്വിരാജ് സംവിധാനവും നിർമ്മാണവും അടക്കമുള്ള സിനിമയുടെ സമസ്ത മേഖലകളിലും പടർന്ന് പന്തലിച്ച് കഴിഞ്ഞു. ബോളിവുഡിലും തിരക്കുള്ള താരമാണ് പൃഥ്വി. ഇന്ദ്രജിത്തും ഒട്ടും പിന്നിലല്ല.
മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച നടന്മാരുടെ കൂട്ടത്തിലാണ് ഇന്ദ്രജിത്തിന്റെ പേര്. ഇപ്പോഴിതാ കൈരളി ടിവിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മക്കളേയും മരുമക്കളേയും കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താരപത്നിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... പൃഥ്വിയുടെ പ്രസംഗത്തിനുശേഷം ഒരുപാട് പേർ എനിക്ക് മെസേജ് അയച്ചു.
ഇങ്ങനെ രണ്ട് മക്കളില്ലേ... ഇതിൽ കൂടുതൽ എന്ത് വേണമെന്നാണ് ചോദിച്ചത്. മക്കളാണ് സുകുവേട്ടൻ എനിക്ക് തന്ന ഏറ്റവും വലിയ ധനമെന്ന് ഞാനും പറയാറുണ്ട്. ആൺകുട്ടികളായിരുന്നതുകൊണ്ട് പേടിയായിരുന്നു. എങ്ങനേയും പോകാവുന്ന പരവുമാണ് പതിനേഴ് മുതൽ 22 വരെയുള്ള പ്രായം. അതുകൊണ്ട് തന്നെ ആ സമയത്ത് രണ്ടുപേരെയും ഞാൻ കുറച്ച് ചേർത്ത് നിർത്തി.
അച്ഛൻ പറയാറുള്ളത് ഓർമയുണ്ടല്ലോ... പഠിക്കണം നല്ല കുഞ്ഞുങ്ങളായി വളരണം എവിടെയെങ്കിലും ചെന്ന് കഴിഞ്ഞാൽ മാന്യമായി സംസാരിക്കാൻ പഠിക്കണം എന്നൊക്കെ ഞാൻ പറഞ്ഞ് കൊടുക്കുമായിരുന്നു.
അതൊക്കെ അനുസരിച്ചാണ് അവർ വളർന്നത് ഇന്നും എന്റെ കണ്ണ് നിറഞ്ഞാൽ എന്റെ മക്കൾ ഷൂട്ട് നിർത്തിവെച്ചിട്ട് ഓടി വരും. രാജുവിന് പറ്റിയൊരാളാണ് സുപ്രിയ. രാജുവില്ലെങ്കിലും എല്ലാ കാര്യങ്ങൾക്കും സുപ്രിയ നടന്നോളും. അതുപോലെ തന്നെയാണ് പൂർണിമയും.

ഇന്ദ്രന്റെ രണ്ട് കുഞ്ഞുങ്ങളും നന്നായി പഠിക്കും. അവരുടെ കാര്യവും നോക്കി അതിനിടയിൽ പ്രാണയും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്. ഇന്ദ്രന്റെ കാര്യങ്ങളും നോക്കുന്നുണ്ട് പൂർണിമ. ഇവരെ പങ്കാളികളായി കിട്ടിയില്ലായിരുന്നുവെങ്കിൽ ഇന്ദ്രനും രാജുവും വിഷമിച്ച് പോയേനെ.
ഒന്നും അറിയാത്ത പിള്ളേരായിരുന്നുവെങ്കിൽ എന്ത് ചെയ്തേനെ..? ദൈവം അറിഞ്ഞുകൊണ്ട് തന്നെയാണ് കൊണ്ടുകൊടുത്തതെന്ന് ഞാനും ഇടയ്ക്ക് വിചാരിക്കാറുണ്ട്. ഫോഴ്സാ കൊച്ചി എഫ്‌സിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഓടി നടന്നത് സുപ്രിയയാണ്.
പൃഥ്വിരാജ് ഹിന്ദി സിനിമയും എമ്പുരാൻ ഷൂട്ടുമെല്ലാമായി നടക്കുകയായിരുന്നു. അതിനൊക്കെ സുപ്രിയയെ സമ്മതിക്കണം. എല്ലാം മാനേജ് ചെയ്യും. പിന്നെ സൈനീക സ്കൂളിൽ പഠിച്ചതുകൊണ്ട് തന്നെ പൃഥ്വിക്ക് സ്പോർട്സിനോട് താൽപര്യമുണ്ട്.
സുകുവേട്ടനും ഫുട്ബോൾ പ്രേമിയായിരുന്നു. അച്ഛനും മക്കളും ഉറങ്ങാതിരുന്ന് ഫുട്ബോളും ക്രിക്കറ്റും കാണുമായിരുന്നുവെന്നും മക്കളേയും മരുമക്കളേയും കുറിച്ച് വാചാലയായി മല്ലിക പറഞ്ഞു. ഇത്തവണ മല്ലികയുടെ ഓണം ഇന്ദ്രജിത്തിന്റെ പുതിയ വീട്ടിലായിരുന്നു. പൃഥ്വിരാജും എത്തിയിരുന്നു.


Click it and Unblock the Notifications











