'അലംകൃത വളരുന്നതിന് അനുസരിച്ച് രാജുവിന്റെ ചിരി കൂടുന്നുണ്ട്, സുകുവേട്ടന്റെ രീതിയാണ് അലംകൃതയ്ക്ക്'; മല്ലിക
താരപുത്രിമാരിൽ ഏറെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകൾ അല്ലി എന്ന് വിളിപ്പേരുള്ള അലംകൃതയ്ക്ക്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കുവെയ്ക്കാറുണ്ട്.
എന്നാൽ ചിത്രങ്ങൾ പങ്കുവെയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. പിറന്നാൾ ദിവസങ്ങളിൽ മാത്രമാണ് അല്ലിയുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ പൃഥ്വിയും സുപ്രിയയും പങ്കുവെയ്ക്കാറുള്ളത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ എന്നാണ് പൃഥ്വി മകളെ വിശേഷിപ്പിക്കാറുള്ളത്. തിരുവോണ ദിനത്തിൽ പൃഥ്വിരാജ് കുടുംബചിത്രം പങ്കുവെച്ചപ്പോൾ അല്ലിയുടെ ചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. ആരാധകർക്ക് അത് ശരിക്കും ഒരു സർപ്രൈസായിരുന്നു.
മകളുടെ സ്വകാര്യതയ്ക്ക് വളരെ ഏറെ പ്രധാന്യം നൽകുന്ന സുപ്രിയയ്ക്കും പൃഥിരാജിനും എന്ത് പറ്റിയെന്നായിരുന്നു കൂടുതലും ആരാധകർക്ക് അറിയേണ്ടിയിരുന്നത്.

എഴുത്തും വായനയുമാണ് അല്ലിയുടെ ഇഷ്ട വിനോദം. എഴുത്തിൽ മിടുക്കിയായ അല്ലിയുടെ കുട്ടി കവിതകൾ സുപ്രിയ മുമ്പ് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. അല്ലിയുടെ കവിതകൾ കൂട്ടിച്ചേർത്ത് ഒരു പുസ്തകവും സുപ്രിയ പുറത്തിറക്കിയിരുന്നു. ഒഴിവ് സമയങ്ങൾ വായനക്കായാണ് അല്ലി മാറ്റിവെയ്ക്കാറുള്ളത്.
തന്റെ മനസിൽ ഉടക്കിയ ഏത് കാര്യത്തെ കുറിച്ചും അല്ലി എന്തെങ്കിലുമൊക്കെ കുത്തികുറിച്ച് ഇടാറുണ്ട്. ആ ശീലം അല്ലിയുടെ മുത്തച്ഛനും നടനുമായ സുകുമാരനും ഉണ്ടെന്നും അവിടെ നിന്നും അല്ലിയിലേക്ക് വന്നതായിരിക്കുമെന്നും പറയുകയാണ് മല്ലിക സുകുമാരൻ.
മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ഭർത്താവിനും കൊച്ചുമകൾക്കും ഉള്ള സാമ്യതകളെ കുറിച്ച് മല്ലിക സുകുമാരൻ വിവരിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ സുകുമാരന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം കോളജ് അധ്യാപകനായിട്ടായിരുന്നു.
1973ൽ പുറത്തിറങ്ങിയ എംടിയുടെ നിർമാല്യത്തിലൂടെയായിരുന്നു സിനിമയിലേക്ക് വരുന്നത്. നട്ടെല്ലുള്ള നടനെന്നായിരുന്നു സുകുമാരനെ സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരുന്നത്. പൃഥ്വിരാജിനെ അറുത്ത് മുറിച്ചുള്ള സംസാരവും നേരെ വാ നേരെ പോ രീതിയും കാണുമ്പോൾ സുകുമാരനെയാണ് ഓർമ്മ വരുന്നതെന്നാണ് ആരാധകരെല്ലാം പറയാറുള്ളത്.

മറ്റുള്ളവരെ തൃപ്തിപ്പെടുത്താനോ പ്രീതി സമ്പാദിക്കാനോ ഒരിക്കലും സംസാരിക്കാറില്ല പൃഥ്വിരാജ്. ആവശ്യമില്ലാത്ത ഒരു ചിരിപോലും പൃഥ്വിരാജിന്റെ മുഖത്ത് കാണാനാവില്ല. മകളുടെ ജനനത്തിന് ശേഷം അതിൽ മാറ്റം വന്നുവെന്നും മല്ലിക പറയുന്നു. 'ആളുകളോട് അവൻ അധികം സംസാരിക്കാറില്ല.'
'അതേകുറിച്ച് ചോദിച്ചാൽ മര്യാദ അളക്കുന്നത് എത്രനേരം ഒരാളോട് സംസാരിച്ചുവെന്നത് വെച്ചിട്ടാണോ എന്നാണ് രാജു ചോദിക്കുക. ഇപ്പോൾ അവൻ ഒത്തിരി മാറി. മോൾ വളരുന്നതിന് അനുസരിച്ച് രാജുവിന്റെ ചിരിയും കൂടി വരുന്നുണ്ട്. സുകുവേട്ടൻ എഴുതുമായിരുന്നു.'
'അദ്ദേഹത്തിന്റെ ഒരു ബുക്ക് എന്റെ കയ്യിലുണ്ട്. അത് പിള്ളേർക്ക് കൊടുക്കണമെന്ന് കരുതിയാണ് ഇരിക്കുന്നത്. എന്ത് സംഭവം കണ്ടാലും അതേ കുറിച്ച് എന്തെങ്കിലുമൊക്കെ സുകുവേട്ടൻ എഴുതും. ഒന്നും പിന്നത്തേക്ക് എന്ന് പറഞ്ഞ് വെക്കില്ല. കഥ പറയുന്നത് പോലെയാണ് അദ്ദേഹം ആർട്ടിക്കിൾ എഴുതുന്നത്. നമ്മൾ വായിച്ച് ഇരുന്ന് പോകും.'
'ഒരു നാടകം, ആർട്ടിക്കിൾ ഒക്കെ എഴുതാൻ പറഞ്ഞാൽ രാജു പെട്ടന്ന് എഴുതും. രാജുവിന്റെ ഒരു കവിത അവന്റെ സ്കൂളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ അല്ലിയും എന്ത് സംഭവം നടന്നാലും അതേ കുറിച്ച് എഴുതും. അത് സുകുവേട്ടന്റെ രീതിയാണെന്നും', മല്ലിക പറയുന്നു. മക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ചലച്ചിത്ര അരങ്ങേറ്റത്തിന് സാക്ഷിയാകാന്‍ സുകുമാരനുണ്ടായിരുന്നില്ല. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരൻ 1997 ജൂൺ പതിനാറിനാണ് വിടവാങ്ങിയത്.


Click it and Unblock the Notifications