പേരിലെ രാഗവും മോഹവും പ്രേമവും അതോടെ പോയിക്കിട്ടി; സുകുവേട്ടന്‍ തന്റെ അവതാരപുരുഷനാണെന്ന് മല്ലിക സുകുമാരന്‍
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരന്‍ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.
സിനിമയിലും സീരിയലുകളിലും എത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരന്‍. തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരന്‍ പങ്കുവെക്കാറുണ്ട്.

മല്ലിക സുകുമാരന്റെ സിനിമാവിശേഷങ്ങളും കുടുംബവിശേഷങ്ങളും കേള്‍ക്കാന്‍ എന്നും പ്രേക്ഷകര്‍ക്ക് വലിയ താത്പര്യമാണ്. തന്റെ ജീവിതത്തില്‍ സുകുമാരന്‍ എന്ന വ്യക്തിയുടെ കടന്നുവരവ് വലിയ മാറ്റങ്ങള്‍ക്ക് കാരണമായി എന്നുപറയുകയാണ് മല്ലിക ഇപ്പോള്‍. അമൃത ടിവിയുടെ റെഡ് കാര്‍പ്പറ്റില്‍ പങ്കെടുത്തപ്പോഴായിരുന്നു അവര്‍ സുകുമാരനുമായുള്ള അനുഗ്രഹീതമായ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. മുന്‍കാലനടന്‍ ജോസും മല്ലികയ്‌ക്കൊപ്പമുണ്ടായിരുന്നു.
സുകുമാരനെക്കുറിച്ച് മല്ലിക പറയുന്നതിങ്ങനെ:' മല്ലിക സുകുമാരന്‍ എന്ന മേല്‍വിലാസം കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളൂ. മക്കളൊക്കെ ഇപ്പോള്‍ വന്നതല്ലേ. എന്റെ ജീവിതത്തില്‍ സുകുമാരന്‍ എന്ന വ്യക്തി ഒരു കാരിയര്‍ ആയി വന്ന് എന്നെ രക്ഷപ്പെടുത്തിയെടുക്കുകയായിരുന്നു.

ഞാന്‍ എങ്ങനെ ആഗ്രഹിച്ചോ അങ്ങനെ ജീവിക്കാന്‍ എന്നെ സഹായിച്ച വ്യക്തിയാണ് സുകുവേട്ടന്‍. നല്ലൊരു ഭാര്യ, കുടുംബം, കുട്ടികള്‍, വീട്ടുകാര്യം അതൊക്കെയായിരുന്നു എന്റെ സ്വപ്നം. അദ്ദേഹം തന്റെ വലതുകൈയിലെ ഉള്ളംകൈയില്‍ വെച്ചുകൊണ്ട് എന്റെ എല്ലാ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം സാധിച്ചുതന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തെ പല ഇന്റര്‍വ്യൂകളിലും ഒരു അവതാര പുരുഷനെപ്പോലെ അവതരിപ്പിക്കുന്നതിന് കാരണവും ഇതാണ്. എവിടെനിന്നോ വന്നു, അനുസരണയുള്ള, സ്‌നേഹമുള്ള രണ്ട് മക്കളെ തന്ന് എന്നെ രക്ഷപ്പെടുത്തി. ആ സ്‌നേഹത്തോടെ ഇന്നും സന്തോഷമായിരിക്കുന്നു.
അദ്ദേഹത്തിന് ഡയലോഗ് പഠിക്കാന്‍ നിമിഷനേരം മതി. എത്ര ബഹളം ഉണ്ടെങ്കിലും അല്പനേരം അതിലേക്ക് നോക്കിയിരുന്ന് പെട്ടെന്ന് ഡയലോഗ് പഠിക്കും. ആ കഴിവ് ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമുണ്ടെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. മക്കളില്‍ ഇന്ദ്രജിത്താണ് പൊതുവില്‍ അച്ഛനെ നന്നായി അഭിനയിച്ച് കാണിക്കുന്നത്. ഇടയ്ക്ക് ചില ഡയലോഗുകള്‍ പറഞ്ഞുകൊണ്ട് എനിക്ക് വീഡിയോകള്‍ അയച്ചു തരാറുണ്ട്.

മോഹമല്ലിക എന്ന തന്റെ പേര് എങ്ങനെ മല്ലികയായി ചുരുങ്ങി എന്ന കഥയും മല്ലിക സുകുമാരന്‍ പറയുന്നുണ്ട്. 'ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളും ഒരു സഹോദരനുമാണ് ഉള്ളത്. മോഹമല്ലിക, രാഗലതിക, പ്രേമചന്ദ്രിക എന്നായിരുന്നു ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അച്ഛന്‍ പേര് നല്‍കിയത്. കല്യാണം ഒക്കെ കഴിഞ്ഞ് കുറേയായപ്പോള്‍ ഞങ്ങള്‍ മൂന്നുപേരും കൂടി അച്ഛനോട് പേര് മാറ്റം വരുത്തട്ടെ എന്ന് അനുവാദം ചോദിച്ചു. അങ്ങനെ പേരിലെ രാഗവും പ്രേമവും മോഹവുമൊക്കെ പോയിക്കിട്ടി. അങ്ങനെയാണ് ഞാന്‍ വെറും മല്ലികയായത്.' മല്ലിക സുകുമാരന്‍ പറയുന്നു.


Click it and Unblock the Notifications











