പൂര്‍ണ്ണിമയുടെ എഫ്.ബി പോസ്റ്റിന് താഴെ ഇടുന്ന കമന്റിന് പിന്നിലെ രഹസ്യമെന്ത്? വെളിപ്പെടുത്തി മല്ലിക സുകുമാരന്‍
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരന്‍ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.
സിനിമയിലും സീരിയലുകളിലും എത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരന്‍. തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരന്‍ പങ്കുവെക്കാറുണ്ട്.

മരുമക്കളായ പൂര്‍ണ്ണിമയുമായും സുപ്രിയയുമായും നല്ല ബന്ധത്തില്‍ തന്നെയാണ് മല്ലിക. വിവാഹശേഷം മക്കളെ അവരുടെ വഴിയ്ക്ക് വിടുക എന്നതു തന്നെയായിരുന്നു മല്ലികയുടെ തീരുമാനം.
അതേക്കുറിച്ച് മല്ലിക പറയുന്നതിങ്ങനെ' മക്കളുടെയും മരുമക്കളുടെയും കാര്യങ്ങളില്‍ അനാവശ്യമായി ഞാന്‍ ഇടപെടാറില്ല. വിവാഹത്തിനുശേഷം അവരുടെ കാര്യം നോക്കി അധ്വാനിച്ച് ജീവിക്കുന്നു. ഇടയ്‌ക്കൊക്കെ കൊച്ചുമക്കളെ കാണാന്‍ ചെല്ലും. അവരുടെ ഒപ്പം രണ്ടുദിവസം താമസിക്കും, അത്രയുമൊക്കെ മതി. അതല്ലാതെ അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ എനിക്കു താത്പര്യമില്ല. സുകുവേട്ടന്‍ അക്കാര്യമൊക്കെ നേരത്തെ തന്നെ പറഞ്ഞ് ഏല്‍പ്പിച്ചാണ് പോയത്. മക്കളെ അവരുടെ സ്വാതന്ത്ര്യത്തിനു വിടണമെന്നത് അദ്ദേഹത്തിന്റെ കൂടി ആഗ്രഹമായിരുന്നു.
പൂര്‍ണ്ണിമയ്ക്കും സുപ്രിയയ്ക്കും ഭാഗ്യക്കുറി അടിച്ചതാണ്. എന്നെപ്പോലെയൊരു അമ്മായിയമ്മയെ വേറെയെവിടെ കിട്ടും. അതുകൊണ്ട് എല്ലാവരും സ്‌നേഹത്തോടെ തന്നെ പോകുന്നു. വളര്‍ന്നുവരുമ്പോള്‍ ഒരുപക്ഷേ നക്ഷത്രയും അലംകൃതയുമൊക്കെ എന്നെപ്പോലെ തന്നെയാകാം, കാരണം അവര്‍ക്ക് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കാനും പറയാനുമുള്ള കഴിവുണ്ട്.' മല്ലിക പറയുന്നു.

സിനിമയില്‍ സജീവമായിരിക്കുന്നതിനൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ് മല്ലിക സുകുമാരന്‍. മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ മല്ലികയുടെ പോസ്റ്റുകള്‍ക്കും മറുപടികള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. അതേക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക ഇപ്പോള്‍.
പൂര്‍ണ്ണിമയും സുപ്രിയയും ഇടുന്ന ചില പോസ്റ്റുകള്‍ക്കു മാത്രമേ ഞാന്‍ അങ്ങനെ കൗണ്ടര്‍ കമന്റ് ഇടാറുള്ളൂ. എന്റെ തമാശയായിട്ടുള്ള രീതികളെക്കുറിച്ച് അവര്‍ക്ക് നന്നായി അറിയാം. സുപ്രിയ മിക്കപ്പോഴും സീരിയസ് ആയ വിഷയങ്ങളായിരിക്കും പോസ്റ്റ് ചെയ്യുക. അപ്പോള്‍ അതിനുള്ള സാധ്യത കുറവായിരിക്കും. എന്നാല്‍ പൂര്‍ണ്ണിമ പോസ്റ്റ് ചെയ്യുന്ന സാരിയുടെ ചിത്രത്തിനൊക്കെ ഞാന്‍ രസകരമായ കമന്റുകള്‍ ഇടാറുണ്ട്. എനിക്ക് ആ സാരി ഇവിടെ കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് തമാശയ്ക്ക് വേണ്ടിയുള്ള കമന്റുകളാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. അത് മിക്കപ്പോഴും വാര്‍ത്തയും ആകാറുണ്ട്.

ഞാന്‍ അങ്ങനെ തന്നെ കമന്റ് ചെയ്യുമെന്ന് പൂര്‍ണ്ണിമയ്ക്ക് അറിയാം. അമ്മയുടെ കമന്റ് പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞ് അവള്‍ എന്നെ പിന്നീട് വിളിച്ചു സംസാരിക്കാറുമുണ്ട്.
മക്കളും കുടുംബവുമെല്ലാം ഒത്തുകൂടുമ്പോള്‍ ഞങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യാറില്ല. കുഞ്ഞുങ്ങളുടെ കാര്യമായിരിക്കും മിക്കപ്പോഴും പറയുക. അവരുടെ കളിചിരികളും തമാശകളും പഠനക്കാര്യവുമൊക്കെയായിരിക്കും മിക്കപ്പോഴും ചര്‍ച്ച ചെയ്യുക. പിന്നെ ചിലപ്പോഴൊക്കെ പുതിയ സിനിമകളെക്കുറിച്ചൊക്കെ ചോദിക്കാറുണ്ട്. അത്രമാത്രം. മക്കള്‍ക്ക് സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. അവര്‍ക്ക് കാര്യങ്ങളെല്ലാം നന്നായി ചെയ്യാനറിയാം. നമ്മളുടെ ഭാഗത്ത് നിന്നുള്ള ഉപദേശമൊന്നും ഇപ്പോള്‍ ആവശ്യമില്ല.' മല്ലിക സുകുമാരന്‍ പറയുന്നു.


Click it and Unblock the Notifications











