ആരെങ്കിലും പിടിച്ചുകൊണ്ടു പോയോ?പൃഥ്വിയെ കുറിച്ചുള്ള ആശങ്ക, ആ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് മല്ലിക
അടുത്ത കാലത്ത് മലയാള സിനിമ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു അമ്മയാണ് മല്ലിക സുകുമാരൻ. സ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും മല്ലിക മികച്ച അമ്മ തന്നെയാണ്. ലോക്ക് ഡൗൺ കാലത്ത് തിരുവനന്തപുരത്തെ വീട്ടിൽ ഒറ്റയ്ക്കാണിവർ. മൂത്ത മകൻ ഇന്ദ്രജിത്ത് കൊച്ചിയിലാണെങ്കിലും ലോക്ക് ഡൗൺ ആയതുകൊണ്ട് എത്തിപ്പെടാൻ സാധിക്കില്ല. എന്നാൽ ഇളയ മകൻ പൃഥ്വിരാജ് ജോർദാനിലാണ്.
ആടു ജീവിതത്തിന്റെ ഷൂട്ടിങ്ങനായി ഫെബ്രുവരി 29 നാണ് പൃഥ്വി ജോർദാനിലേയ്ക്ക് പോയത്. എന്നാൽ ഷൂട്ടിങ്ങ് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനെ തുടർന്നായിരുന്നു രാജ്യങ്ങൾ ലോക്ക് ഡൗണിലേയ്ക്ക് നീങ്ങിയത്. വിമാന സർവീസുകൾ ഉൾപ്പെടെ റദ്ദാക്കിയതിനെ തുടർന്ന് ജോർദാനിലെത്തിയ പൃഥ്വിയും സംഘവും അവിടെ കുടുങ്ങി പോകുകയായിരുന്നു. ആട് ജീവിതത്തിലെ നജീബാകാൻ വേണ്ടി പൃഥ്വി എടുത്ത കഠിന പ്രയത്നം മലയാളി പ്രേക്ഷകർ ലൈവായി കണ്ടതാണ്. എന്നാൽ ഇത് ഏതൊരു അമ്മയ്ക്കും സഹിക്കുന്നതിന് അപ്പുറമായിരുന്നു?. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ മകനെ കുറിച്ചുളള ആധി പങ്കുവെയ്ക്കുകയാണ് ഈ അമ്മ

നജീബാകാൻ വേണ്ടി മൂന്ന് മാസം കൊണ്ട് പൃഥ്വിരാജ് കുറച്ച് 17 കിലോയോളമായിരുന്നു. പെട്ടെന്ന് ശരീരഭാരം കുറയുന്നത് പ്രതിരോധ ശക്തിയെ ബാധിച്ചേക്കിമെന്ന് മല്ലികയുടെ സഹോദരനും പ്രശസ്ത ഡോക്ടറുമായ എംവി പിള്ള മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോട് കൂടി ആശങ്ക കൂടുകയായിരുന്നു. ഭാരം കുറച്ചതോട പൃഥ്വിയ്ക്ക് ക്ഷീണവും ഉണ്ടാകാൻ തുടങ്ങി.

മരുഭൂമിയിലാണ് ചിത്രീകരണം നടക്കുന്നത്. പകൽ എല്ലാവരും ഷൂട്ടിങ് നടക്കുന്ന മരുഭൂമിയിലേക്കു പോകും. രാത്രി എട്ടിനു റിസോർട്ടിൽ തിരികെ എത്തും. അതുവരെ ഇവരെ കുറിച്ച് ഒരു വിവരവും അറിയാൻ സാധിക്കുമായിരുന്നില്ല. അപ്പോഴേക്കും ഇന്ത്യൻ സമയം അർധരാത്രി ആയിരിക്കും. ആദ്യ ഘട്ടത്തിൽ പൃഥ്വിയെ വാട്സ് ആപ്പിൽ കിട്ടിയിരുന്നില്ല.വല്ലപ്പോഴും ഫോണിൽ കിട്ടുന്ന വിവരങ്ങൾ ഭാര്യ സുപ്രിയ അമ്മയെ അറിയിക്കുമായിരുന്നു. കുറെക്കഴിഞ്ഞപ്പോൾ പൃഥിയെ വാട്സാപ്പിൽ കിട്ടി തുടങ്ങി- മല്ലിക സുകുമാരൻ മനോരമ ഓൺലൈനോട് പറഞ്ഞു.

ഒരു ദിവസം രാവിലെ ടിവി വാർത്ത കണ്ടു മല്ലികയ്ക്കു വീണ്ടും ആശങ്കയായി, - പൃഥ്വിരാജ് കുടുങ്ങി എന്ന് കണ്ടപ്പോൾ മകനെ ആരോ പിടിച്ചു കൊണ്ട് പോയെന്നാണ് വിചാരിച്ചത്. . തനിച്ചിരിക്കുന്ന അമ്മമാരുടെ മനസ്സിൽ ആദ്യം വരിക നെഗറ്റീവ് ചിന്തകളായിരിക്കുമെന്നു മല്ലിക പറയുന്നു. പിന്നീട് ജോർദാനിൽ ചിത്രീകരണം മുടങ്ങിയെന്ന് വാർത്ത അറിഞ്ഞതോടെ ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളുമുണ്ടോ എന്ന കാര്യത്തിലായി ആശങ്ക. എന്നാൽ വിമാനം ഇല്ല എന്ന് ഒഴികെ വേറെ പ്രശ്നമൊന്നുമില്ല എന്ന് പൃഥ്വി അറിയിച്ചതോടെ അൽപം ആശ്വാസമാകുകയായിരുന്നു എന്ന് മല്ലിക അഭിമുഖത്തിൽ പറഞ്ഞു.ഇന്ദ്രജിത്തിന്റെ ഫോണിലേക്കു ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ നൂറുകണക്കിനു വിളികൾ വന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനും അടിയന്തര ഇടപെടൽ നടത്തി എന്നൊക്കെ അറിയുകയും ചെയ്തതോടെ വീണ്ടും ആധിയായി. താനറിയാതെ മകന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? തന്നോടു സത്യം മറച്ചു വച്ചിരിക്കുന്നതാണോ? എന്നൊക്കെയായി ചിന്ത. അപ്പോഴെയ്ക്കും മോഹൻലാൽ വിളിച്ചു. അര മണിക്കൂറോളം സംസാരിച്ചു. ഉള്ളിലുള്ള വിഷമങ്ങളെല്ലാം ആളോട് പറഞ്ഞു. ലാൽ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് സുരേഷ് ഗോപിയും ജയറാമും മണിയൻപിള്ള രാജുവും കെപിഎസി ലളിതയും സിദ്ദിഖുമൊക്കെ വിളിച്ചു. ലാലും സുരേഷ് ഗോപിയും ജോർദാനിലുള്ളവരുമായി സംസാരിച്ചിരുന്നു എന്ന് അറിഞ്ഞു. കേന്ദ്രമന്ത്രി വി മുരളിധരനും തന്നെ വിളിച്ചിരുന്നു. പ്രതിസന്ധിഘട്ടത്തിൽ പിന്തുണച്ച എല്ലാവരേടും ഈ അമ്മ നന്ദി പറയുകയും ചെയ്തു


Click it and Unblock the Notifications











