'ഇനിയില്ല.... വയ്യ....', 'ഒടുവിലായി ഒരു നോട്ടം നോക്കി'; സുകുമാരന്റെ അവസാന നിമിഷങ്ങളെ കുറിച്ച് മല്ലിക സുകുമാരൻ!
ജീവിതത്തിലും സിനിമയിലും യാതൊരു തരത്തിലുള്ള ബന്ധനങ്ങളും ഇഷ്ടപ്പെടാത്ത നടൻ സുകുമാരൻ ഓർമയായിട്ട് ഇരുപത്തിയഞ്ച് വർഷം തികയുന്നു. ഒരു തലമുറയുടെ ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. ആരുടെ മുന്നിലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ അന്നത്തെ യുവതലമുറ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്.
ഭാഷയിലുള്ള കൈയടക്കമാണ് സുകുമാരനെ വ്യത്യസ്തനാക്കിയത്. ചടുലമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം കാണികളെ ആവേശഭരിതരാക്കി. പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് സുകുമാരൻ.
മലയാള സിനിമ മരംചുറ്റി പ്രേമങ്ങളിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന കാലത്താണ് നിഷേധിയായ ഒരു ചെറുപ്പക്കാരൻ കടന്നുവന്ന് വെള്ളിത്തിര കീഴടക്കിയത്. 1948 മാർച്ച് 18ന് മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് സുകുമാരൻ ജനിച്ചത്.
പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സുകുമാരൻ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കാൻ ചേർന്നു.
അവിടെനിന്ന് സ്വർണ്ണ മെഡലോടെയാണ് അദ്ദേഹം പാസായത്. തുടർന്ന് കാസർഗോഡ് ഗവൺമെന്റ് കോളജിലടക്കം അധ്യാപകനായി ജോലി ചെയ്തു.

സുകുമാരന്റെ ഓർമകളിലാണ് മലയാള സിനിമയും താരത്തിന് പ്രിയപ്പെട്ടവരും. മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരും സുകുമാരനെ അനുസ്മരിച്ചു. 'അച്ഛൻ 25 വർഷങ്ങൾ' എന്നാണ് പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ കുറിച്ചത്. പെട്ടന്നുള്ള മരണമായിരുന്നു സുകുമാരന്റേത്.
അതിനാൽ തന്നെ മലയാള സിനിമയ്ക്കും കലയെ സ്നേഹിക്കുന്നവർക്കും അത് വലിയ ഷോക്കായി. സുകുമാരന്റെ അവസാന നിമിഷങ്ങളെ കുറിച്ച് ഭാര്യയും നടിയുമായ മല്ലികാ സുകുമാരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
1997 ജൂൺ 16ന് ആണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അതിന് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കുടുംബത്തിനൊപ്പം മൂന്നാറിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.

'മൂന്നാറിനപ്പുറം കാന്തല്ലൂരിൽ ഞങ്ങൾക്കൊരു ഫാം ഹൗസുണ്ട്. ഇന്ദ്രന്റെ അഡ്മിഷനൊക്കെ കഴിഞ്ഞ് ഞങ്ങൾ അവിടെ അവധി ആഘോഷിക്കുകയായിരുന്നു. ഒരു ദിവസം രാവിലെ പുറം വേദനയെന്ന് പറഞ്ഞു.'
'തണുപ്പിന്റെ ആണെന്ന് കരുതി മരുന്ന് തേച്ചുകൊടുത്തു. എന്നിട്ട് അവിടെന്ന് വീട്ടിലേക്ക് പോന്നു. വരുന്ന വഴി വളരെ അസ്വസ്ഥത തോന്നിയതിനാൽ എറണാകുളത്ത് സുഹൃത്തായ ഡോക്ടറുടെ അടുത്ത് കേറി കാണിച്ചു.'
'ഇസിജിയിൽ വേരിയേഷൻ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി.'

'മൂന്ന് ദിവസം കഴിഞ്ഞപ്പോ ആൾ ഒക്കെയായി. റൂമിലേക്ക് മാറ്റി. നാലാം ദിവസം ഉച്ചകഴിഞ്ഞ് അമ്മ വന്ന് അമ്മയ്ക്ക് ഒപ്പം ഭക്ഷണം കഴിച്ചു. കുറച്ച് കഴിഞ്ഞ് വേദന കൂടി വീണ്ടും ഐസിയുവിലേക്ക് മാറ്റി. വീൽ ചെയറിൽ ഐസിയുവിലേക്ക് മാറ്റുന്ന നേരം അത്രയും നേരം തല താഴ്ത്തി ഇരുന്നയാൾ തലയുയർത്തി ഇനിയില്ല.. വയ്യ എന്ന് എന്നെ നോക്കി കാണിച്ചു.'
'അപ്പോൾ എനിക്ക് ഒന്നും മനസിലായില്ല. പിന്നീടാണ് മനസിലായത്.... രണ്ട് മിനിറ്റ് കഴിഞ്ഞിട്ടുണ്ടാകണം... അപ്പോഴേക്കും ഇന്ദ്രൻ വന്ന് പറഞ്ഞു അച്ഛൻ പോയെന്ന്... അതായിരുന്നു അവസാന നിമിഷങ്ങൾ' മല്ലികാ സുകുമാരൻ പറഞ്ഞു.
സുകുമാരന് സാധിക്കാത്തതെല്ലാം മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ചേർന്ന് ഇന്ന് മലയാള സിനിമയിൽ നേടി കൊടുക്കുകയാണ്.
Recommended Video

ഉത്തരായനം, അവളുടെ രാവുകൾ, വളർത്ത് മൃഗങ്ങൾ, ധീര, സ്ഫോടനം, ആറാട്ട്, ശാലിനി എന്റെ കൂട്ടുകാരി, വാടകവീട്, കലിക, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ബന്ധനം, വാടകക്ക് ഒരു ഹൃദയം, അണിയാത്ത വളകൾ, ഒരു സി.ബി.ഐ.ഡയറി കുറിപ്പ്, ആവനാഴി, ജാഗ്രത, ഉത്തരം, ആഗസ്റ്റ് 1 തുടങ്ങിയവയാണ് സുകുമാരന്റെ പ്രധാന സിനിമകൾ.
ബന്ധനത്തിലെ അഭിനയത്തിന് സുകുമാരന് 1978ൽ സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ഇരുന്നൂറ്റമ്പതോളം വേഷങ്ങളെ അനശ്വരമാക്കി ഈ ലോകത്ത് നിന്ന് പോകുമ്പോൾ 49 വയസ് മാത്രമായിരുന്നു സുകുമാരന്റെ പ്രായം.


Click it and Unblock the Notifications