പത്രത്തില്‍ ഫോട്ടോ വരണം, മഞ്ജു വാര്യരില്‍ നിന്നും അവാര്‍ഡ്! അമ്മ കണ്ട സ്വപ്‌നങ്ങളൊക്കെ സാധിച്ചുവെന്ന് മമിത
പ്രേമലുവിലെ റീനു, നടി മമിത ബൈജുവിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ കഥാപാത്രമാണത്. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും തെന്നിന്ത്യന്‍ സിനിമാലോകത്തും വലിയ പ്രശംസ നേടി കൊടുക്കാന്‍ സിനിമയ്ക്ക് സാധിച്ചു. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി.
അതേ സമയം തന്റെ കരിയറിനെ പറ്റി സ്വപ്‌നം കണ്ടത് അമ്മയാണെന്നാണ് നടി പറയുന്നത്. ചെറുപ്പത്തില്‍ മാതാപിതാക്കളെ പോലെ ഡോക്ടര്‍ ആവണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പതിയെ അഭിനയത്തിലേക്ക് എത്തി. ഒടുവില്‍ അമ്മ ആഗ്രഹിച്ചതൊക്കെ എന്റെ ജീവിതത്തില്‍ നടന്നുവെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മമിത പറയുന്നു.

'അമ്മയാണ് എന്നെ കലാരംഗത്തേക്ക് പിച്ചവെപ്പിച്ചത്. ചെറുപ്പത്തില്‍ ഡാന്‍സും പാട്ടും പഠിക്കണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. പക്ഷേ അമ്മയ്ക്ക് അതിന് സാധിച്ചില്ല. അതുകൊണ്ടാവും എന്നെ ഈ രംഗത്തേക്ക് കൊണ്ടുവന്നത്. മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. പിന്നീട് അങ്ങോട്ട് ഹയര്‍സെക്കന്‍ഡറി വരെ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്തു. ഡാന്‍സ്, മോണോആക്ട്, പ്രസംഗം, എന്നീ ഇനങ്ങളില്‍ ആയിരുന്നു ഞാന്‍ മത്സരിച്ചത്.
ഈ രംഗത്തേക്ക് വരാന്‍ കുടുംബത്തിന്റെ മൊത്തം സപ്പോര്‍ട്ട് ഉണ്ടെങ്കിലും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് അമ്മയാണ്. അമ്മയ്ക്ക് സാധിക്കാതെ പോയ ആഗ്രഹങ്ങള്‍ ആയിരുന്നു എന്നിലൂടെ അമ്മ സാധിച്ചത്. എനിക്ക് ഡാന്‍സിന് സമ്മാനം കിട്ടണമെന്നും ആ ഫോട്ടോ പത്രത്തില്‍ അച്ചടിച്ച് വരണമെന്നും അമ്മ ആഗ്രഹിച്ചു. സ്‌കൂള്‍ യുവജനോത്സവത്തിലൂടെ അത് നടന്നു.
പിന്നീട് മഞ്ജു വാര്യരില്‍ നിന്ന് ഞാനൊരു അവാര്‍ഡ് വാങ്ങണമെന്ന് അമ്മയുടെ ആഗ്രഹമായിരുന്നു. മഴവില്‍ മനോരമയിലൂടെ അതും സാധിച്ചു. വനിതയുടെ കവര്‍ ഫോട്ടോയായി എന്റെ ചിത്രം വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. കാരണം വര്‍ഷങ്ങളായി അമ്മ വനിതയുടെ സ്ഥിരം വായനക്കാരിയാണ്. ഇപ്പോഴിതാ വനിതയിലൂടെ അതും സാധിച്ചു. യഥാര്‍ത്ഥത്തില്‍ ഇതൊക്കെ എന്റെ അമ്മ കുട്ടിക്കാലത്തെ കൊതിച്ചിരുന്ന കാര്യങ്ങളാണ്... മമിത പറയുന്നു.
ഞാന്‍ ആദ്യമായി അഭിനയിക്കുന്നത് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. സര്‍വ്വോപരി പാലക്കാരന്‍ എന്ന സിനിമയിലൂടെയായിരുന്നു. പിന്നീട് പത്തിലേറെ സിനിമകളില്‍ അഭിനയിച്ചു. പ്രേമലു ആണ് എനിക്ക് തെന്നിന്ത്യന്‍ നടി എന്ന ഇമേജ് തന്നത്.

ഒരു സിനിമയില്‍ അഭിനയിച്ചിട്ട് വന്നാല്‍ പിന്നെ രണ്ട് ആഴ്ചയെങ്കിലും ഞാന്‍ ആ കഥാപാത്രത്തെ പോലെ തന്നെയാണെന്ന് വീട്ടുകാരും സുഹൃത്തുക്കളും പറയാറുണ്ട്. ആലോചിച്ചപ്പോള്‍ അത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. പ്രേമലുവിലെ റീനു ഇപ്പോഴും കൂടെയുള്ളത് പോലൊരു തോന്നലുണ്ട്.
ഇപ്പോള്‍ തന്നെ മനസ്സിലുള്ള ആഗ്രഹത്തെ കുറിച്ചും മമിത പറഞ്ഞു. ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് ചോദിച്ചാല്‍ വീണ്ടും എല്‍കെജി ക്ലാസില്‍ പോയിരുന്നു പഠിക്കണമെന്നാണ്. അത് നടക്കില്ലെന്ന് അറിയാം. എന്നാലും ആഗ്രഹിക്കാമല്ലോ. ചെറിയ കാര്യങ്ങളില്‍ സങ്കടപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരാളാണ് താനെന്നും' നടി കൂട്ടിച്ചേര്‍ത്തു.
ചെറിയ റോളുകളില്‍ അഭിനയിച്ച് തുടങ്ങിയ നടിയാണ് മമിത ബൈജു. സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലായിരുന്നെങ്കിലും സിനിമയിലേക്ക് തന്നെ ചുവടുറപ്പിക്കാന്‍ സാധിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ പ്രേമലു മലയാളത്തിലും തെലുങ്കിലും ഒരുപോലെ തരംഗമായി മാറിയിരുന്നു. പിന്നാലെ തമിഴിലേക്ക് കൂടി അരങ്ങേറ്റം കുറിക്കുകയാണ് നടി.


Click it and Unblock the Notifications